For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അടി കപ്യാരെ കൂട്ടമണി തമിഴില്‍ ചെയ്യാനിരുന്ന ചിത്രം; സംവിധായകന്‍ ജോണ്‍ പറയുന്നു

  By Aswini
  |

  എണ്‍പതുകളിലും തൊണ്ണൂറുകളിലും സിദ്ദിഖ് ലാല്‍, വിജി തമ്പി, താഹ തുടങ്ങിയ സംവിധായകര്‍ കൈകാര്യം ചെയ്ത സിനിമകളുടെ സ്വഭാവ ഘടനയുമായാണ് അടി കപ്യാരെ കൂട്ടമാണി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. പൊല്ലാപ്പുകളില്‍ ചെന്നു ചാടുന്ന സൗഹൃദങ്ങളും.. സാഹചര്യ കോമഡികളും പ്രേക്ഷകര്‍ എന്നും സ്വീകരിച്ചിട്ടുണ്ട്. ആ സ്വീകരണമാണ് കപ്യാരടിച്ച കൂട്ടമണിയ്ക്കും കിട്ടുന്നത്. സിനിമയുടെ വിശേഷങ്ങളുമായി സംവിധായകനും തിരക്കഥാകൃത്തുമായ ജോണ്‍ വര്‍ഗീസ് ഫില്‍മിബീറ്റിനൊപ്പം ചേരുന്നു.

  ?ക്രിസ്മസിന് റിലീസായ ചിത്രങ്ങളെല്ലാം മികച്ച അഭിപ്രായം നേടുന്നു. പ്രായഭേദമന്യേ അടി കപ്യാരെ കൂട്ടമണിയും. ഈ വിജയം പ്രതീക്ഷിച്ചിരുന്നോ

  വിജയം പ്രതീക്ഷിച്ചിരുന്നു. എഴുതുമ്പോള്‍ തന്നെ ആ പ്രതീക്ഷയും ആത്മവിശ്വാസവും ഉണ്ടായിരുന്നു. നല്ല കാസ്റ്റിങാണ്.. നല്ല പ്രൊഡക്ഷന്‍ ഹൗസ്. സന്ദര്‍ഭോചിതമായ കോമഡി. മോശമല്ലാത്ത അഭിപ്രായം ലഭിയ്ക്കും എന്ന വിശ്വാസമുണ്ടായിരുന്നു. പിന്നെ നല്ല സിനിമകളെ പ്രേക്ഷകര്‍ സ്വീകരിക്കും.

  john-varghese

  ?മാര്‍ട്ടിന്‍ പ്രക്കാട്ട്, ഷാഫി, ഫിലിപ്‌സ് ആന്റ് ദി മങ്കിപെന്നിലൂടെ സംവിധാന മികവ് തെളിയിച്ച റോജിന്‍ തോമസ്. ഇവര്‍ക്കൊപ്പം നവാഗതനായ ജോണ്‍ വര്‍ഗീസിന്റെ സിനിമ എത്തുമ്പോള്‍ പ്രേക്ഷകരെങ്ങനെ സ്വീകരിക്കും.

  ഒരിക്കലും മത്സരത്തിന് വേണ്ടിയായിരുന്നില്ല (ചിരിക്കുന്നു). ഇതൊരു ക്രിസ്മസ് ചിത്രമാണ്. ക്രിസ്മസ് തന്നെയാണ് റിലീസിന് പറ്റിയ സമയമെന്ന് തോന്നി. പിന്നെ അവരോടൊക്കെ മത്സരിക്കാന്‍ കഴിയുമോ. ഒരു ക്രിസ്മസ് റിലീസ്, അത്രയേ ഉള്ളൂ

  ?നര്‍മ്മത്തിന് പ്രധാന്യം നല്‍കിയൊരുക്കിയ ചിത്രം. പ്രായഭേദമന്യേ എല്ലാതരം പ്രേക്ഷകരും അംഗീകരിക്കുന്നു. എന്താവും അതിലെ സീക്രട്ട്

