»   » ഒരു വര്‍ഷം 24 സിനിമകള്‍, ഒരേസമയം എട്ട് സിനിമകള്‍ തിയേറ്ററില്‍; ഈ അപൂര്‍വ്വ റെക്കോഡ് നേടിയ നടന്‍!!

ഒരു വര്‍ഷം 24 സിനിമകള്‍, ഒരേസമയം എട്ട് സിനിമകള്‍ തിയേറ്ററില്‍; ഈ അപൂര്‍വ്വ റെക്കോഡ് നേടിയ നടന്‍!!

Posted By:
Subscribe to Filmibeat Malayalam

നായകനും നായികയ്ക്കും അപ്പുറം സിനിമകളെ മനോഹരമാക്കുന്ന ചിലര്‍ ഉണ്ട്, അത് പിന്നണിയില്‍ ആയാലും സ്‌ക്രീനില്‍ ആയാലും. അതില്‍ സഹ-നടീ നടന്മാരുടെ സാന്നിധ്യം വളരെ പ്രധാനമാണ്. ഒരു കാലയളവില്‍ നമ്മളെ വിസ്മയിപ്പിച്ചിരുന്ന ഒത്തിരി സഹ നടന്മാരെ പത്ത് പതിനഞ്ച് കൊല്ലങ്ങളായി മലയാള സിനിമയ്ക്ക് നഷ്ടമായി. ഒഴിഞ്ഞു കിടക്കുന്ന ആ കസേരകളില്‍ അവര്‍ക്ക് പകരക്കാര്‍ വരുമോ ഏവരും ചിന്തിച്ചു. എന്നാല്‍ അത്തരത്തില്‍ ആ വിടവ് നികത്താന്‍ പ്രാപ്തനായ ഒരു നടന്‍ വന്നു ...സുധീര്‍ കരമന.

എണ്‍പതുകള്‍ മുതല്‍ മലയാള സിനിമയിലെ മികച്ച ഒരു സ്വഭാവ നടനായിരുന്നു മണ്‍മറഞ്ഞ നമ്മുടെ ശ്രീ:കരമന ജനാര്‍ദ്ദനന്‍ നായരുടെ മൂത്ത മകനാണ് സുധീര്‍ കരമന.

sudheer-karamana

പഠനവും കലയും:

കേന്ദ്ര ഗവണ്‍മെന്റ് (പ്രൊവിഡന്റ്‌ ഫണ്ടില്‍ അസ്സി കമ്മീഷണര്‍) ഉദ്യോഗസ്ഥനും കര്‍ക്കശകാരനും അതിലുപരി വളരെ അധികം സ്‌നേഹമുള്ള അച്ഛന്റെ പാരമ്പര്യം ആകാം ഒരു പക്ഷെ സ്‌കൂള്‍ തലം മുതലേ കലയോട് അതീവമായ താല്പര്യം ഉണ്ടായിരുന്നു. അച്ഛന്റെ സ്ഥലം മാറ്റത്തിനൊപ്പം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറി മാറി ഉള്ള സ്‌കൂള്‍ ജീവിതം ഒടുവില്‍ പട്ടം കേന്ദ്രീയ വിദ്യാലയയില്‍ ചെന്നെത്തി. പഠനം മാത്രം വരച്ച വരയിലൂടെ ഉള്ള സ്‌കൂള്‍ ജീവിതം, അടക്കിപ്പിടിച്ച കലയും മറ്റും അതിന്റെ സ്വാതന്ത്യത്തോടെ പുറത്തെടുക്കാന്‍ പ്രാപ്തമാകാതെ പോയിരുന്ന സമയം. എങ്കിലും തന്നിലെ പ്രതിഭയെ പാട്ടിലൂടെയും മോണോ ആക്ടിലൂടെയും കിട്ടിയ അവസരങ്ങളില്‍ പുറത്തെടുത്തു. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ എത്തിയപ്പോഴാണ് കലാപരമായും രാഷ്ട്രീയപരമായും വളര്‍ച്ച ഉണ്ടായത്. എന്തിനും ഒരു സ്വാതന്ത്ര്യം, പഠനത്തോടൊപ്പം കല, ശരിക്കും പറഞ്ഞാല്‍ 'കലയ്ക്ക് വേണ്ടി പഠനം' അങ്ങനെ പറയുന്നതാകും ശരി. ജിയോഗ്രഫി വിഷയത്തില്‍ ഡിഗ്രിയും, പി ജിയും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍, പിന്നീട് B Ed . അന്നു കോളജിനു വെളിയില്‍ വച്ചു കല്യാണസൗഗന്ധികം എന്ന ഒരു നാടകം കളിക്കുക ഉണ്ടായി. അന്ന് ആ വേദിയില്‍ മുഖ്യ അതിഥി ആയി എത്തിയത് സാക്ഷാല്‍ അച്ഛന്‍ കരമന. അച്ഛന്റെ മുന്നില്‍ ഉള്ളില്‍ വിറയലോടെ ആ നാടകം പൂര്‍ത്തിയാക്കി. അച്ഛന്‍ വീട്ടിലേക്കും താന്‍ മേക്ക് അപ്പ് അഴിക്കാനും പോയി. എന്താകും വീട്ടില്‍ ചെന്നാല്‍ അച്ഛന്‍ എന്ത് പറയും, നന്നായി എന്ന് പറയുമോ മോശമായെന്നോ ആകെ ഒരു അങ്കലാപ്പ്. അങ്ങനെ അമ്മയെ വിളിച്ച് ചോദിച്ചു. ഞാന്‍ നന്നായി ചെയ്തു എന്ന് അദ്ദേഹം പറഞ്ഞതായി അമ്മയില്‍ നിന്നുമാണ് ആദ്യം അറിഞ്ഞത്. വീട്ടില്‍ ചെന്നപ്പോള്‍ 'കൊള്ളാടാ' എന്ന ഒറ്റ വാക്കില്‍ അച്ഛന്‍. ആദ്യ അംഗീകാരം ഒത്തിരി സന്തോഷം ആ നിമിഷം ഇന്നും ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു കുളിര്. ഈ കലാലയ ജീവിതത്തില്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ മികച്ച നടനുള്ള അംഗീകാരം ലഭിച്ചു. 1989-90 കാലയളവില്‍ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഇകെ നയനാരില്‍ നിന്നും അവാര്‍ഡ് വാങ്ങിച്ചിട്ടുണ്ട്. ഈ അംഗീകാരം 'മകന്‍ അച്ഛന്റെ പാരമ്പര്യം കാത്തു' എന്ന തലക്കെട്ടോടെ മാതൃഭൂമിയില്‍ അച്ചടിച്ചെത്തി. ആ വാര്‍ത്ത അറിഞ്ഞ് തന്നെ അനുമോദിക്കാന്‍ അച്ഛന്‍ ബാംഗ്ലൂര്‍ നിന്നെത്തിയത് തനിക്ക് അതിനേക്കാള്‍ വലിയ അംഗീകാരം ആയിരുന്നു.

കല മാത്രം പോരാ:

കല മാത്രം പോര ജീവിതത്തില്‍ ഒരു ജോലി നേടണം അതാണ് അടിത്തറ അതോടൊപ്പം വേണമെങ്കില്‍ കലയെ മുന്നോട്ട് കൊണ്ട് പോകാം ഇതായിരുന്നു അച്ഛന്റെ ഉപദേശം. പഠന ശേഷം അധ്യാപനം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍, പിന്നീട് 1993-94 കാലയളവില്‍ വിദേശത്ത്(ഖത്തര്‍) ജോലി അതിനിടെ 1996ല്‍ വിവാഹം. വിദേശത്ത് നിന്ന് മതിയാക്കി വന്ന ശേഷം ആണ് വെങ്ങാനൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രിന്‍സിപ്പാള്‍ ആയി കയറുന്നത്. തന്റെ മുപ്പതാം വയസ്സില്‍ പ്രിന്‍സിപ്പാള്‍ പദവി അലങ്കരിച്ച് തുടങ്ങിയതാണ്, ഏതാണ്ട് പതിനഞ്ച് വര്‍ഷത്തോളമായി ഇന്നും ഈ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ആണ്.

ക്യാമറയ്ക്ക് മുന്നിലേക്ക്:

അച്ഛന്റെ ചെറുപ്പം മുതലുള്ള സുഹൃത്ത് ആയിരുന്നു ഭരത് ഗോപി അങ്കിള്‍, ആ അങ്കിള്‍ വഴിയാണ് ക്യാമറയുടെ മുന്നിലേക്ക് ആദ്യം എത്തിയത്. 2004ല്‍ ചിത്രീകരിച്ച് 2005ല്‍ അമൃത ചാനലില്‍ പ്രക്ഷേപണം ചെയ്ത 'മറവിയുടെ മണം' എന്ന ടെലിഫിലിം. ഇതില്‍ അനന്തന്‍ എന്ന നായക പ്രധാന വേഷം. പിന്നീട് അവിടെന്ന് പതിയെ സിനിമയിലേക്ക്. പിന്നീട് കഥാകൃത്ത് ബാബു ജനാര്‍ദ്ദനന്റെ ക്ഷണം, അദ്ദേഹത്തിന്റെ കഥയില്‍ പിറന്ന വാസ്തവം എന്ന പൃഥ്വിരാജ് ചിത്രത്തില്‍ പാമ്പ് വാസു എന്ന വേഷത്തിലൂടെ വെള്ളിത്തിരയില്‍ എത്തി. അതെ തുടര്‍ന്ന് ചിത്രങ്ങള്‍ വന്നു എങ്കിലും ജോലിയും സിനിമയും ഇടകലര്‍ത്തി പോകുന്നതില്‍ വന്ന പ്രായോഗികവും ഔദ്യോദികവുമായ ബുദ്ദിമുട്ടുകള്‍ അല്പം ഇടവേള നല്‍കി. സജീവമായി വെള്ളിത്തിരയില്‍ എത്തിയത് ശരിക്കും 2011 മുതലാണെന്ന് പറയാം. പിന്നെ വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങള്‍ തന്നിലൂടെ മാറി മറിഞ്ഞു.

 sudheer-karamana

കള്ള് ചെത്ത്കാരന്‍, കള്ളന്‍, കള്ളന്മാരുടെ ആശാന്‍, പോലീസ്, വക്കീല്‍, ജഡ്ജി, പള്ളിയിലെ അച്ഛന്‍ എന്നിങ്ങനെ നിരവധി വേഷപകര്‍ച്ചകള്‍. 2015ല്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ അഭിനയിച്ച മലയാള നടന്‍(24 സിനിമകള്‍) കൂടാതെ ഒരേ സമയം എട്ട് സിനിമകള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു എന്ന അപൂര്‍വ നേട്ടവും ഒരിക്കല്‍ ഉണ്ടായി.

മലയാളത്തിന്റെ നെടുംതൂണുകളായ മമ്മൂക്കയോടും ലാലേട്ടനോടും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വര്‍ഷം എന്ന സിനിമയില്‍ ഒരു പ്രിന്‍സിപ്പാള്‍ റോളില്‍ തന്നെയാണ് മമ്മൂക്കയോടൊപ്പം ഒടുവിലെത്തിയത്. ലാലേട്ടന്റെ വരാനിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ പുലി മുരുകനില്‍ ഒരു ഹാജ്യാറുടെ വേഷമാണ്. അങ്ങനെ വ്യത്യസ്തമായ മറ്റൊരു വേഷം കൂടി ലഭിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ പിന്നെയുമാണ് പുതിയ ചിത്രം. ഇത് വരെ ഏതാണ്ട് നൂറോളം ചിത്രങ്ങള്‍ ചെയ്തു കൃത്യമായി പറഞ്ഞാല്‍ തൊണ്ണൂറ്റി ആറ്

ശാരദാമ്പരം:

സ്ത്രീകള്‍ക്കിടയില്‍ വലിയൊരു സ്വീകാര്യത ലഭിച്ചതായിരുന്നു എന്ന് നിന്റെ മൊയ്ദീന്‍ എന്ന ചിത്രത്തിലെ മുക്കം ഭാസി എന്ന വേഷം. അതിലെ ഗാന രംഗത്തില്‍ ജീവിതത്തില്‍ ആദ്യമായി ഒരു സ്ത്രീ വേഷം കെട്ടി പാടി അഭിനയിച്ചു. നിരവധി പ്രശംസകള്‍ ലഭിച്ച ഒരു വേഷമായിരുന്നു അത്. എല്ലാവരും ആ വേഷം കണ്ട് ശരിക്കും അത്ഭുതപ്പെട്ടു. വിജയ ചിത്രങ്ങളില്‍ ഒരു ചെറിയ വേഷം ചെയ്താല്‍ ഏവരുടെയും ശ്രദ്ധയില്‍ അത് എത്തും എന്നും കൂട്ടി ചേര്‍ത്തു.

ഇഷ്ട വേഷങ്ങള്‍, ചെയ്യാന്‍ ആഗ്രഹിക്കുന്നത്:

ഇഷ്ടവേഷം ഒന്നില്ല. എല്ലാം വ്യത്യസ്ത വേഷമാണ് ആണ് അതുകൊണ്ട് തന്നെ എല്ലാം ഇഷ്ടവുമാണ്. എങ്കിലും എടുത്ത് പറയുകയാണെങ്കില്‍ നിര്‍ണായകം സിനിമയിലെ ജഡ്ജ് ന്റെ വേഷം ഒത്തിരി ഇഷ്ടമായി. പോലീസ് വേഷങ്ങളില്‍ ആണ് കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. ഏതാണ്ട് ഇരുപതോളം പോലീസ് വേഷങ്ങള്‍ ഇത് വരെ ചെയ്തിട്ടുണ്ട്.

ചെയ്യാന്‍ ആഗ്രഹിക്കുന്ന വേഷം അങ്ങനൊന്നില്ല, കിട്ടുന്ന വേഷങ്ങള്‍ എന്തും ചെയ്യാന്‍ സന്തോഷമേ ഉള്ളു.

പുരസ്‌കാരങ്ങള്‍:

2015ല്‍ സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തില്‍ സഹനടന്‍ എന്ന വിഭാഗത്തില്‍ അന്തിമ പട്ടിക വരെ തന്റെ പേരെത്തി എന്ന് മാധ്യമങ്ങളില്‍ വരെ വന്നതായും അറിഞ്ഞിരുന്നു. 2015 ലെ ക്രിട്ടിക്‌സ് അവാര്‍ഡ്, ജെസ്സി ഫൗണ്ടേഷന്‍ അവാര്‍ഡ്, പ്രൊഡ്യൂസേഴ്‌സ് അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

സ്‌കൂളിലെ പ്രിന്‍സി:

സിനിമയും സ്‌കൂളും ഇന്നോളം ഇടകലര്‍ത്തിയിട്ടില്ല. സിനിമാ വിഷയങ്ങള്‍ സ്‌കൂളില്‍ താന്‍ ചര്‍ച്ച ചെയ്യാറും ഇല്ല. ടീച്ചര്‍മാരില്‍ നിന്നും ചില അവര്‍ക്ക് ഇഷ്ടമായ വേഷങ്ങളില്‍ അഭിനന്ദനം പറയാറുണ്ട്. ശരിക്കും കര്‍ക്കശക്കാരനായ പ്രിന്‍സിപ്പാള്‍ ആണ് സ്‌കൂളില്‍. സിനിമാക്കാര്യങ്ങള്‍ തന്നോട് പറയാന്‍ കുട്ടികള്‍ക്ക് പേടിയാണ്. ആ ഭയം കൊണ്ടാവണം പ്രിന്‍സിപ്പാള്‍ റൂമിന് മുന്നില്‍ വരാന്‍ പോലും അവര്‍ മടിക്കുന്നു.

കുടുംബം, താമസം:

തിരുവനന്തപുരം ജില്ലയിലെ കരമനയാണ് ജന്മദേശം, പക്ഷെ അച്ഛനോടൊപ്പം ചെറുതിലേ തന്നെ പേരൂര്‍ക്കടയിലെ ഇന്ദിരാ നഗറിലേക്ക് താമസം മാറി. അമ്മ ജയ ജെ നായര്‍, മിക്ക സിനിമകളും കണ്ട് അതിന്റെ പാരമ്യത്തില്‍ അഭിപ്രായം നേരില്‍ പറയുക അത് അമ്മയ്ക്ക് പതിവാണ്. ശാസ്തമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കെമിസ്ട്രി അധ്യാപികയാണ് ഭാര്യ അഞ്ജന. ഒരു മകനും ഒരു മകളും അടങ്ങുന്നതാണ് കുടുംബം. മകന്‍ സൂര്യ നാരായണന്‍, എന്‍ജിനിയറിങ്ങിന് വിദ്യാര്‍ത്ഥിയാണ്, മകള്‍ ഗൗരി കല്യാണി ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്നു.

sudheer-karamana

വിനോദം:

പ്രധാന വിനോദം കല, അതില്‍ അഭിനയം തന്നെ. ബാല്യകാലം മുതല്‍ പെയിന്റിംഗ് പിന്നെ ബാസ്‌കറ്റ് ബോള്‍ ഇത് രണ്ടും ഏറെ ഇഷ്ടമാണ്. ബാസ്‌കറ്റ് ബോളിലേക്ക് നീങ്ങിയത് പോലും തന്റെ പൊക്കം കൊണ്ടാണ്. ബാസ്‌ക്കറ്റ് ബോള്‍ കളിയില്‍ ജില്ലാ, സ്‌റ്റേറ്റ്, റീജിണല്‍ തലങ്ങളില്‍ വരെ വിജയം കൈവരിച്ചിട്ടുണ്ട്. ഇന്ന് ഒഴിവ് സമയം കിട്ടാറില്ല സ്‌കൂള്‍ കുടുംബം സിനിമ അങ്ങനെ പോകുന്നു.

കുറച്ച് കാര്യങ്ങള്‍ :

ഇതുവരെയും ആരുടേയും മുന്‍പില്‍ ഒരു അവസരം ചോദിച്ച് പോയിട്ടില്ല. ഒരു പക്ഷെ കരമന ജനാര്‍ദ്ദനന്‍ നായരുടെ മകന്‍ ആയത് കൊണ്ടാകാം ആ ലേബലില്‍ ചോദിച്ച് പോണതും അല്ലാതെ പോണതും ഇഷ്ടമല്ല. അച്ഛനാണ് ശരിക്കും റോള്‍ മോഡല്‍. ആ അച്ഛന്റെ മകനായി പിറന്നതില്‍ ഏറെ അഭിമാനിക്കുന്നു. അച്ഛന്‍ കഴിഞ്ഞാല്‍ ഭരത് ഗോപി അങ്കിള്‍ ആണ് മറ്റൊരു ആരാധനാ പാത്രം. ചെയ്യാന്‍ ആഗ്രഹിക്കുന്നതോ കൊതിച്ച് ഇരിക്കുന്നതോ ആയ വേഷങ്ങള്‍ ഇല്ല, എന്ത് വേഷം കിട്ടിയാലും ചെയ്യുന്നതിനും മടി ഇല്ല. ഇതിനോടകം തന്നെ നിരവധി വേഷ പകര്‍ച്ചകള്‍ ലഭിച്ചിട്ടുണ്ട്. മമ്മൂക്ക, ലാലേട്ടന്‍, തിലകന്‍, നെടുമുടി, ഭരത് ഗോപി, പൃഥ്വിരാജ് എന്നിവരുടെ അഭിനയവും മറ്റും നോക്കി ആസ്വദിക്കാറുണ്ട്. അച്ഛനൊപ്പം ചെറുതിലേ ലൊക്കേഷനില്‍ പോകലും അച്ഛന്റെ അഭിനയത്തെ സൂക്ഷമായി നിരീക്ഷിച്ച് പഠിക്കാന്‍ ശ്രമിച്ചതും ഒക്കെയാണ് അഭിനയ രംഗത്തെ പഠനം.

'അഭിവാജ്യ ഘടകം' എന്നൊരു വാക്കുണ്ടെങ്കില്‍ അതിനെ പ്രയോഗിക്കാന്‍ പറ്റിയ മലയാള സിനിമയിലെ താരം. ഇന്നത്തെ മലയാള സിനിമയുടെ നിറ സാന്നിധ്യം ആയി നിലകൊള്ളുന്ന സുധീര്‍ സാറിന് ഇനിയും നല്ല നല്ല വേഷങ്ങളും അംഗീകാരങ്ങളും ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ .......

തയ്യാറാക്കിയത് ശ്രീകാന്ത് കൊല്ലം

English summary
Filmibeat Interview with Sudheer Karamana

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam