»   » ഒരു മുറൈ വന്ത് പാര്‍ത്തായാ, നാഗവല്ലിയുടെ കഥയല്ല; സംവിധായകന്‍ സാജന്‍ പറയുന്നു

ഒരു മുറൈ വന്ത് പാര്‍ത്തായാ, നാഗവല്ലിയുടെ കഥയല്ല; സംവിധായകന്‍ സാജന്‍ പറയുന്നു

Written By:
Subscribe to Filmibeat Malayalam

ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന പേര് കേള്‍ക്കുമ്പോള്‍ മലയാളി മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് മണിച്ചിത്രത്താഴിലെ നാഗവല്ലിയാണ്. എന്നാല്‍ ഇത് തെക്കിനിയില്‍ നിന്നും ചാടിയ നാഗവല്ലി പാടുന്ന പാട്ടല്ല. നവാഗതനായ സാജന്‍ കെ മാത്യു സംവിധാനം ചെയ്യുന്ന മലയാള സിനിമയാണ്. ഈ ചിത്രത്തിന് നാഗവല്ലിയുമായോ അവരുടെ കഥയുമായോ യാതൊരു ബന്ധവുമില്ല. വളരെ ആസ്വദിച്ച് ചെയ്ത ആദ്യ ചിത്രത്തിന്റെ വിശേഷങ്ങളുമായി സാജന്‍ ഫില്‍മിബീറ്റിനോട് സംസാരിയ്ക്കുന്നു.

 sajan-interview

? പേരിന് പിന്നില്‍
പേരിന് പിന്നില്‍ നാഗവല്ലിയുമായി ഒരു ബന്ധവുമില്ല. സിനിമയ്ക്ക് ഏറ്റവും യോജിച്ച പേരാണ്. 'നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാളെ കാണാന്‍ ആഗ്രഹിക്കുന്നു' എന്ന് മാത്രമേ പേര് കൊണ്ട് ഉദ്ദേശിച്ചുള്ളൂ.

? സിനിമയെ കുറിച്ച്
ഇതൊരു റൊമാന്റിക് കോമഡി ചിത്രമാണ്. ത്രികോണ പ്രണയമാണ് വിഷയം. കേരളത്തിലെ ഒരു ഉള്‍നാടന്‍ നാട്ടിന്‍ പുറത്താണ് കഥ നടക്കുന്നത്. ഉണ്ണി മുകുന്ദനെ പ്രണയിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍. സനുഷയും പ്രയാഗയുമാണ് നായികാ വേഷത്തില്‍ എത്തുന്നത്.

? അണിയറയില്‍ മിക്കവരും നവാഗതരാണല്ലോ
അതെ, കോര്‍ക്കേസ് ഫിലിംസിന്റെ ബാനറില്‍ സയ്യ്ദ് കോക്കറാണ് ചിത്രം നിര്‍മിയ്ക്കുന്നത്. സയ്യ്ദിക്കയെ കുറിച്ച് പറയുകയാണെങ്കില്‍, വളരെ സപ്പോര്‍ട്ടീവാണ് പുള്ളി. യാതൊരു തര സമ്മര്‍ദ്ദവും ചെലുത്താതെ വളരെ കൂളായിട്ടാണ് അദ്ദേഹം സിനിമയെ സമീപിച്ചത്. എങ്ങനെയായിരിക്കും എന്നൊരു ടെന്‍ഷന്‍ എനിക്കുണ്ടായിരുന്നെങ്കിലും അദ്ദേഹം നമ്മളെ വളരെ കംഫര്‍ട്ടബിളായി നിര്‍ത്തി.

അഭിലാഷാണ് തിരക്കഥ. കനല്‍, ദൃശ്യം, ഡോ. ലവ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ച വിനു തോമസാണ് പാട്ടുകളൊരുക്കുന്നത്. ധനേഷ് രവീദ്രനാണ് ഛായാഗ്രാഹണം. സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ ധനേഷിന്റെ ആദ്യത്തെ ചിത്രമാണ് ഒരു മുറെ വന്ത് പാര്‍ത്തായാ.

sajan-interview

? ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ നായക നിരയില്‍ സ്ഥാനമുറപ്പിച്ച് വരികയാണ്. കാഥാപാത്രത്തിലേക്കുള്ള യാത്ര
വലിയ എഴുത്തുകാരൊക്കെ പറയുന്നതുപോലെ ഒരു നടനെ മനസ്സില്‍ വച്ച് എഴുതിയ തിരക്കഥയൊന്നുമല്ല. ഈ കഥാപാത്രത്തെ ഫഹദ് ഫാസിലിനോ ദുല്‍ഖര്‍ സല്‍മാനോ ആര്‍ക്ക് വേണമെങ്കിലും അവതരിപ്പിയ്ക്കാവുന്നതാണ്. പക്ഷെ ഫസ്റ്റ് ചോയിസ് ഉണ്ണി തന്നെയായിരുന്നു. കഥ പൂര്‍ത്തിയായപ്പോള്‍ ഉണ്ണിയെ കണ്ടു സംസാരിച്ചു. അദ്ദേഹം ഓകെ പറഞ്ഞു.

? ഉണ്ണി മുകുന്ദനൊപ്പം അജു വര്‍ഗീസും ചിത്രത്തിലൊരു കഥാപാത്രം ചെയ്യുന്നു. അണിയറയിലെ ഒരു കൂട്ടം നവാഗതര്‍ക്കൊപ്പം അജുവും ഉണ്ണിയും
ഈ സിനിമ എന്നെ സംബന്ധിച്ച് പുതിയ അനുഭവമാണ്. ഉണ്ണി കുറിച്ച് പറയുകയാണെങ്കില്‍ വളരെ കോ ഓപ്പറേറ്റീവാണ്. ഡെഡിക്കേറ്റഡാണ്, ഓപ്പണാണ്. നമ്മളൊരു കാര്യം പറയുമ്പോള്‍ അത് കൃത്യമായി മനസ്സിലാക്കാന്‍ ശ്രമിയ്ക്കും. അത് ഉള്‍ക്കൊണ്ട് പ്രവൃത്തിയ്ക്കും. അജു വളരെ കൂളാണ്. പിന്നെ ഞങ്ങളെ സംബന്ധിച്ച് അങ്ങനെ പരിചയ സമ്പന്നര്‍, അല്ലാത്തവര്‍ എന്നൊന്നും ഉണ്ടായിരുന്നില്ല. അത്യന്തിക്കമായി നമ്മളെല്ലാം ഒരു സിനിമയ്ക്ക് വേണ്ടിയാണ് പ്രവൃത്തിയ്ക്കുന്നത്. എല്ലാവരും തുല്യരാണ്.

 sajan-interview

? ജനുവരി 27 ന് ഷൂട്ടിങ് ആരംഭിച്ച് മാര്‍ച്ച് 2 ന് പൂര്‍ത്തിയായി. ആദ്യ സിനിമയുടെ അനുഭവം
എനിക്ക് ഭയങ്കര രസമായിരുന്നു ഷൂട്ടിങ്. വളരെ ആസ്വദിച്ചാണ് ചെയ്തത്. വളരെ സപ്പോര്‍ട്ടീവായ ഒരു ക്രൂ എനിക്ക് കിട്ടി. ക്യാമറമാന്‍ മുതല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വരെ എല്ലാവരും വളരെ അധികം പിന്തുണ നല്‍കി കൂടെയുണ്ടായിരുന്നു. തുടക്കത്തില്‍ ഒരു അങ്കലാപ്പൊക്കെ ഉണ്ടായിരുന്നെങ്കിലും ഞങ്ങളെല്ലാവരും പരസ്പരം ബന്ധമുള്ളവരായതുകൊണ്ട് തന്നെ അതൊക്കെ മറി.

ഒരു ടീം വര്‍ക്കാണ് സിനിമ. തീര്‍ച്ചയായും നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെയാണ് അതിനെ സമീപിച്ചത്. ചില പരിമിധികള്‍ ഉണ്ടായിരുന്നു.. പിന്നെ സിനിമ പ്രേക്ഷകരുടെ കൈയ്യിലല്ലേ. ഒരു കുഞ്ഞു സിനിമയാണ്. അവരത് അംഗീകരിക്കും എന്ന് വിശ്വസിയ്ക്കുന്നു.

? ആസിഫ്, അലി സണ്ണി വെയിന്‍ തുടങ്ങിയവരെയൊക്കെ കേന്ദ്രകഥാപാത്രങ്ങളാക്കി സെന്റ് പീറ്റേഴ്‌സ് ഡേ എന്നൊരു ചിത്രം പ്രഖ്യാപിച്ചിരുന്നില്ലേ
അതെ, ആ പ്രൊജക്ട് മറ്റ് പല കാരണങ്ങള്‍ കൊണ്ടും പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. പിന്നെ സിനിമയല്ലേ. അതിന്റെ തിരക്കഥയെല്ലാം പൂര്‍ത്തിയായതാണ്. എപ്പോള്‍ വേണമെങ്കിലും ചെയ്യാവുന്നതാണ്. പക്ഷെ അങ്ങനെ അത് വീണ്ടും ചെയ്യുന്നതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. ആ സമയത്ത് ഞങ്ങളൊരു ആറ്, ഏഴ് കഥകളെ കുറിച്ച് സംസാരിച്ചിരുന്നു. അതില്‍ അനൗണ്‍സ് ചെയ്ത ചിത്രമാണ് ഒരു മുറൈ വന്ത് പാര്‍ത്തായാ.

 sajan-interview

? സാജന്‍ കെ മാത്യു എന്ന സംവിധായകനിലേക്കുള്ള വഴി
പീഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന സമയത്താണ് ഒരു സിനിമ ചെയ്യണം എന്നൊക്കെയുള്ള ആഗ്രഹം കത്തിനിന്നത്. 2005 ല്‍ ദീപുകരുണാകരനൊപ്പം അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസിലൊക്കെ പ്രവൃത്തിച്ചു. പിന്നീട് ഞാന്‍ പുറത്തേക്ക് പോയി. എല്‍ എല്‍ ബി കഴിഞ്ഞ്, എംബിഎ ചെയ്തു. വീണ്ടും തിരിച്ചു വന്ന് ദീപുവിനൊപ്പം ചേര്‍ന്ന് പ്രൊഡക്ഷന്‍ അസോസിയേഷനൊക്കെയായി രണ്ട് വര്‍ഷം പോയി. 2011 ലാണ് സിനിമ സംവിധാനം ചെയ്യണം എന്നതിനെ കുറിച്ച് സീരിയസായ ചര്‍ച്ചകള്‍ നടത്തിയത്. അതിന് ശേഷം ടമാര്‍ പഠാര്‍, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്നീ ചിത്രങ്ങളിലൊക്കൈ പ്രവൃത്തിച്ചു. സമയമായപ്പോള്‍ സ്വന്തം സിനിമയുടെ പണി തുടങ്ങി. (ചിരിക്കുന്നു)

sajan-interview

? എപ്പോഴാണ് ഒരു മുറൈ വന്ത് പാര്‍ത്തായ തിയേറ്ററുകളിലെത്തുന്നത്
ഷൂട്ടിങ് പൂര്‍ത്തിയായി. ഇനി ഡബ്ബിങ് ജോലികളിലേക്ക് കടക്കുകയാണ്. ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ ചിത്രം തിയേറ്ററിലെത്തിയ്ക്കാനാണ് പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്.

നിറഞ്ഞ ആത്മവിശ്വാസത്തോടെയുള്ള ചിരി സംസാരിച്ചു തീരുവോളം സാജനില്‍ ഉണ്ടായിരുന്നു. ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന ചിത്രത്തിനും ടീമിനും ഫില്‍മിബീറ്റിന്റെ എല്ലാവിധ ആശംസകളും നേരുന്നു.

English summary
Sajan K Mathew about his debut film Oru Murai Vanthu Parthaya

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam