»   » അങ്ങനെ ഞാനും ഒരു സില്‍മാ നടനായി; അബു വളയംകുളം തന്റെ സില്‍മാ കഥ പറയുന്നു

അങ്ങനെ ഞാനും ഒരു സില്‍മാ നടനായി; അബു വളയംകുളം തന്റെ സില്‍മാ കഥ പറയുന്നു

Written By:
Subscribe to Filmibeat Malayalam

അതെ, അല്പം അഹങ്കാരത്തോടെ തന്നെയാണ് അബു വളയംകുളം എന്ന നടന്‍ ഈ വര്‍ഷത്തെ ഐ എഫ് എഫ്‌ കെ യില്‍ പങ്കെടുത്തത്. നാടകത്തോടുള്ള ഭ്രമം സിനിമയില്‍ എത്തിച്ചു.. ഈ വര്‍ഷം ഐ എഫ് എഫ് കെ യില്‍ അബുവിന്റെ രണ്ട് സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്.. അതും രണ്ട് ഭാഷാ ചിത്രങ്ങള്‍. കിസ്മത്ത്, ആന്‍മരിയ കലിപ്പിലാണ്, ദയോം പന്ത്രണ്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അബുവുമായി ഫില്‍മിബീറ്റ് നടത്തിയ അഭിമുഖത്തില്‍ നിന്ന്...

abu

? ഈ വര്‍ഷത്തെ ഐ എഫ്,എഫ് കെയില്‍ പങ്കെടുത്തത് കുറച്ച് അഹങ്കാരത്തോടെയാണെന്ന് കേട്ടല്ലോ...

(ചിരിയോടെ സംസാരിച്ചു തുടങ്ങി)... അഹങ്കാരമല്ല, നല്ല സന്തോഷമുണ്ടായിരുന്നു. നമ്മള്‍ അഭിനയിച്ച രണ്ട് സിനിമകള്‍ ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിച്ചതിലുള്ള സ്വാഭാവിക സന്തോഷം മാത്രം. എല്ലാ വര്‍ഷത്തെയും പോലെയാല്ലാതെ, ഈ വര്‍ഷം ഇങ്ങനെ ഒരു പുതുമ ഉണ്ടായിരുന്നു. കിസ്മത്തും തമിഴ് ചിത്രം മെര്‍കു തൊടര്‍ച്ചി മലൈ- വെസ്റ്റേണ്‍ ഘട്ട്‌സുമാണ് പ്രദര്‍ശിപ്പിച്ചത്. ഒരു ദിവസം മൂന്ന് ഷോയുണ്ടാവും. തിയേറ്ററില്‍ സിനിമ എത്തുമ്പോള്‍ നമ്മള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം പോയിരുന്നല്ലേ കാണുന്നത്. അഭിപ്രായങ്ങള്‍ പലരും കണ്ടതിന് ശേഷം ഫോണില്‍ വിളിച്ചു പറയും. അതൊരു സുഖമാണ്. എന്നാല്‍ ഐ എഫ് എഫ്‌ കെ യില്‍ പ്രതികരണങ്ങള്‍ അപ്പോപ്പോള്‍ കിട്ടും. കണ്ട് ഇഷ്ടപ്പെട്ടവര്‍ അപ്പോള്‍ തന്നെ വന്ന് പറയും. അതൊരു സന്തോഷമല്ലേ. നാടകത്തിന്റെ പ്രതികരണം അപ്പപ്പോള്‍ അറിയുന്നത് പോലെ..

? പറഞ്ഞത് പോലെ നാടകത്തില്‍ നിന്നല്ലേ വരവ്...

അതെ, സ്‌കൂള്‍ കാലം മുതല്‍ നാടകം കളിയ്ക്കുന്നു. വര്‍ഷങ്ങളായി നാടക രംഗത്തുണ്ട്. സത്യത്തില്‍ സിനിമാഭിനയം മോഹം എവിടെയും ഉണ്ടായിയരുന്നില്ല. നാടകം കളിയ്ക്കുക എന്നത് മാത്രമായിരുന്നു. ആ ഒരു ഒഴുക്കിലാണ് സിനിമയില്‍ വന്നുപെട്ടത്. ഞങ്ങളുടെ ഒരു വലിയ സുഹൃത്ത് വലയമുണ്ട്. അവിടെയാണ് ഇതിന്റെയൊക്കെ തുടക്കം. ഹ്രസ്വ ചിത്രങ്ങള്‍ ഒരുപാട് ചെയ്തിട്ടുണ്ട്. അതിന് ശേഷമാണ് ഹര്‍ഷാദ് സംവിധാനം ചെയ്യുന്ന ദയോം പന്ത്രണ്ടില്‍ അഭിനയിക്കുന്നത്. അതാണ് ആദ്യ ഫീച്ചര്‍ ചിത്രം. പിന്നീട് കിസ്മത്തിലെത്തി. അതിന്റെ സംവിധായകന്‍ ഷാനവാസും എന്റെ അടുത്ത സുഹൃത്താണ്. ഇപ്പോഴും നാടകം വിട്ടിട്ടില്ല. വിടുകയുമില്ല. സിനിമയും നാടകവും ഒരുമിച്ച് കൊണ്ടു പോകണമല്ലോ..