  അങ്ങനെയൊന്നുമില്ല. തൊണ്ണൂറുകളിലെ കോമഡികള്‍ പ്രേക്ഷകരിന്നും ഓര്‍ത്തിരിയ്ക്കുന്നത് അത് സിറ്റുവേഷന്‍ കോമഡികളായതുകൊണ്ടാണ്. അത്തരം കോമഡികളാണ് നിലനില്‍ക്കുന്നത്. എനിക്കും തൊണ്ണൂറുകളിലെ സിനിമകള്‍ കണ്ടിരിക്കാനാണ് ഇഷ്ടം. പ്രിയദര്‍ശന്‍, സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടൊക്കെ കണ്ടല്ലേ നമ്മളും വളര്‍ന്നത്. അവര്‍ക്കൊപ്പമൊന്നും എത്താന്‍ കഴിയില്ലെങ്കിലും ശ്രമിക്കാമല്ലോ. പിന്നെ എഴുതുമ്പോള്‍ എത്തരത്തിലുള്ള കോമഡി വര്‍ക്കൗട്ടാകും എന്ന് ചിന്തിയ്ക്കും.

  -john-varghese

  ?എന്താണ് സിനിമാ ബന്ധം

  സുരേഷ് ഉണ്ണിത്താന്‍ സാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ഞാന്‍. അദ്ദേഹം സംവിധാനം ചെയ്ത സീരിയലുകളിലും സിനിമകളിലുമൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നെ തമിഴ് ആര്‍ട്ട് ഫിലിം ഒക്കെ എടുത്ത പരിചയവുമുണ്ട്.

  ?വിജയ സിനിമകളുടെ പാരമ്പര്യമുള്ള ഫ്രൈഡെ ഫിലിംസിന്റെ അടുത്തെത്തിയത് എങ്ങനെയാണ്. സാന്ദ്ര തോമസിന്റെയും വിജയ് ബാബുവിന്റെയുമൊക്കെ പിന്തുണ എത്രത്തോളം ഉണ്ടായിരുന്നു

  രണ്ട് വര്‍ഷം മുമ്പാണ് ഞാന്‍ ഈ സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്. എന്റെ കോളേജ് പഠനകാലത്ത്. തമിഴിന് വേണ്ടിയാണ് ഞങ്ങള്‍ (കോ റൈറ്റര്‍ അഭിലാഷ് നായര്‍) എഴുതി തുടങ്ങിയത്. ചെന്നൈയിലൊക്കെയായിരുന്നു ലൊക്കേഷന്‍ കണ്ടത്. കാസ്റ്റിങും തീരുമാനിച്ചിരുന്നു. പിന്നെ പല കാരണങ്ങള്‍ കൊണ്ടും നടന്നില്ല. കഥയൊക്കെ ഇഷ്ടപ്പെടുവെങ്കിലും നവാഗതരെ വിശ്വസിക്കാന്‍ എന്തോ പ്രയാസമുള്ളതുപോലെ. പിന്നെയാണ് ഫ്രൈഡെ ഫിലിംസില്‍ എത്തിയത്.

  പുതിയ ആള്‍ക്കാരെ ഒരുപാട് പിന്തുണയ്ക്കുന്ന ഫിലിം ഹൗസാണല്ലോ ഫ്രൈഡെ. വിശ്വാസമുണ്ടായിരുന്നു. സ്‌ക്രിപ്റ്റുമായി ചെന്നത് സാന്ദ്ര തോമസിന്റെ അടുത്താണ്. വായിച്ചിട്ട് വിളിക്കാം എന്ന് പറഞ്ഞു. പിറ്റേ ദിവസം തന്നെ വിളിച്ചു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. വളരെ നല്ല പിന്തുണയാണ് അവരുടെ ഭാഗത്തു നിന്നും ലഭിച്ചത്.

  ?ഇപ്പോഴുള്ള ട്രെന്റാണ് അജു വര്‍ഗീസും നീരജ് മാധവുമൊക്കെ. എങ്ങനെയാണ് പാത്ര സൃഷ്ടിയിലെത്തിയത്

  ചിത്രത്തിന് ഏറ്റവും ആപ്റ്റായ കഥാപാത്രങ്ങളാണ് എല്ലാവരും. ധ്യാന്‍ ശ്രീനിവാസന്‍ ആയാലും അജു ചേട്ടന്‍ ആയാലും നീരജ് മാധവായാലും വിനീത് മോഹനായാലും ഒക്കെ. നമ്മളെല്ലാം ഒരേ എയ്ജ് ഗ്രൂപ്പായതുകൊണ്ട് രസകരമായിരുന്നു. അവരുടെയൊക്കെ പെര്‍ഫോമന്‍സും ഭയങ്കരമായിരുന്നു

  ?'അന്തസ്സുണ്ടോടാ നിന്നക്ക്' എന്ന മുകേഷിന്റെ സെല്‍ഫ് ട്രോള്‍ എങ്ങനെയാണ് സിനിമയിലെത്തുന്നത്. എങ്ങനെയായിരുന്നു മുകേഷിനൊപ്പമുള്ള എക്‌സ്പീരിയന്‍സ്

  എഴുതുമ്പോഴാണ് അങ്ങനെ ഒരു ഫോണ്‍ കോള്‍ വൈറലാകുന്നത്. അതിന് പറ്റിയൊരു സ്വീകന്‍സ് കിട്ടിയതുകൊണ്ട് മാത്രമാണ് ആ ഡയലോഗ് ഉള്‍പ്പെടുത്തിയത്. പിന്നെ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. ആദ്യമൊക്കെ ചെറിയ പേടിയുണ്ടായിരുന്നെങ്കിലും വലിയ സപ്പോര്‍ട്ടായിരുന്നു. റാംജി റാവു സ്പീക്കിങ് ഒക്കെ മറക്കാന്‍ പറ്റുമോ. ഒരുപാട് കാര്യങ്ങള്‍ കണ്ട് പഠിക്കാനുണ്ട് അദ്ദേഹത്തില്‍ നിന്ന്. എനിക്ക് മാത്രമല്ല, അഭിനേതാക്കള്‍ക്കായാലും. മുകേഷേട്ടനൊപ്പം സിനിമ ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിട്ടാണ് കാണുന്നത്.

  john-varghese

  ?തമിഴില്‍ ഒരുക്കാനിരുന്ന ചിത്രമാണെന്ന് പറഞ്ഞു, ഇനി തമിഴിലേക്ക് റീമേക്ക് ചെയ്യുമോ

  തീര്‍ച്ചയായും. അതിനുള്ള ആലോചനകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്, മുന്നേ എഴുതിവച്ചത് ഞങ്ങളുടെ കൈയ്യിലുണ്ട്. ചെറിയ ചില മാറ്റങ്ങള്‍ വരുത്തേണ്ടതേയുള്ളൂ. പിന്നെ തമിഴിലെത്തുമ്പോള്‍ കുറച്ചുകൂടെ എക്‌സാജുറേറ്റ് ചെയ്യാമല്ലോ. മലയാളികള്‍ കുറച്ചുകൂടെ യുക്തിനോക്കും

  ?സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന് കേട്ടു. എന്താണ് വിശേഷം

  അതെ അങ്ങനെയൊരു ആലോചനയുണ്ട്. പക്ഷെ ഉടനെ ഉണ്ടാവില്ല. അതൊരു ഹൊറര്‍ കോമഡി ത്രില്ലറായിരിക്കും. കഥാപാത്രങ്ങള്‍ ഇപ്പോഴുള്ളവരെ കൂടാതെ വേറെ ചിലരും ഉണ്ടാവും. ഒന്നും തീരുമാനമായിട്ടില്ല.

  ?എന്തായിരുന്നു സിനിമാ ഫീല്‍ഡില്‍ നിന്നുള്ള പ്രതികരണം. അഭിന്ദനങ്ങള്‍ അറിയിക്കാന്‍ ആരൊക്കെ വിളിച്ചു

  സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ വിളിച്ചിരുന്നു. നല്ല എന്റര്‍ ടൈന്‍മെന്റ് ആണെന്ന് പറഞ്ഞു. പിന്നെ സുരാജ് വെഞ്ഞാറമൂട്. വലിയ സന്തോഷം തോന്നി

  john-varghese

  ?ജോണ്‍ വര്‍ഗീസ് എന്ന സംവിധായകനെ മലയാള സിനിമാ ലോകം സ്വീകരിച്ചു കഴിഞ്ഞു. ഇനി എന്താണ് ഭാവി പരിപാടി

  (ചിരിക്കുന്നു) നല്ല സിനിമകള്‍ ചെയ്യണം. പ്രേക്ഷകരെ ബോറടിപ്പിക്കരുത്. നിര്‍മാതാക്കള്‍ക്ക് നഷ്ടം വരരുത് എന്ന ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ.

  English summary
  Interview with John Varghese the director of Adi Kapyare Koottamani
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X