»   » രാമലീല പരാജയപ്പെട്ടാല്‍ അതിന് ഒരേ ഒരു കാരണം മാത്രം... തിരക്കഥാകൃത്ത് സച്ചി പറയുന്നു!

രാമലീല പരാജയപ്പെട്ടാല്‍ അതിന് ഒരേ ഒരു കാരണം മാത്രം... തിരക്കഥാകൃത്ത് സച്ചി പറയുന്നു!

By Jince K Benny
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു സച്ചി സേതു എന്ന ഇരട്ട തിരക്കഥാകൃത്തുക്കളെ മലയാളി പ്രേക്ഷകര്‍ പരിചയപ്പെടുന്നത്. പിന്നീട് ഈ കുട്ടുകെട്ടില്‍ ഒരു പിടി വിജയ ചിത്രങ്ങള്‍ പുറത്തിറങ്ങി. ഡബിൾസിന് ശേഷം ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു. റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി സച്ചി എത്തി. അതിന് ശേഷം ചേട്ടായീസ്. പിന്നീട് സച്ചിയെ സംവിധായകന്റെ വേഷത്തിലാണ് പ്രേക്ഷകര്‍ കണ്ടത്, അനാര്‍ക്കലി എന്ന ചിത്രത്തിലൂടെ. ഇപ്പോഴിതാ തിരക്കഥാകൃത്തിന്റെ വേഷത്തില്‍ വീണ്ടും എത്തുകയാണ്.

  പൂജ റിലീസുകളില്‍ രാമലീല ഒരു സംസാര വിഷയമായി മാറുമ്പോഴും ഒട്ടും ടെന്‍ഷനില്ലാതെ, ചിരിക്കുന്ന മുഖത്തോടെയാണ് രാമലീലയുടെ തിരക്കഥാകൃത്ത് സച്ചി അഭിമുഖത്തിന് സമയം അനുവദിച്ചത്. സിനിമയേക്കുറിച്ചുള്ള ആത്മവിശ്വാസം ആ മുഖത്തും വാക്കുകളിലും നിറഞ്ഞ് നിന്നിരുന്നു. ഒന്നല്ല രണ്ട് സിനിമകളാണ് പൂജ അവധി ആഘോഷിക്കാന്‍ സച്ചിയുടെ കയ്യൊപ്പ് പതിഞ്ഞ് തിയറ്ററിലേക്ക് എത്തുന്നത്. 28ന് രാമലീലയും 29ന് ഷെര്‍ലക് ടോംസും. രണ്ട് ചിത്രങ്ങളേക്കുറിച്ചും ഫിലിമി ബീറ്റ് മലയാളത്തോട് മനസ് തുറക്കുകയാണ് സച്ചി.

  റിലീസിന് ദിവസങ്ങള്‍ മാത്രം, ? രാമലീലയുടെ തിരക്കഥാകൃത്തിന് ടെന്‍ഷനുണ്ടോ?

  ടെന്‍ഷനില്ല. കാരണം, ഇപ്പോള്‍ ഈ സിനിമയ്ക്ക് എതിരെയുള്ള മുറവിളി ദിലീപ് എന്ന നടന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടാണ്. അതില്‍ പക്ഷം പിടിക്കുന്നവരും, പക്ഷം പിടിക്കാത്തവരും, എതിര്‍ ചേരില്‍ എന്ന നിലയില്‍ നില്‍ക്കുന്നവരും ഉണ്ട്. സിനിമ നല്ലതാണെങ്കില്‍ സിനിമയെ ഏറ്റെടുത്തിട്ടുള്ളവരാണ് മലയാളികള്‍. അതു കൊണ്ട് തന്നെ ഈ പ്രതിസന്ധി സിനിമയെ ബാധിക്കുമോ എന്ന് ചോദിച്ചാല്‍, സിനിമ പരാജയപ്പെട്ടാല്‍ അത് സിനിമയുടെ മാത്രം കുഴപ്പം കൊണ്ടാണ്. അല്ലാതെ ഇപ്പോഴെത്തെ സാഹചര്യങ്ങള്‍ കൊണ്ടാവും എന്ന് എനിക്ക് ഒരു തോന്നലും ഇല്ല. സിനിമയില്‍ 100 ശതമാനം വിശ്വാസമുണ്ട്.

  സിനിമയുടേതായി പുറത്ത് വന്ന ടീസര്‍, പാട്ട്, പോസ്റ്റര്‍ ഇവയെല്ലാം ഇപ്പോഴത്തെ സാഹചര്യങ്ങളുമായി സാമ്യമുള്ളതാണ്. ഇതെങ്ങനെ സംഭവിച്ചു?

  തികച്ചും ആകസ്മികമാണിത്. ഈ സിനിമയിലെ രാമനുണ്ണി എന്ന് പറയുന്ന ദിലീപിന്റെ കഥാപാത്രം ഒരു എംഎല്‍എയാണ്. അയാള്‍ വലിയൊരു നിയമക്കുരിക്കില്‍ ഉള്‍പ്പെടുകയും മൊത്തം ജനങ്ങളാല്‍ വെറുക്കപ്പെടുകയും സ്വന്തം അമ്മ പോലും തള്ളിപ്പറയുകയും ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടാകുന്നു. അതൊരു രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഉള്ളതാണ്.
  കേസില്‍ ഉള്‍പ്പെട്ടതിന് ശേഷമുള്ള പോലീസ് ചോദ്യം ചെയ്യല്‍, പൊതുജനങ്ങളുടെ മുറവിളികള്‍, മാധ്യമ വിചാരണ അങ്ങനെ ഒരു വലിയ ഭാഗം ഈ സിനിമയിലുണ്ട്. അത് ദിലീപ് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പോലീസ് ചോദ്യം ചെയ്യല്‍ മാധ്യമ വിചാരണ എന്നിവയുമായി സാമ്യങ്ങളുണ്ട്.

  സിനിമയും നിലവിലെ സംഭവങ്ങളുമായി ബന്ധമുണ്ടോ?

  ഒരു വര്‍ഷം മുമ്പ് എഴുതി തീര്‍ന്നതാണ് രാമലീലയുടെ തിരക്കഥ. ഇപ്പോഴത്തെ ഈ സംഭവ വികാസങ്ങള്‍ ഉണ്ടായിട്ട് നാലഞ്ച് മാസങ്ങളേ അകുന്നൊള്ളു. അതിന് മുമ്പേ രാമലീലയുടെ ചിത്രീകരണം കഴിഞ്ഞിരുന്നു. ദിലീപ് അറസ്റ്റിലാകുന്നതിന് മുമ്പേ സിനിമയുടെ അവസാന ഘട്ട ഡബ്ബിംഗ് വരെ പൂര്‍ത്തിയായിരുന്നു. സിനിമയിലുള്ള ചില കാര്യങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചു എന്ന് മാത്രം. അത് ആകസ്മികമാണ്. തമ്പുരാന്റെ തിരക്കഥയാണ്.

  ഇപ്പോഴത്തെ സംഭവങ്ങളെ സിനിമയുടെ പ്രമോഷന് വേണ്ടി ഉപയോഗിക്കുന്നുണ്ടോ? അച്ഛന് ശ്രാദ്ധമിടുന്ന ചിത്രം വരെ പോസ്റ്ററായി?

  രാമലീല എന്ന സിനിമയില്‍ ഉള്ള കാര്യങ്ങള്‍ മാത്രമാണ് പ്രമോയ്ക്ക് ഉപയോഗിച്ചിട്ടുള്ളു. അല്ലാതെ ഇപ്പോഴത്തെ സാഹചര്യം മുതലെടുക്കാന്‍ വേണ്ടി ഒന്നും ചെയ്തിട്ടില്ല. എത്രയോ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഉള്ള, സിനിമകള്‍ സൂപ്പര്‍ ഹിറ്റ് ആക്കിയിട്ടുള്ള ആളാണ് ദിലീപ്. ഒരു സിനിമയ്ക്ക് പത്ത് അറുപത് ദിവസം ജയലില്‍ പോയി കിടക്കുക എന്ന് പറഞ്ഞാല്‍, അത് വളരെ ബാലിശമായ ചിന്തകളാണ്.

  എന്തുകൊണ്ട് ദിലീപ്?


  ഞാന്‍ പൊതുവേ ദിലീപ് സിനിമകളില്‍ നിന്നും അകന്ന് നില്‍ക്കുന്ന ഒരാളായിരുന്നു. മറ്റൊന്നുമല്ല, അങ്ങനെയുള്ള ഹ്യൂമര്‍ സംഭവങ്ങള്‍ എനിക്ക് വഴങ്ങാത്ത ഒന്നാണ്. വാച്യമായ കോമഡികള്‍ എനിക്ക് വഴങ്ങില്ല. അതേ സമയം ദിലീപിന്റെ വിജയിച്ച സിനിമകളും ദിലീപ് പേരെടുത്ത സിനിമകളുമെല്ലാം അത്തരത്തിലുള്ളതാണ്. അതുകൊണ്ടാണ് ദിലീപ് ചിത്രങ്ങളില്‍ നിന്നും അകന്ന് നിന്നത്.
  റണ്‍ ബേബി റണ്‍ ചെയ്ത് കഴിഞ്ഞ് സമയം. ആ സിനിമ കണ്ടതിന് ശേഷം ദിലീപ് എന്നോട് പറഞ്ഞു, 'ഭായി നമുക്ക് ഇതുപോലെ ഒരു സിനിമ ചെയ്യണം'. സിനിമ സീരിയസ് ആയിരിക്കും, ഹ്യൂമറിന് പതിവ് ദിലീപ് സിനിമകളുടെ പ്രാധാന്യവും ഉണ്ടാകില്ലെന്ന് ഞാന്‍ പറഞ്ഞു. സാഹചര്യങ്ങള്‍ അനുവദിക്കുന്ന കോമഡികള്‍ മാത്രമേ ഞാന്‍ ചെയ്യാറുള്ളു. 'ഞാന്‍ ചെയ്യുന്ന സിനിമകള്‍ നോക്കണ്ട്. ഭായിക്ക് ഇഷ്ടപ്പെട്ട ഭായിയുടെ പോലെത്തെ ഒരു സിനിമയാണ് എനിക്ക് വേണ്ടത്. അതില്‍ ഞാന്‍ ഇടപെടാനേ വരില്ല. ഭായിക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടെന്നും' ദിലീപ് പറഞ്ഞു. അതു കൊള്ളാം, അങ്ങനെയാണെങ്കില്‍ നമുക്ക് അലോചിക്കാം എന്ന് മനസില്‍ ഉണ്ടായിരുന്നു.
  രാമലീലയുടെ കഥ മനസില്‍ ആദ്യം രൂപപ്പെടുമ്പോള്‍ ദിലീപ് ആയിരുന്നില്ല. മറ്റൊരു പശ്ചാത്തലിത്തിലുള്ള ചിത്രത്തിലേക്ക് പൃഥ്വിരാജിനെയാണ് പരിഗണിച്ചത്. ആദ്യം അനാര്‍ക്കലി അതിന് ഒരു വര്‍ഷത്തിന് ശേഷം ഈ സിനിമ ചെയ്യാം എന്ന് പൃഥ്വിരാജ് പറഞ്ഞു. അനാര്‍ക്കലി അല്ലെങ്കില്‍ രാമലീല എന്ന ഓപ്ഷന്‍ വന്നപ്പോള്‍ അനാര്‍ക്കലി തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് ആലോചിച്ചപ്പോള്‍ ദിലീപ് അനുയോജ്യമാണ് കഥ എന്ന് മനസിലാക്കി കഥാപശ്ചാത്തലത്തില്‍ മാറ്റം വരുത്തി ദിലീപിന് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു. ദിലീപ് ഓകെ പറഞ്ഞു.

  സംവിധായകനായി അരുണ്‍ ഗോപി എത്തുന്നത് എങ്ങനെ?

  അരുണ്‍ ഗോപിക്കൊപ്പം ഞാന്‍ ഒരു സിനിമയും ചെയ്തിട്ടില്ല. ഞാന്‍ തിരക്കഥ എഴുതിയ ഒരു സിനിമയിലും അരുണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നില്ല. റണ്‍ ബേബി റണിന് ശേഷമാണ് അരുണ്‍ ഗോപി എന്നെ കാണാന്‍ വരുന്നത്. മധു സാറിന്റെ ഒക്കെ അസിസ്റ്റന്റായിരുന്നു എന്ന് പറഞ്ഞ് പരിചയപ്പെടുത്തി. സ്വതന്ത്രമായി ചെയ്യുന്ന സിനിമയ്ക്ക് ചേട്ടന്‍ സ്‌ക്രിപ്റ്റ് തരണമെന്ന് പറഞ്ഞു.
  ദിലീപ് ഓകെ പറഞ്ഞപ്പോള്‍ ചിത്രം അരുണ്‍ ഗോപി സംവിധാനം ചെയ്യും എന്ന് ദിലീപിനോട് പറഞ്ഞു. ക്രേസി ഗോപാലനില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അരുണ്‍ ഗോപി. ഇത് പറഞ്ഞപ്പോള്‍ ദിലീപിന് അരുണ്‍ ഗോപിയെ മനസിലായി. പിന്നീടായിരുന്നു അരുണ്‍ ഗോപിക്കൊപ്പം ദിലീപിനെ കണ്ടത്. ഇതിന് ശേഷമായിരുന്നു ടോമിച്ചന്‍ മുളകുപാടം നിര്‍മാതാവായി എത്തിയത്. അരുണ്‍ ഗോപിയുടെ സുഹൃത്ത് നോബിള്‍ മാത്യു വഴിയായിരുന്നു ടോമിച്ചന്‍ മുളകുപാടം ഇതിലേക്ക് എത്തിയത്. അങ്ങനെയാണ് ഇതൊരു പ്രോജക്ട് ആയത്.

  ലൊക്കേഷനില്‍ സജീവ സാന്നിദ്ധ്യമാകാത്ത തിരക്കഥാകൃത്ത്, ശരിയോണോ?

  രാമലീലയുടെ ലൊക്കേഷനില്‍ രണ്ടോ മൂന്നോ തവണയോ മാത്രമേ പോയിട്ടുള്ളു. അതിന് രണ്ട് കാരണങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന്, ഷെര്‍ലക് ടോംസ് എന്ന ഷാഫി ചിത്രത്തിന്റെ എഴുത്തിന്റെ തിരക്കിലായിരുന്നു. രണ്ട്, അരുണ്‍ ഗോപി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ്. എന്റെ സാന്നിദ്ധ്യം അരുണിന് ഒരു ടെന്‍ഷന്‍ ആകേണ്ടന്ന് കരുതി. ആദ്യ സിനിമ അരുണിന് ഇഷ്ടമുള്ള രീതിയില്‍ ചെയ്യാനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ദിലീപ് അത്യാവശ്യമായി ചില വ്യക്തതകള്‍ വേണമെന്ന് ആവശ്യപ്പെട്ട രണ്ടോ മൂന്നോ തവണ മാത്രമേ ഞാന്‍ ലൊക്കേഷനിലേക്ക് പോയിട്ടൊള്ളു.
  ഡബ്ബിംഗ് സമയത്ത് പൂര്‍ണമായി പങ്കെടുത്തു. കാരണം വാചികമായ ചില പ്രയോഗങ്ങള്‍, രാഷ്ട്രീയക്കാരുടെ ചില ശൈലികള്‍ ഇത് കൃത്യമായി കിട്ടുന്നതിന് വേണ്ടിയാണ് ഡബ്ബിംഗ് സമയത്ത് ഞാന്‍ ഉണ്ടായിരുന്നത്.
  ഷൂട്ടിംഗ് സമയത്ത് ലൊക്കേഷനില്‍ ഉണ്ടാകണമെന്ന് ജോഷി സാറിന് നിര്‍ബന്ധമുണ്ട്. ഷാഫി പക്ഷെ അത്തരം നിര്‍ബന്ധമുള്ള ആളല്ല. എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഫോണില്‍ വിളിച്ചാണെങ്കിലും വ്യക്തത വരുത്തും. അഥവാ ലൊക്കേഷനില്‍ പോയാലും ഷൂട്ടിംഗ് സ്ഥലത്തേക്ക് പോകാറില്ല. മാറി നില്‍ക്കാറാണ് പതിവ്.

  ഷെര്‍ലക് ടോംസും രാമലീലയും ഒന്നിച്ചെത്താനുണ്ടായ സാഹചര്യം?

  രാമലീല വളരെ നേരത്തെ, മാസങ്ങള്‍ക്ക് മുമ്പേ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ മൂലം നീണ്ട് പോവുകയായിരുന്നു. അതേസമയം ചിത്രീകരണത്തിന് മുന്നേ റിലീസ് ഡേറ്റ് സെപ്തംബര്‍ 29ലേക്ക് തീരുമാനിച്ച ചിത്രമായിരുന്നു ഷെര്‍ലക് ടോംസ്.

  വ്യത്യസ്ത ജോണറിലുള്ള ചിത്രങ്ങളാണല്ലോ ഓരോന്നും. മന:പ്പൂര്‍വ്വമാണോ?

  ചിലര്‍ പറയാറുണ്ട്, ഇത് എന്റെ മേക്കിംഗ് സ്റ്റൈല്‍ ആണെന്ന്, ഷാജി കൈലാസ്, ജോഷി സാര്‍, രണ്‍ജി പണിക്കര്‍ എന്നിവര്‍ക്കെല്ലാം അവരുടെ സ്റ്റൈല്‍ ഉണ്ട്. എന്റെ ചിത്രങ്ങള്‍ ഒരു സിനിമയുടെ ഗുണമോ ഭാവമോ കളറോ ഇല്ലാത്ത ചിത്രമായിരിക്കണം അടുത്തത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. എന്റെ ഒരു സ്‌റ്റൈല്‍ എന്ന് പറയുന്നതല്ല കഥ ആവശ്യപ്പെടുന്ന രീതിയിലാണ് അതിന്റെ ക്രാഫ്റ്റ് ഉണ്ടാകുന്നത്. അല്ലാതെ എന്റെ രീതി ഇത് തന്നെയാണെന്നും പറഞ്ഞ് അതിലേക്ക് ബാക്കി എല്ലാകൂടെ കൂട്ടിക്കെട്ടുക എന്നതല്ല. ചോക്ലേറ്റില്‍ തീര്‍ത്തും വ്യത്യസ്തമാണ് റോബിന്‍ഹുഡ്. അതിന് ശേഷം വരുന്ന മേക്കപ്പ്മാനും സീനിയേഴ്‌സും എല്ലാം ഒന്ന് ഒന്നില്‍ നിന്നും വ്യത്യസ്തമാണ്.

  രണ്ട് വ്യത്യസ്ത ജോണറിലുള്ള ചിത്രങ്ങള്‍ ഒരേ സമയം

  രാമലീല ഗൗരവുമുള്ള കഥ പറയുമ്പോള്‍ ഹ്യൂമര്‍ പശ്ചാത്തലത്തിലുള്ള ചിത്രമാണ് ഷെര്‍ലക് ടോംസ്. ഷെര്‍ലക് ഹോംസ് നോവലുകളുടെ ആരാധകനാണ് ചിത്രത്തിലെ ബിജു മേനോന്‍ കഥാപാത്രം. പത്താം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്ന ടോംസിന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു കുറ്റാന്വേഷകനാകുക എന്നതാണ്. പത്താം ക്ലാസും പ്രിഡിഗ്രിയും ഡിഗ്രിയും പാസാകുന്ന ടോംസ് ആഗ്രഹിച്ച നിലയിലല്ല എത്തിപ്പെടുന്നത്. ടോംസിന്റെ കുറ്റാന്വേഷണ ത്വര അയാളെ ഒരു വലിയ പ്രശ്‌നത്തിലാക്കുകയാണ്. ഹാസ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ പറയുന്നത്.

  അനാര്‍ക്കലി കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം സച്ചിയുടെ തിരക്കഥയില്‍ രണ്ട് സിനിമകള്‍ ഒരേ സമയം തിയറ്ററിലേക്ക് എത്തുകയാണ്. രണ്ട് വ്യത്യസ്ത ജോണറില്‍ പെട്ടവയാണ് രണ്ട് ചിത്രങ്ങളും. ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ രാമലീല പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. അതേ സമയം ഷാഫി, സച്ചി, ബിജു മേനോന്‍ കൂട്ടുകെട്ടാണ് ഷെര്‍ലക് ടോംസിനേക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നത്. അഭിമുഖം അവസാനിക്കുമ്പോഴും രണ്ട് ചിത്രങ്ങളേക്കുറിച്ചും ആ തിരക്കഥാകൃത്തിന്റെ മുഖത്ത് ആശങ്ക ഉണ്ടായിരുന്നില്ല.
  രാമലീലയ്ക്കും ഷെര്‍ലക് ടോംസിനും ഫിലിമി ബീറ്റ് മലയാളത്തിന്റെ വിജയാശംസകള്‍.

  English summary
  If Ramaleela fails in theater, there will be only one reason says Sachi.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more