»   » മോഹന്‍ലാല്‍ എളിമയുള്ള സൂപ്പര്‍സ്റ്റാര്‍, ഒപ്പം വിശേഷങ്ങളെ കുറിച്ച് വിമല രാമന്‍

മോഹന്‍ലാല്‍ എളിമയുള്ള സൂപ്പര്‍സ്റ്റാര്‍, ഒപ്പം വിശേഷങ്ങളെ കുറിച്ച് വിമല രാമന്‍

Posted By: Ajmal Ismail
Subscribe to Filmibeat Malayalam

വിമല രാമനെ മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തണമെന്നില്ല. കോളേജ് കുമാരന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പവും നസ്രാണി എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പവും റോമിയോ എന്ന ചിത്രത്തില്‍ ജനപ്രിയ നായകന്‍ ദിലീപിനൊപ്പവും വിമല പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിയിട്ടുണ്ട്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിയ്ക്കുന്ന ഒപ്പം എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് വിമല രാമന്‍. വിശേഷങ്ങളുമായി വിമല രാമന്‍ ഫില്‍മിബീറ്റിനൊപ്പം ചേരുന്നു

vimala-raman

? നല്ലൊരു മടങ്ങിവരവിന് വേണ്ടി കാത്തിരുന്നതായിരുന്നോ? എന്താണ് ഒപ്പം എന്ന ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാന്‍ കഴിയുക


അതെ. ചെറിയോരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ട്. നല്ലൊരു തിരക്കഥയ്ക്കും പ്രൊജക്ടിനും വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു. പ്രിയന്‍ സാറിന്റെയും ലാലേട്ടന്റെയും കോമ്പിനേഷനില്‍ വരുന്ന, വ്യത്യസ്തമായൊരു സസ്‌പെന്‍സ് ത്രില്ലറാണ് ഒപ്പം. പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കുന്ന ചിത്രമായിരിയ്ക്കും. എന്റെ വേഷവും ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഒരുപാട് സര്‍പ്രൈസിന് വേണ്ടി തയ്യാറെടുക്കുക


?കോളേജ് കുമാരന്‍ എന്ന ചിത്രത്തിന് ശേഷം വീണ്ടും മോഹന്‍ലാലിനൊപ്പം. എന്താണ് ആ മഹാനടനൊപ്പമുള്ള അഭിനയാനുഭവം


എട്ട് വര്‍ഷം മുമ്പാണ് കോളേജ് കുമാരന്‍ എന്ന ചിത്രത്തിന് വേണ്ടി ഞാന്‍ ലാലേട്ടനൊപ്പം അഭിനയിച്ചത്. വീണ്ടുമൊരു വലിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. വളരെ എളിമയുള്ള സൂപ്പര്‍സ്റ്റാറാണ് ലാലേട്ടന്‍. ഏറ്റവും പ്രധാന കാര്യമെന്താണെന്നുവച്ചാല്‍, ഈ എട്ട് വര്‍ഷത്തിനിടെ ശാരീരികമായി പോലും ഞങ്ങള്‍ രണ്ട് പേര്‍ക്കും ഒരു മാറ്റവുമില്ല എന്നതാണ്. വീണ്ടും ലാലേട്ടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായിട്ടാണ് കാണുന്നത്.


vimala-raman

?പ്രിയദര്‍ശന്‍ സിനിമയില്‍ അഭിനയിക്കുക ഏതൊരു മലയാളി നടിയുടെയും സ്വപ്‌നമാണ്. അദ്ദേഹത്തിനൊപ്പമുള്ള അനുഭവം എങ്ങനെയായിരുന്നു


പ്രിയന്‍ സാര്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ സ്വപ്‌നസാക്ഷാത്കാരമാണ്. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. അദ്ദേഹത്തിന്റെ ഓരോ സിനിമയും കണ്ടാസ്വദിക്കുമ്പോഴും ഒരു സിനിമയിലെങ്കിലും അഭിനയിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. വളരെ കാര്യക്ഷമയുള്ള, ഏറ്റവും കൂളായ സംവിധായകനാണ് പ്രിയന്‍ സര്‍. കഥാപാത്രത്തിന് ആവശ്യമുള്ളതെന്താണെന്ന് കൃത്യമായി അറിയാവുന്ന, പ്രിയന്‍ സാറിനെ പോലൊരു ലെജന്റിനൊപ്പം സിനിമ ചെയ്യാന്‍ കഴിയുന്നത് എന്റെ ഭാഗ്യമാണ്. വളരെ സ്വാഭാവികതയുള്ള സംവിധായകനാണ് അദ്ദേഹം.


 vimala-raman

?അന്തരിച്ച നടന്‍ കലാഭവന്‍ മണിയ്‌ക്കൊപ്പമായിരുന്നു വിമല രാമന്റെ ഏറ്റവും ഒടുവിലത്തെ സിനിമ. പെട്ടന്നുള്ള അദ്ദേഹത്തിന്റെ വേര്‍പാട് വലിയ വേദനയുണ്ടാക്കിയിരിക്കാം. അതേ കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ


തീര്‍ച്ചയായും മണിസാറിന്റെ പെട്ടന്നുള്ള വേര്‍പാട് വലിയൊരു നഷ്ടം തന്നെയാണ്. അത്രയേറെ കഴിവുള്ള, മനുഷ്യസ്‌നേഹിയായ മണി സാറിന്റെ വേര്‍പാട് ഇന്റസ്ട്രിയുടെ വലിയ നഷ്ടം തന്നെ. അദ്ദേഹത്തിനൊപ്പം രണ്ട് സിനിമകളില്‍ (നസ്രാണി, യാത്ര ചോദിക്കാതെ) അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു. എപ്പോഴും സെറ്റിനെ സന്തോഷത്തോടെ നിലനിര്‍ത്താന്‍ അദ്ദേഹം ശ്രമിക്കും. ഷോട്ടിന് ഇടയിലൊക്കെയുള്ള അദ്ദേഹത്തിന്റെ തമാശകളും മിമിക്രിയും കേട്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്. ആര്‍ഐപി സര്‍


?പുതിയ പ്രൊജക്ടുകളെ കുറിച്ച്


ഒപ്പത്തിന് ശേഷം തെലുങ്കില്‍ ഓം നമോ വെങ്കിടേശായ എന്ന ചിത്രമാണ് ചെയ്യുന്നത്. തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ രാഘവേന്ദ്ര റാവുവാണ് ചിത്രത്തിന്റെ സംവിധായകന്‍. നാഗാര്‍ജ്ജുനാണ് നായകന്‍. പുരാതന കഥയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണ്. തെലുങ്കിലെ ലെജന്റ്‌സിനൊപ്പം ഇതുപോലൊരു സിനിമ ചെയ്യാന്‍ അവസരം ലഭിയ്ക്കുന്നതിന്റെ എക്‌സൈറ്റ്‌മെന്റുണ്ട്.


vimala-raman

?കേരളീയര്‍ ഒപ്പത്തിനൊപ്പം ഓണാഘോഷത്തിന് തയ്യാറെടുക്കുകയാണ്. അവരോട് എന്താണ് പറയാനുള്ളത്


എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു. തിയേറ്ററില്‍ ഒപ്പത്തിനൊപ്പം ഞങ്ങളും നിങ്ങളുടെ ഓണാഘോഷത്തിനെത്തുന്നു. ഓണത്തിന് എന്റെ ഒരു സിനിമ റിലീസാകുന്നതില്‍ വലിയ സന്തോഷമുണ്ട്. എല്ലാവര്‍ക്കും ഐശ്വര്യവും സന്തോഷവുമുള്ള ഓണാശംസകള്‍ നേരുന്നു.

English summary
Vimala Raman sharing about Oppam Experiences

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam