For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിഞ്ഞാലും എനിക്ക് മാറ്റങ്ങളുണ്ടാവില്ല; വിവാഹ വിശേഷങ്ങളെ കുറിച്ച് രാധിക

  By Aswini
  |

  തട്ടത്തിന്‍ മറയത്തെ ഉമ്മച്ചിക്കുട്ടിയൊക്കെ മലയാളി മനസ്സില്‍ ചേക്കേറുന്നതിന് മുമ്പ് ഖല്‍ബില്‍ കുടിയേറിയ കഥാപാത്രമാണ് റസിയ. പര്‍ദ്ദയണിഞ്ഞ് ശരീരം മുഴുവന്‍ മൂടി കണ്ണുകള്‍ കൊണ്ട് സംസാരിച്ച പെണ്‍കുട്ടി. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തില്‍ റസിയയായെത്തിയ രാധിക ഇപ്പോള്‍ കല്യാണപ്പെണ്ണാണ്. അഭില്‍ കൃഷ്ണയുമായുള്ള വിവാഹം ഫെബ്രുവരി 12 ന് നടക്കും. വിവാഹ വിശേഷങ്ങളെ കുറിച്ചും പിന്നിട്ട സിനിമാ ജീവിതത്തെയും കുറിച്ച് രാധിക ഫില്‍മിബീറ്റിനോട് സംസാരിക്കുന്നു.

  എവിടെവരെയായി കല്യാണത്തിരക്കുകളൊക്കെ?
  (ചിരിച്ചുകൊണ്ട് രാധിക സംസാരിച്ചു തുടങ്ങി) കല്യാണം വിളിക്കാനൊക്കെ തുടങ്ങി. പര്‍ച്ചേഴ്‌സും ഓള്‍മോസ്റ്റ് കംപ്ലീറ്റായി. ഡെക്രേഷനും കാര്യവുമൊക്കെ നടന്നുകൊണ്ടിരിയ്ക്കുന്നു. എന്റെ ഫ്രണ്ട്ഷിപ് സര്‍ക്കിളിലുള്ള ആളുകളെയൊക്കെ ഞാന്‍ വിളിക്കുന്നുണ്ട്.

  radhika

  നടിമാരൊക്കെ ഇപ്പോള്‍ വിവാഹത്തില്‍ എന്തെങ്കിലുമൊക്കെ വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രദ്ധിക്കാറുണ്ട്. വസ്ത്രത്തിലോ ചടങ്ങുകളിലോ മറ്റോ. രാധികയുടെ കല്യാണത്തിന് എന്തായിരിക്കും സ്‌പെഷ്യല്‍?
  ഞങ്ങളുടെ കല്യാണത്തിന് അങ്ങനെ വ്യത്യസ്തതകള്‍ ഒന്നും ഉണ്ടാവില്ല. അതിനുള്ള അവസരമില്ല എന്നതാണ് സത്യം. പക്കാ ട്രഡീഷനല്‍ കല്യാണമായിരിക്കും. തമിഴ് ബ്രാഹ്മണ ശൈലിയിലുള്ള ചടങ്ങുകള്‍ തന്നെയുണ്ടാവും ഒരുപാട്. കല്യാണം മാത്രമാണ് ഇപ്പോള്‍ പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്.

  പ്രണയ വിവാഹമാണെന്ന് കേള്‍ക്കുന്നല്ലോ?
  ഇതൊരു പ്രണയ വിവാഹമല്ല. മാട്രിമോണി വഴിയാണ് വന്നത്. ബാക്കിയെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണ്. ചേട്ടന്‍ മാട്രിമോണിയില്‍ എന്റെ ബയോഡാറ്റ ഇട്ടിരുന്നു. അങ്ങനെയാണ് ആലോചന വന്നത്. പിന്നെ അന്വേഷിച്ചു. ഇരുവീട്ടുകാരും ചേര്‍ന്ന് തീരുമാനമെടുത്തു, വിവാഹത്തിലെത്തി

  -radhika-01

  ചെറുക്കനെ കുറിച്ച്?
  ചെറുക്കനെ കുറിച്ച് എന്ത് പറയാനാ (ചിരിക്കുന്നു). പേര് അഭില്‍ കൃഷ്ണ. ദുബായിലാണ്. ഇവന്റ് മാനേജ്മന്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. പഠിച്ചതും വളര്‍ന്നതുമൊക്കെ മുംബൈയിലാണ്. നാട് തൃശ്ശൂര്‍. അഭിയുടെ അച്ഛന്‍ കൃഷ്ണ കുമാറിന് ബിസിനസാണ്. അമ്മ ഉഷാകുമാരി.

  രാധിക എന്ന അഭിനേത്രിയോട് സംസാരിക്കുമ്പോള്‍ റസിയെ കുറിച്ച് ചോദിക്കാതെ വയ്യ. റസിയ ഇപ്പോഴും കൂടെയുണ്ടോ?
  റസിയയെ ആലോചിക്കാത്ത ഒരു ദിവസം പോലുമില്ല. റസിയ എപ്പോഴും എന്റെ കൂടെ തന്നെയുണ്ട്. ഇങ്ങനെ അഭിമുഖത്തിലൊക്കെ ക്ലാസ്‌മേറ്റ്‌സിനെ കുറിച്ച് ചോദിക്കുമ്പോള്‍ ഞാന്‍ പറയാറുണ്ട്, റസിയയെ കുറിച്ച് ചോദിക്കരുതെന്ന്. മറ്റൊന്നും കൊണ്ടല്ല, ഞാന്‍ റസിയയെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ അവരുദ്ദേശിച്ച ഇന്റര്‍വ്യു ഒരു പാരഗ്രാഫിലൊന്നും എഴുതി നിര്‍ത്താന്‍ കഴിയില്ല. അത്രയ്ക്കുണ്ട് റസിയയുടെ വിശേഷം.

  radhika

  റസിയയ്ക്ക് ശേഷം നല്ല വേഷങ്ങളൊന്നും വന്നില്ലല്ലോ എന്ന സങ്കടമുണ്ടോ?
  ഞാന്‍ ചെയ്ത കഥാപാത്രങ്ങളിലെല്ലാം സന്തോഷവതിയാണ്. റസിയയ്ക്ക് ശേഷം എനിക്ക് സംതൃപ്തി തന്ന കഥാപാത്രമാണ് ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്നിലെ വേഷം. ഒരുപാട് എഫേര്‍ട്ട് എടുത്ത് ചെയ്ത വേഷമാണ്. എനിക്ക് പത്ത് ദിവസത്തെ ഷൂട്ടിങ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും മാക്‌സിമം നന്നാക്കാന്‍ ശ്രമിച്ചു. ഡ്യൂപ്പുണ്ടായിരുന്നെങ്കിലും, അത് വേണ്ട ഞാന്‍ തന്നെ ചെയ്യണം എന്ന് പറഞ്ഞു. ചവിട്ടും തൊഴിയും കൊണ്ടതൊക്കെ ഞാന്‍ തന്നെയാണ്. അതുപോലെ ഡാഡികൂളിലെ വേഷം. മമ്മൂട്ടി സാറിന്റെ ക്രൂവില്‍ ബിജു ചേട്ടനൊപ്പം നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു. അതുപോലെ ട്വന്റി 20

  പിന്നെ റസിയയ്ക്ക് ശേഷം ചെറിയൊരു ഗ്യാപ്പുണ്ടായിരുന്നു. അതിന് ശേഷം റസിയയെ പോലെ, അതിനെക്കാള്‍ മുകളില്‍ എന്നൊക്കെ പറഞ്ഞാണ് എന്നെ പലരും വിളിച്ചത്. അതേ ട്വിസ്റ്റുള്ള കഥാപാത്രം, മുസ്ലീം പെണ്‍കുട്ടി. ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നു എന്ന് തോന്നിയപ്പോള്‍ ചിലതൊക്കെ ഞാന്‍ ഒഴിവാക്കി. അതില്‍ വിഷമമൊന്നും തോന്നിയിട്ടില്ല. എന്റേതായ ലോകത്ത് ഞാന്‍ തിരക്കുകളിലായിരുന്നു.

  radhika

  2013 ലാണ് രാധികയുടെ ഒടുവിലത്തെ ചിത്രം റിലീസ് ചെയ്തത്. ഇത്രയും വലിയൊരു ഗ്യാപ്പ് എന്തിനായിരുന്നു?
  മനപൂര്‍വ്വം എടുത്തതൊന്നുമല്ല. നല്ലൊരു കഥാപാത്രമായി എന്നെ ആരും വിളിച്ചില്ല എന്നതാണ് സത്യം. പിന്നെ ഞാന്‍ വെറുതെ ഇരിക്കുകയായിരുന്നില്ല. പെയിന്റിങില്‍ ശ്രദ്ധിച്ചു. കുറേ വരച്ചു. ഇപ്പോള്‍ മ്യൂറലാണ് വരയ്ക്കുന്നത്. പിന്നെ കുറേ കറങ്ങി. ചേട്ടന്‍ ദുബായിലാണ്. അവിടെയായിരുന്നു കുറച്ചുകാലം. ഒരു ബിസിനസ് തുടങ്ങുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു. അതേ കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. പിന്നെ സിനിമയിലിപ്പോള്‍ ന്യൂ ജനറേഷനൊക്കെയായില്ലേ...

  വിവാഹം കഴിഞ്ഞാല്‍ രാധിക ദുബായിലേക്ക് പോകുകയല്ലേ. സിനിമിലേക്കൊരു മടങ്ങിവരവുണ്ടാവുമോ?
  കല്യാണം കഴിഞ്ഞാല്‍ എനിക്കെന്ത് മാറ്റം സംഭവിക്കാനാണ്. എന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും കൂടെ തന്നെയുണ്ടാവും. അതിലൊന്നും മാറ്റം വരുത്തേണ്ടതില്ലല്ലോ. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ സിനിയില്‍ അഭിനയിക്കും. പിന്നെ ദുബായി എന്നെ സംബന്ധിച്ച് ഒരുപാട് ദൂരമുള്ള സ്ഥലമൊന്നുമല്ല. അടിക്കടി പോകാറുണ്ട്. ചേട്ടന്‍ അവിടെയാണ്. പിന്നെ കുറേ ഫാമിലിയുണ്ട്, ഫ്രണ്ട്‌സുണ്ട്. അതുകൊണ്ട് നാട് വിട്ടു പോകുന്ന ഫീലൊന്നും ഉണ്ടാവില്ല.

  radhika

  വിവാഹത്തിലൂടെ മറ്റൊരു പുതിയ ജീവിതത്തിലേക്ക് കടക്കുന്ന രാധികയ്ക്ക് ഫില്‍മിബീറ്റിന്റെ എല്ലാവിധ മംഗളാശംസകളും നേരുന്നു.

  English summary
  It's totally arranged marriage says Radhika
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X