twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയസൂര്യ പിന്മാറിയത്, മഞ്ജുവിന്റെ വേഷം, രാജേഷ് പിള്ളയുടെ സൂക്ഷ്മത: 'വേട്ട' വിശേഷങ്ങളുമായി അരുണ്‍ലാല്‍

    By Aswini
    |

    മിലി എന്ന ചിത്രത്തിന് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന, റാണി പദ്മിനിയ്ക്ക് ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന, കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും തുല്യ പ്രധാന്യ വേഷത്തിലെത്തുന്ന വേട്ട എന്ന ചിത്രമാണ് 2016ല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ഒരു ചിത്രം.

    10.30 am ലോക്കല്‍ കോള്‍, താങ്ക്യു, ഹാപ്പി ജേര്‍ണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ലാല്‍ രാമചന്ദ്രന്‍ തിരക്കഥയെഴുതുന്ന വേട്ട. ഇന്ന് (ജനുവരി 14) അരുണ്‍ലാലിന്റെ ജന്മദിനം കൂടെയാണ്. വേട്ട എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് അരുണ്‍ലാല്‍ ഫില്‍മിബീറ്റിനോട് സംസാരിക്കുന്നു.

    arunlal-ramachandran

    ? എവിടെവരെയായി വേട്ട
    വേട്ട, പത്ത് ദിവസം മുമ്പേ ഷൂട്ടിങ് പൂര്‍ത്തിയായി. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിയിലാണ്. ഫെബ്രുവരി പകുതിയോടെ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.

    ? ട്രാഫിക്കിലൂടെ മലയാള സിനിമയ്ക്ക് പുതിയ വഴിവെട്ടിയ സംവിധായകനാണ് രാജേഷ് പിള്ള. എങ്ങനെയായിരുന്നു അദ്ദേഹത്തിനൊപ്പമുള്ള എക്‌സ്പീരിയന്‍സ്
    ക്വാളിറ്റിയില്‍ ഒരു കോംപ്രമൈസും ചെയ്യാന്‍ തയ്യാറാവാത്ത ആളാണ് രാജേഷേട്ടന്‍. സമയക്രമം അദ്ദേഹത്തിന്റെ നിഘണ്ടുവിലേ ഇല്ല. എത്ര സമയമെടുത്ത് ചെയ്താലും ക്വാളിറ്റി ഉണ്ടായിരിക്കണം എന്ന് നിര്‍ബന്ധമാണ്. നമ്മള്‍ പിന്തുടരുന്ന വഴികളില്‍ നിന്നെല്ലാം മാറിയാണ് അദ്ദേഹം സഞ്ചരിയ്ക്കുന്നത്. ഒരു സീന്‍ നന്നായോ എന്നതിനപ്പുറം, ആ രംഗത്തെ ഡയലോഗ് നന്നായോ, എത്രത്തോളമാണ് അതിന്റെ ഡെപ്ത് എന്നൊക്കെ വളരെ സൂക്ഷമമായി പരിശോധിയ്ക്കും. ഒരു ഡയലോഗ് എഴുതുമ്പോഴൊക്കെ ഞങ്ങള്‍ ഒരുപാട് ഇരുന്ന് ആലോചിക്കും. വളരെ ഫ്രണ്ട്‌ലിയാണ്. രാജേഷേട്ടനൊപ്പം സിനിമ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷം മാത്രം.

    ? വേട്ട എന്ന് പേര് കേള്‍ക്കുമ്പോള്‍ അറിയാം അതിന് സമൂഹത്തോട് എന്തോ വളരെ പ്രധാന്യമുള്ള കാര്യം പറയാനുണ്ടെന്ന്. എന്താവും അത്?
    അത് പറഞ്ഞാല്‍ എന്റെ കുടുംബം പട്ടിണിയാവില്ലേ (ഒന്ന് ചിരിച്ചു). എന്നിരുന്നാലും സിനിമയെ കുറിച്ച് പറയുകയാണെങ്കില്‍ പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഒരു ത്രില്ലര്‍ എലമെന്റ് ചിത്രത്തിലുണ്ട്. കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ഇന്ദ്രജിത്തും അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങള്‍ക്ക് ഓരോ ഇമോഷണല്‍ ബാക്ക്ഗ്രൗണ്ട് ഉണ്ട്. ഒരു കേസാണ് ഈ മൂന്ന് കഥാപാത്രങ്ങളെയും തമ്മില്‍ ബന്ധപ്പിയ്ക്കുന്നത്. സത്യത്തില്‍ ഇതൊരു യഥാര്‍ത്ഥ സംഭവകഥയാണ്. ഒരു പത്രവാര്‍ത്തയില്‍ നിന്നാണ് വേട്ട എന്ന ചിത്രമുണ്ടാവുന്നത്. ആ വാര്‍ത്ത എന്തായിരുന്നു എന്ന് സിനിമ കണ്ട് കഴിയുമ്പോള്‍ പ്രേക്ഷകര്‍ക്ക് തിരിച്ചറിയാന്‍ സാധിയ്ക്കും.

    arunlal-ramachandran

    സിനിമ ഒരു സൈക്കോളജി ത്രില്ലര്‍ കാറ്റഗറിയില്‍ പെട്ടതാണോ?
    അതെ സൈക്കോളജി ത്രില്ലറാണ്. നേരത്തെ പറഞ്ഞതുപോലെ, ഈ മൂന്ന് കഥാപാത്രങ്ങളുടെയും മാനസിക സംഘര്‍ഷത്തിലൂടെയൊക്കെയാണ് സിനിമ കടന്നു പോകുന്നത്. അതില്‍ കൂടുതല്‍ കാര്യങ്ങളൊന്നും സിനിമയെ കുറിച്ച് പറയാന്‍ കഴിയില്ല. ഓരോന്നും പരസ്പരബന്ധമാണ്. നേര്‍ത്തൊരു നൂലിഴയിലൂടെയാണ് സഞ്ചരിയ്ക്കുന്നത്. ഇനിയും പറഞ്ഞാല്‍ ഞാനറിയാതെ കഥ പുറത്തുവരും.


    ? ട്രാഫിക്കില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു രാജേഷ് പിള്ളയുടെ മിലി. വേട്ടയിലെത്തുമ്പോള്‍ അതെങ്ങനെയാണ്

    ഓരോ സിനിമയും തൊട്ടു മുമ്പിലത്തെ സിനിമയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കണം എന്ന് ചിന്തിക്കുന്നയാളാണ് രാജേഷേട്ടന്‍. എനിക്കോര്‍മയുണ്ട്, ട്രാഫിക്കില്‍ നിന്ന് മിലിയിലേക്കെത്തിയപ്പോള്‍ പലരും പറഞ്ഞു അതേ ഒരു ട്രാക്കിലാവും അടുത്ത ചിത്രമെന്നും. പക്ഷെ അതിന് അദ്ദേഹത്തിന് കഴിയില്ല. വാസ്തവത്തില്‍ ട്രാഫിക് കഴിഞ്ഞ സമയത്താണ് ഞങ്ങള്‍ ഒരുമിച്ചൊരു പ്രജക്ട് ചെയ്യണം എന്ന് തീരുമാനിയ്ക്കുന്നത്. നമുക്കൊന്നിച്ചൊരു ചിത്രം ചെയ്യാം എന്ന് പറഞ്ഞു. വളരെ സ്പീടുള്ളൊരു കഥയായിരിക്കണം എന്നും, പ്രേക്ഷകര്‍ക്ക് ഒരു നിമിഷം പോലും ബോറടിക്കാന്‍ പാടില്ല എന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്. ആ ഇന്‍സ്പിരേഷനില്‍ നിന്നാണ് വേട്ടയ്ക്ക് എഴുതി തുടങ്ങുന്നത്. അന്ന് മുതല്‍ ആ പത്രവാര്‍ത്തയും ശ്രദ്ധിച്ചിരുന്നു. മിലിയില്‍ നിന്നൊക്കെ വ്യത്യസ്തമായൊരു ലെവല്‍ സൈക്കോ ത്രില്ലറാണ് ചിത്രം

    arunlal-ramachandran

    ? മഞ്ജു വാര്യര്‍ എന്ന നടിയെ ശ്രീബാല എന്ന ഐപിഎസ് ഓഫീസറാക്കിയതിന് പിന്നില്‍
    ഒരു ലേഡി പൊലീസ് ഓഫീസര്‍ എന്നൊക്കെ പറയുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ആദ്യം വരുന്നത് ഷൗട്ട് ചെയ്യുന്ന, വളരെ അരഗന്റായ, ശക്തമായ തീരുമാനങ്ങളൊക്കെ എടുക്കുന്ന ആളെയാണ്. പക്ഷെ അതില്‍ നിന്നൊക്കെ വ്യത്യസ്തയായ ഒരു ഐപിഎസ് ഓഫീസറെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒരു ഐപിഎസ് ഓഫീസറുടെ കഥ പറയുമ്പോള്‍ ഒരു കേസും അതിനെ ചുറ്റിപ്പറ്റിയ കാര്യങ്ങളുമാണ് സാധാരണ ഉണ്ടാവുക. ഇവിടെ ശ്രീലാബലയുടെ ഔദ്യോഗിക ജീവിതത്തിനപ്പുറം വ്യക്തി ജീവിതത്തെ കുറിച്ചും പറയുന്നുണ്ട്. അവര്‍ക്കും ഒരു വീടുണ്ട്, അച്ഛനുണ്ട്, കഥയുണ്ട്. അച്ഛനും മകളും തമ്മിലുള്ള ഒരു ബന്ധവും കാണാം.

    മഞ്ജു വാര്യര്‍ എന്ന് വ്യക്തിയെ കുറിച്ച് പറയുകയാണെങ്കില്‍, വളരെ ഡൗണ്‍ ടു ഏര്‍ത്ത് ആണ്. രാജേഷേട്ടന്റെ ഫഌറ്റില്‍ കഥ കേള്‍ക്കാന്‍ വരുമ്പോഴാണ് ഞാനാദ്യമായി മഞ്ജു ചേച്ചിയെ കാണുന്നത്. കഥ കേട്ട ശേഷം 'യസ് ഓര്‍ നോ' പറയും എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ മഞ്ജു ചേച്ചി കഥ കേള്‍ക്കാന്‍ ഇരിക്കുന്നത് ഒരു നോട്ട് പാടൊക്കെ എടുത്തു വച്ചിട്ടാണ്. കഥ കേട്ടിട്ട് ഓരോ കാര്യത്തിലുമുള്ള സംശയം ചോദിയ്ക്കും. ഓരോ കഥാപാത്രത്തിന്റെയും പോയിന്റ് ഓഫ് വ്യു നോക്കും. ഈ രീതി ഞാന്‍ കണ്ടിട്ടുള്ളത് ശ്രീനിവാസനിലാണ്. ലൊക്കേഷനിലും വളരെ കൂളാണ് അവര്‍. തമാശ പറയുന്നതും ഭക്ഷണം കഴിക്കുന്നതുമൊക്കെ നമുക്കൊപ്പമിരുന്ന് വളരെ ഫ്രണ്ട്‌ലിയായിട്ടാണ്.

    ? ജയസൂര്യയ്ക്ക് വച്ച വേഷമാണ് ഇന്ദ്രജിത്തിലെത്തിയത്. ഭാമയുടെ വേഷം കാതല്‍ സന്ധ്യയും. എന്തായിരുന്നു അതിന് കാരണം. മറ്റ് കഥാപാത്രങ്ങള്‍
    ആദ്യം ഈ സിനിമ ചാക്കോച്ചനെയും ജയസൂര്യയും മാത്രം വച്ച് ചെയ്യാനായിരുന്നു തീരുമാനിച്ചത്. പിന്നീടാണ് ഒരു ലേഡി ഓഫീസറും കൂടെ ഉണ്ടെങ്കിലോ എന്ന ചിന്തയിലെത്തിയതും മഞ്ജു ചേച്ചിയെ സമീപിച്ചതും. എന്നാല്‍ വേട്ടയുടെ ഷൂട്ട് പറഞ്ഞ സമയത്ത് ആരംഭിയ്ക്കാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും ജയന് സു സു സുധി വാത്മീകത്തിലേക്ക് കടക്കേണ്ടി വന്നു. അത് അറിയാമല്ലോ, വളരെ എഫേര്‍ട്ട് എടുത്ത് ചെയ്യേണ്ട കഥാപാത്രമായിരുന്നു സുസുവിലേത്. രണ്ടും ഒരുമിച്ച് ചെയ്യാന്‍ കഴിയില്ല. അങ്ങനെയാണ് ജയസൂര്യയ്ക്ക് പകരും ഇന്ദ്രജിത്ത് എത്തുന്നത്. ഭാമയുടെ കാര്യം ഡേറ്റിലെ പ്രശ്‌നം മാത്രമാണ്.

    arunlal-ramachandran

    ജയസൂര്യ പോയതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ടായിരുന്നു. പക്ഷെ പകരം വന്ന ഇന്ദ്രജിത്തിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. കഥാപാത്രത്തിന് വേണ്ടി അത്രയും എഫേര്‍ട്ട് എടുക്കുന്ന അഭിനേതാവാണ്. സമയം കിട്ടുമ്പോഴൊക്കെ രാജേഷേട്ടന്റെ ഫഌറ്റില്‍ വരും, സിനിമയെ കുറിച്ച് ചര്‍ച്ചചെയ്യും. നമുക്കവിടെ ഇങ്ങനെ പറയാം അങ്ങനെ പറയാം എന്നൊക്കെ സംസാരിക്കും. സത്യം പറഞ്ഞാല്‍ കഥകേട്ടതുമുതല്‍ ഇന്ദ്രന്‍ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് കഴിഞ്ഞിരുന്നു. ഇന്ദ്രജിത്ത് ആയാലും മഞ്ജു ചേച്ചി ആയാലും ചാക്കോച്ചനായാലും മത്സരിച്ച് അഭിനയിക്കുന്നതാണ് കണ്ടത്. നല്ലൊരു ടീം വര്‍ക്കുമുണ്ട്. ക്യാമറമാന്‍ അനീഷ് ലാല്‍ ആയാലും എഡിറ്റിങ് ചെയ്ത അഭിലാഷ് ആയാലും എല്ലാരും വളരെ ഫ്രണ്ട്‌ലിയായിരുന്നു

    ? അരുണ്‍ലാല്‍ രാമചന്ദ്രന്‍ എന്ന സിനിമാക്കാരനെ കുറിച്ച് പറയുകയാണെങ്കില്‍.
    വലിയ സിനിമാക്കാരനൊന്നുമല്ല, പക്ഷെ മനസ്സില്‍ എന്നും സിനിമയുണ്ട്. ഞാന്‍ ജേര്‍ണലിസം കഴിഞ്ഞതാണ്. കൈരളി ടിവിയില്‍ വര്‍ക്ക് ചെയ്യുമ്പോഴും സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യണം എന്ന് തന്നെയായിരുന്നു ആഗ്രഹം. അങ്ങനെയാണ് ഷാജി കൈലാസിന്റെ റെഡ് ചില്ലീസ് എന്ന ചിത്രത്തില്‍ അസിസ്റ്റന്റായി എത്തിയത്. സംവിധാനം തന്നെയായിരുന്നു ലക്ഷ്യം. ഒരു തിരക്കഥാകൃത്താവണം എന്നോ, ഈ വഴി സഞ്ചരിക്കണമെന്നോ ആഗ്രഹിച്ചതേയല്ല. പിന്നെ ജീവിതം നമ്മള് വരയ്ക്കുന്ന വരയിലല്ലല്ലോ. എഴുതി തുടങ്ങിയപ്പോള്‍ അത് ആസ്വദിക്കാന്‍ കഴിഞ്ഞു.

    ? സിനിമയില്‍ എഴുത്തുകാര്‍ക്ക് പ്രാധാന്യം നല്‍കുന്നില്ല എന്ന് പലരും അഭിപ്രായപ്പെടുന്നു. താരങ്ങളെ അടിസ്ഥാനമാക്കിയാണ്, അവര്‍ക്കാണ് പ്രധാന്യം നല്‍കുന്നത് എന്നൊക്കെയാണ് വാദം. അത് ശരിവയ്ക്കുന്നുണ്ടോ
    ഞാനതില്‍ വിശ്വസിക്കുന്നില്ല. അങ്ങനെ ഒരു പദവി ആരും നല്‍കേണ്ടതല്ല, നമ്മള്‍ ഉണ്ടാക്കി എടുക്കേണ്ടതാണ്. നമ്മള്‍ ചെയ്യുന്ന ജോലിയാണ് പ്രധാന്യം. അത് എത്രത്തോളം ആത്മാര്‍ത്ഥമായി ചെയ്യുന്നുവോ അതിന്റെ റിസള്‍ട്ട് ലഭിയ്ക്കും. എന്തിനാണ് അത്തരം പദവികള്‍ ആഗ്രഹിയിക്കുന്നത്. ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം പ്രേക്ഷകരും തിയേറ്ററിലെത്തി സിനിമ കാണുകയും അതിനെ വിലയിരുത്തുകയും ചെയ്യുന്നത് അഭിനേതാക്കളെ നോക്കി മാത്രമല്ല. ഡിഒപി നന്നായിരുന്നു, പാട്ട് നന്നായിരുന്നു, എഴുത്ത് നന്നായിരുന്നു എന്നൊക്കെ പ്രേക്ഷകര്‍ പറയാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാം നോക്കിയാണ് ഒരു സിനിമ കാണുന്നത്. ഇന്നത്തെ കാലത്ത് കഴിവുള്ള ഒരു ടെക്‌നീഷ്യന്മാരും മുങ്ങിപ്പോകുന്നില്ല എന്ന് തന്നെയാണ് ഞാന്‍ വിശ്വസിയ്ക്കുന്നത്.

    ? അത് ഒരു എഴുത്തുകാരന് എത്രത്തോളം വെല്ലുവിളിയാണ്
    തീര്‍ച്ചയായും വെല്ലുവിളിയാണ്. ഒപ്പം ഉത്തരവാദിത്വവുമാണ്. പൊള്ളയായ കഥകള്‍ക്കൊന്നും ഇന്നത്തെ പ്രേക്ഷകരുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ ഇത്രത്തോളം ലൈവായ സാഹചര്യത്തില്‍. പിന്നെ തിരക്കഥയാണ് ഏതൊരു സിനിമയുടെയും അടിത്തട്ട്. നിര്‍ണയം എന്ന ചിത്രത്തിലേക്ക് പ്രേക്ഷകരെ ആദ്യം ആകര്‍ഷിച്ചത് അത് ബോബി - സഞ്ജയ് ടീമിന്റെ തീരക്കഥ എന്ന നിലയിലാണ്.

    arunlal-ramachandran

    ? പല സിനിമകള്‍ക്കും റിലീസ് ദിവസം തന്നെ സോഷ്യല്‍ മീഡിയ റേറ്റിങ് നിശ്ചയിക്കുന്നു. സിനിമയ്ക്ക് സോഷ്യല്‍ മീഡിയ വെല്ലുവിളിയാണെന്ന് വിശ്വസിയ്ക്കുന്നുണ്ടോ
    ഒരിക്കലുമില്ല. ഒരു നല്ല സിനിമയെ ഇല്ലാതാക്കള്‍ ദൈവം തമ്പുരാന്‍ വിചാരിച്ചാല്‍ പോലും സാധിക്കില്ല. തിരിച്ചും. ഒരു മോശം സിനിമയെ വിജയിപ്പിക്കാനും സോഷ്യല്‍ മീഡിയ വിചാരിച്ചാല്‍ സാധിക്കില്ല. മൗത്ത് പബ്ലിസിറ്റി വലിയ കാര്യമാണ്. അത് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നുണ്ട്. പക്ഷെ ഒരു മോശം സിനിമയെ കുറിച്ച് ആരും നല്ല അഭിപ്രായം പറയില്ല. അതേ സമയം നല്ല സിനിമയാണെങ്കില്‍ സോഷ്യല്‍മീഡിയ ഇല്ലെങ്കിലും അത് വിജയിക്കും. എന്റെ അച്ഛനും അമ്മയും ഫേസ്ബുക്കിലുണ്ടായതുകൊണ്ടല്ല ദൃശ്യം സിനിമ തിയേറ്ററില്‍ പോയി കണ്ടത്. നായിക നായകന്‍, എന്നിവര്‍ക്കപ്പുറം സിനിമയ്ക്ക് മുമ്പിലും പിമ്പിലുമുള്ളവര്‍ നല്ല രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രമോട്ട് ചെയ്യപ്പെടുന്നുണ്ട്. അതൊക്കെ നല്ല കാര്യമല്ലേ. ഒരു സിനിമയെ സോഷ്യല്‍ മീഡിയ നശിപ്പിയ്ക്കുന്നു എന്ന് ഞാന്‍ ഒരിക്കലും വിശ്വസിയ്ക്കുന്നില്ല.

    ? ദീപു കരുണാകരനൊപ്പമുള്ള പുതിയ സിനിമ
    മഞ്ജു വാര്യര്‍, അനൂപ് മേനോന്‍, നീരജ് മാധവ്, സുധീര്‍ കരമന, ചെമ്പന്‍ വിനോദ് എന്നിവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നത്. വേട്ടയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഒരു കോമഡി ഫാമിലി ചിത്രമായിരിക്കും. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിയ്ക്കാന്‍ പോകുന്നു.

    വേട്ട എന്ന ചിത്രത്തിന് വിജയാശംസകള്‍ നേരുന്നതിനൊപ്പം തിരക്കഥാകൃത്തിന് നല്ലൊരു ജന്മദിനവും ഫില്‍മിബീറ്റ് ആശംസിക്കുന്നു.

    English summary
    Exclusive interview with the scriptwriter of Vettah
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X