For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലോക്ക്ഡൗണ്‍; കൊറോണ കാലത്തെ പരീക്ഷണങ്ങളെ കുറിച്ചും തിരിച്ചറിവുകളെ കുറിച്ചും പ്രിയങ്ക സംസാരിക്കുന്നു

  |

  എന്നും തിരക്കുകളെ കുറിച്ച് മാത്രം സംസാരിച്ചിരുന്ന ഒരു ജനസമൂഹമായിരുന്നു സിനിമാ താരങ്ങളുടേത്. ആളുകള്‍ തിരിച്ചറിയുന്നു എന്ന കാരണത്താല്‍ സ്വതന്ത്രമായി എവിടെയും പോവാനും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനും അവര്‍ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ മൂന്ന് നാല് മാസം അങ്ങിനെ ഒരു തിരക്കുകളുമില്ലാതെ ജീവിക്കുന്നതിലെ സുഖ-ദുഖങ്ങള്‍ ചിലര്‍ തിരിച്ചറിഞ്ഞു.

  ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തു, സമയക്കുറവ് കൊണ്ട് മുടങ്ങിപ്പോയ ആഗ്രഹങ്ങള്‍ ചിലത് സാധിച്ചെടുത്തു, ഒരു പ്രേക്ഷകനായി സിനിമ കാണാനും ആസ്വദിക്കാനും സാധിച്ചു... അങ്ങനെ അങ്ങനെ ഓരോരുത്തര്‍ക്കും പറയാന്‍ പലതുണ്ട്. ലോക്ക് ഡൗണ്‍ അനുഭവത്തെ കുറിച്ച് നടി പ്രിയങ്ക നായര്‍ അശ്വിനിയുമായി സംസാരിക്കുന്നു.

  ഇഷ്ടപ്പെടുന്നതൊക്കെ ചെയ്യാന്‍ സമയം കിട്ടിയില്ല എന്ന് ഇനി പറയില്ലല്ലോ...

  ഇഷ്ടമുള്ള കാര്യങ്ങള്‍ ഒരുപാട് ചെയ്യാനുള്ള അവസരം ലഭിച്ചു. സിനിമകള്‍ കാണും, വെബ് സീരീസ് കാണും, പുസ്തകം വായിക്കും. ഏറ്റവും പ്രധാനം ഭക്ഷണം പാചകം ചെയ്യുന്നതില്‍ ചെറിയൊരു 'എക്‌സപേര്‍ട്ട് ആയി എന്നതാണ് വീട്ടിലുള്ള സാധനങ്ങള്‍ വച്ച് എങ്ങിനെ ഏറ്റവും നല്ല രീതിയില്‍ പാചകം ചെയ്യാം എന്ന കാര്യത്തില്‍ പരീക്ഷണങ്ങള്‍ നടത്തുകയും വിജയ്ക്കുകയും ചെയ്തു. പിസ, ബര്‍ഗര്‍, ഗ്രില്‍ഡ് ചിക്കന്‍ പോലുള്ള ജഗ്ഗ് ഫുഡുകള്‍ വീട്ടില്‍ തനതായ രീതിയില്‍ ചെയ്യാന്‍ പഠിച്ചു. മകനൊപ്പം പുറത്ത് പോവാന്‍ പറ്റാത്തത് കൊണ്ട് അവനാവശ്യപ്പെടുന്നതക്കെ ഉണ്ടാക്കി കൊടുക്കാന്‍ കഴിയുന്നുണ്ട്. പണ്ട് പിസ ഉണ്ടാക്കി പരാജയപ്പെട്ടു പോയിരുന്നെങ്കിലും ഇപ്പോള്‍ എനിക്ക് ധൈര്യത്തില്‍ പറയാം, പിസ ഞാനുണ്ടാക്കി തരാം എന്ന്. പിസയുടെ ചീസും സോസുമെല്ലാം വീട്ടില്‍ എപ്പോഴുമുള്ള സാധനങ്ങള്‍ വച്ച് ഉണ്ടാക്കി പരീക്ഷിച്ചു വിജയം കണ്ടു.

  എന്ത് തന്നെയായാലും കൊറോണ നമ്മളെ പൂര്‍ണമായും 'ലോക്ക്' ആക്കി കളഞ്ഞില്ലേ....

  ഈ ഒരു സാഹചര്യം ജനങ്ങളെ വല്ലാതെ ബാധിച്ചിട്ടുണ്ട് എന്നത് സത്യമാണ്. പ്രത്യേകിച്ചും സിനിമാക്കാരെ. നാല് - അഞ്ച് മാസം ജോലി ഇല്ലാതെ ജീവിയ്‌ക്കേണ്ടി വരുന്നത് വളരെ പ്രയാസമാണ്. ഇനി എല്ലാം ശരിയായാലും ഈ അനിശ്ചിതാവസ്ഥ പൂര്‍ണമായും മാറില്ല. തിയേറ്ററിലേക്ക് ഇനി ആളുകള്‍ എത്താനൊക്കെ സമയമെടുക്കും. അതൊരു യാഥാര്‍ത്ഥ്യമാണ്. അത് അംഗീകരിച്ച് ജീവിച്ചേ പറ്റൂ.

  പുറത്തേക്ക് ഇറങ്ങാന്‍ പറ്റുന്നില്ല, ആഗ്രഹിച്ചത് പോലെ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്നില്ല എന്നൊന്നും എടുത്ത് പറയേണ്ടതില്ല. എല്ലാവരും അനുഭവിയ്ക്കുന്നത് തന്നെയാണല്ലോ ഇത്. ഇപ്പോള്‍ നമുക്ക് ചെയ്യാന്‍ പറ്റുന്നത് ഇന്നലകളെ കുറിച്ചും നാളെ കുറിച്ചും ആലോചിച്ച് ആകുലതപ്പെടാതെ ഇന്നില്‍ ജീവിക്കുക എന്നതാണ്. ആരോഗ്യം ശ്രദ്ധിക്കുക നല്ല നല്ല ഭക്ഷണം കഴിക്കുക സന്തോഷത്തോടെ ഇരിക്കുക എന്നതാണ് പ്രധാനം.

  കൊറോണ കാലം കഴിയുമ്പോഴേക്കും ആളുകള്‍ ഡിപ്രഷനടിച്ച് ചാവും എന്ന തരത്തില്‍ ട്രോളുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ..

  അതൊരു തമാശ എന്നതിനപ്പുറം ഗൗരവമുള്ള വിഷയം തന്നെയാണ്. മനസ്സ് എപ്പോഴും സന്തോഷത്തോടെ വച്ചാല്‍ മാത്രമേ അതില്‍ നിന്ന് രക്ഷയുള്ളൂ. കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കുമ്പോഴും നമ്മളെ കൊണ്ട് ആവും വിധം മറ്റുള്ളവരെ സഹായിക്കുമ്പോഴും മനസ്സിനൊരു സന്തോഷവും സമാധാനവും ലഭിയ്ക്കും. നമ്മളാരും ക്ഷണിച്ച് വന്ന അതിഥിയല്ല ഇത്.. ആര്‍ക്കും ഒരു ദോഷവും വരാതെ വന്നയാളെ മടക്കി അയക്കാം. കൈ കോര്‍ക്കാതെ മനസ്സ് കോര്‍ക്കാം.

  സിനിമാ ചിത്രീകരണങ്ങളൊക്കെ എന്തായി. പുതിയ പ്രൊജക്ടുകള്‍ ?

  പരസ്യ ചിത്രീകരണങ്ങളും ഫോട്ടോ ഷൂട്ടുകളും മുന്‍ കരുതലുകളോടെ നടന്നുകൊണ്ടിരിയ്ക്കുന്നു. ജോലി ചെയ്യാതെ പറ്റില്ലല്ലോ. ഒരു തമിഴ് സിനിമയും മലയാള സിനിമയും ചെയ്യുന്നതിനിടയിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇനി അതെന്ന് പുനരാരംഭിയ്ക്കും എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

  സമ്മര്‍ദ്ദം നിറഞ്ഞ നമ്മുടെ ജീവിത രീതികളെ സിനിമ എന്ന മാന്ത്രികതയിലൂടെ ഇല്ലാതാക്കുന്ന മജീഷ്യന്മാരാണ് അഭിനേതാക്കള്‍. കൊറോണയെ തുടര്‍ന്ന് ലോക്കായ നമ്മളെല്ലാവരെയും പോലെ അവരും ലോക്കാണ്. സുരക്ഷയോടെ ജോലി ചെയ്യാന്‍ അവര്‍ക്കും സാധിക്കട്ടെ എന്ന് ഫില്‍മിബീറ്റ് ആശംസിക്കുന്നു.

  English summary
  Priyanka Nair says about her lock down days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X