abu-in-kismath

? പിന്നെ എപ്പോഴാണ് തമിഴിലെത്തിയത്...

ലെനിന്‍ ഭാരതി സംവിധാനം ചെയ്ത മെര്‍കു തൊടര്‍ച്ചി മലൈ- വെസ്റ്റേണ്‍ ഘട്ട്‌സ് എന്ന ചിത്രത്തില്‍ ഇടുക്കിയിലെ കമ്യൂണിസ്റ്റ് സഖാവായിട്ടാണ് എത്തുന്നത്. സത്യത്തില്‍ അവര്‍ ആ കഥാപാത്രത്തിന് വേണ്ടി മറ്റാരെയൊക്കയോ പരിഗണിച്ചിരുന്നു. എന്നാല്‍ മലയാളി ലുക്കുള്ള ഒരാളെ തന്നെ വേണം എന്നായി. അങ്ങനെ ഫേസ്ബുക്കില്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് എന്ന് ടൈപ്പ് ചെയ്ത് നോക്കിയപ്പോഴാണ് എന്നെ കിട്ടിയത്. വിജയ് സേതുപതി നിര്‍മിച്ച ചിത്രം.. ഒരു നാടക നടന്‍, അതും ഒരു മലയാളി നാടക നടന്‍ എന്ന നിലയില്‍ അവിടെ നല്ല ബഹുമാനവും മര്യാദയും കിട്ടിയിട്ടുണ്ട്...

? നാടകത്തില്‍ നിന്ന് സിനിമയിലേക്കുള്ള മാറ്റം...

തീര്‍ച്ചയായും അത് നമുക്ക് അനുഭവിച്ച് മനസ്സിലാക്കാന്‍ കഴിയും.. എന്നെ സംബന്ധിച്ച് അഭിനയിക്കാന്‍ ഏറ്റവും സുഖം നാടകത്തില്‍ തന്നെയാണ്. അഭിനയം തുടങ്ങി കഴിഞ്ഞാല്‍ പിന്നെ വളര്‍ന്ന് വളര്‍ന്ന് നമ്മള്‍ ആ കഥാപാത്രത്തിന്റെ പൂര്‍ണതയിലെത്തും. ലൈവാണ്.. കട്ടും എഡിറ്റും ഒന്നുമില്ല. സിനിമയില്‍ അങ്ങനെയല്ലല്ലോ.. മുറിഞ്ഞ് മുറിഞ്ഞാണ് കഥാപാത്രമാവുന്നത്. അത് ഏറെ പ്രയാസമല്ലേ.. നാടകത്തില്‍ ചെയ്യുന്നതിന്റെ നാലിലൊന്ന് പോലും വേണ്ട സിനിമയില്‍ എന്നാണ് പറയുന്നത്.

abu-tamil-film

? നാടകം ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട് എന്ന് തോന്നിയോ...

ഒരിക്കലുമില്ല.. നാടകം സീരിയസായി കാണാന്‍ വരുന്നവര്‍ അതിനെ ശ്രദ്ധിയ്ക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടി നാടകങ്ങള്‍ കളിയ്ക്കുന്നുണ്ട്. ഐ എഫ് എഫ് കെ പോലെ തന്നെ ഇറ്റ്ഫോക് (International Theatre Festival of Kerala ITFoK) എന്നൊരു സംഭവമുണ്ട്, തൃശ്ശൂരില്‍. അവിടെ നാടകം കാണാന്‍ സിനിമ കാണാന്‍ വരുന്നത് പോലെ തന്നെ ആള്‍ക്കാര്‍ എത്തുന്നുണ്ട്. ക്യൂ നിന്ന് ടിക്കെറ്റെടുക്കുന്നുണ്ട്. അമേച്ചര്‍ നാടകങ്ങളും പ്രൊഫഷണല്‍ നാടകങ്ങളുമൊക്കെ അവിടെ കളിയ്ക്കും. വിദേശ നാടകങ്ങളുമുണ്ട്. മത്സരങ്ങള്‍ നടത്താറുണ്ട്. ഞാനും നാടകങ്ങള്‍ കാണാന്‍ ചെന്നൈയിലൊക്കെ പോകാറുണ്ട്. അതുകൊണ്ടാണ് പറഞ്ഞത് നാടകത്തെ സീരിയസായി കാണുന്നരുടെ ശ്രദ്ധയില്‍ എപ്പോഴും നാടകമുണ്ട്.

? നാടകത്തിലും മാറ്റം സംഭവിയ്ക്കുന്നില്ലേ...

തീര്‍ച്ചയായും ഉണ്ട്. അതും വളരെ പോസിറ്റീവായ മാറ്റമാണ്. സ്‌കൂള്‍ തലത്തില്‍ നാടക മത്സരം നടക്കുമ്പോള്‍ ഞാന്‍ വിധികര്‍ത്താവായി പോകാറുണ്ട്. ഹൈ സ്‌കൂള്‍ തലത്തിലും യുപി സ്‌കൂള്‍ തലത്തിലുമൊക്കെ ഇപ്പോള്‍ ഒരുപാട് പെണ്‍കുട്ടികള്‍ നാടക രംഗത്ത് വരുന്നു. തിരക്കഥ എഴുതുന്നതും സംവിധാനം ചെയ്യുന്നതും പെണ്‍കുട്ടികളാണ്. അരങ്ങത്തെത്താത്ത സ്ത്രീകള്‍ക്ക് വേണ്ടി അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം ഉണ്ടായ നമ്മുടെ നാട്ടില്‍, സ്ത്രീകള്‍ ഇത്രയേറെ മുന്നോട്ട് വരുന്നത് പോസിറ്റീവായ മാറ്റമാണ്. ഒന്നേയുള്ളൂ.. ഇനി നാടകം കളിയ്ക്കുമ്പോഴും ദേശീയ ഗാനം വേണം എന്ന് പറയരുത്...

abu

? ഐ എഫ് എഫ് കെ യിലെ ദേശസ്‌നേഹം എങ്ങിനെയുണ്ടായിരുന്നു...

എന്തിനാണിത് എന്ന് മനസ്സിലാകുന്നില്ല. ദേശസ്‌നേഹമൊന്നും സമ്മര്‍ദ്ദത്തിലൂടെ ഉണ്ടാക്കേണ്ടതല്ല. ഓരോന്നും വിളമ്പേണ്ട സ്ഥലമുണ്ട്. അവിടെ മാത്രമേ വിളമ്പാവു. അഞ്ച് സിനിമയും നടന്ന് കൊണ്ട് കാണുന്ന കാഴ്ച വരെ ഐ എഫ് എഫ് കെ യില്‍ ഉണ്ടാകാറുണ്ട്. മഹേഷിന്റെ പ്രതികാരത്തില്‍ ദേശീയ ഗാനം ആലപിയ്ക്കുന്ന രംഗത്ത് എഴുന്നേറ്റ് നിന്ന് പ്രതികരിച്ചവരുണ്ട്. ആദിവാസി ഭൂമി പതിച്ച് നല്‍കേണ്ട കേസൊക്കെ പരിഗണനയില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായില്ലേ.. അതൊന്നും പരിഗണിക്കാതെ ഇപ്പോള്‍ ദേശസ്‌നേഹം വളര്‍ത്തുന്നത് കാണുമ്പോഴാണ് തമാശ തോന്നുന്നത്...

abu

ആധികാരികമായൊന്നും തനിക്ക് സംസാരിക്കാനറിയില്ലേ എന്ന് പറഞ്ഞുകൊണ്ട് തുടങ്ങിയ ആള്‍ അങ്ങനെ പറഞ്ഞ് പറഞ്ഞ് പോയി... തിരക്കുകളൊരുപാടുണ്ട്.. നാടകം പഠിപ്പിയ്ക്കണം, കളിയ്ക്കണം.. സിനിമാ ചര്‍ച്ചകളുണ്ട്.. അതിന്റെ കൂടെ പെയിന്റിങ് തൊഴിലും.. അബുവിനും സ്വപ്‌നങ്ങള്‍ക്കും ഫില്‍മിബീറ്റിന്റെ എല്ലാവിധ ആശംസകളും...

English summary
Interview with Abu Valayamkulam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam