»   » കാസനോവക്ക്‌ ജീവന്‍ വെക്കുന്നു

കാസനോവക്ക്‌ ജീവന്‍ വെക്കുന്നു

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യാനിരുന്ന കാസനോവയ്‌ക്ക്‌ വീണ്ടും ജീവന്‍ വെയ്‌ക്കുന്നു.

ഉദയനാണ്‌ താരം, നോട്ട്‌ ബുക്ക്‌ എന്നീ ചിത്രങ്ങള്‍ക്ക്‌ ശേഷം റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യാനിരുന്ന ഈ ബിഗ്‌ ബജറ്റ്‌ ചിത്രം നിര്‍മ്മാണം ഏറ്റെടുത്തിരുന്നത്‌ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ രംഗത്തെ പ്രമുഖരായ കോണ്‍ഫിഡന്റ്‌ ഗ്രൂപ്പുകാരായിരുന്നു. എന്നാല്‍ ഷൂട്ടിംഗ്‌ ഷെഡ്യൂളുകള്‍ വരെ തീരുമാനിച്ചുറപ്പിച്ചതിന്‌ ശേഷം കോണ്‍ഫിഡന്റ്‌്‌ ഗ്രൂപ്പ്‌ പ്രൊജക്ടില്‍ നിന്നും പിന്‍മാറിയെന്നായിരുന്നു സിനിമാ രംഗത്ത്‌ പ്രചരിച്ചത്‌.

മോഹന്‍ലാല്‍, ബാല, ലക്ഷ്‌മി റായി എന്നിങ്ങനെ വമ്പന്‍ താരനിരയെ അണിനിരത്തി വിയന്നയിലും മറ്റു വിദേശ ലൊക്കേഷനുകളിലുമായി കാസനോവ ചിത്രീകരിയ്‌ക്കാനായിരുന്നു സംവിധായകന്‍ ഉദ്ദേശിച്ചിരുന്നത്‌. പത്ത്‌ കോടിയോളമാണ്‌ ചിത്രത്തിന്‌ ബജറ്റെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

പക്ഷേ നിര്‍മാതാക്കളുടെ പെട്ടെന്നുള്ള പിന്‍മാറ്റം ഏറെ അഭ്യൂഹങ്ങള്‍ക്ക്‌ വഴിതെളിച്ചു. വമ്പന്‍ പ്രതീക്ഷകളോടെയത്തിയ മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ്‌ ജാക്കിയ്‌ക്ക്‌ ലഭിച്ച മോശം പ്രതികരണമാണ്‌ പിന്‍മാറ്റത്തിന്‌ കാരണമെന്ന്‌ വരെ വ്യാഖ്യാനങ്ങളുണ്ടായി.

എന്നാല്‍ കാസനോവ ഉപേക്ഷിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന്‌ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്‌ പറയുന്നു. ഒരു സിനിമാ മാഗസിന്‌ നല്‌കിയ അഭിമുഖത്തിലാണ്‌ റോഷന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്‌.

ജയിംസ്‌ ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ ആശീര്‍വാദ്‌ നിര്‍മ്മിയ്‌ക്കുന്ന ലാല്‍ ചിത്രത്തിന്‌ ശേഷം കാസനോവയുടെ വര്‍ക്കുകള്‍ തുടങ്ങുമെന്നാണ്‌ റോഷന്‍ വിശദീകരിയ്‌ക്കുന്നത്‌. ആശീര്‍വാദ്‌ ചിത്രത്തില്‍ ഒരു കര്‍ഷകന്റെ വേഷമത്തിലാണ്‌ ലാല്‍ അഭിനയിക്കുന്നത്‌.

കാസനോവയ്‌ക്ക്‌ ശേഷം ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്‌. ഇതൊരു ലോ ബജറ്റ്‌ ചിത്രമാണെന്നും റോഷന്‍ പറഞ്ഞു. ലാലിന്റെ പഴയ കാല ചിത്രങ്ങളുടെ നൊള്‍സ്റ്റാജിയയില്‍ നിന്നാണ്‌ ഈ ചിത്രത്തിന്റെ ആശയം പൊന്തി വന്നത്‌. അതേ സമയം കാസനോവ പോലുള്ള സിനിമകള്‍ വലിയ ബജറ്റ്‌ ഡിമാന്റ്‌ ചെയ്യുന്നവയാണ്‌. കാസനോവനയുടെ കഥ ആവശ്യപ്പെടുന്നത്‌ ചിത്രത്തില്‍ വരണമെങ്കില്‍ ബജറ്റ്‌ കൂടുമെന്നും റോഷന്‍ പറഞ്ഞു. ഉദയനാണ്‌ താരവും നോട്ട്‌ ബുക്കും അത്തരത്തിലുള്ള സിനിമകളായിരുന്നുവെന്നും റോഷന്‍ വിശദീകരിച്ചു.

മോഹന്‍ലാല്‍ അമേരിക്കന്‍ യാത്ര കഴിഞ്ഞെത്തിയാല്‍ ആഗസ്റ്റ്‌ പകുതിയോടെ ആശീര്‍വാദ്‌ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്‌ക്കും. അതിന്‌ ശേഷമായിരിക്കും കാസനോവയുടെ വര്‍ക്കുകള്‍ തുടങ്ങുക.
കാസനോവയുടെ ദുബായ്‌ ചിത്രീകരണത്തിന്‌ മാത്രം രണ്ടു കോടി ചെലവ്‌ വരുമെന്നതനാലാണ്‌ ഷൂട്ടിംഗ്‌ തത്‌കാലം മാറ്റിവെച്ചത്‌. കുറച്ച്‌ ഭാഗങ്ങള്‍ ബാംഗ്ലൂരിലും ബാക്കി വിയന്നയിലുമായി ചിത്രീകരിയ്‌ക്കാനാണ്‌ ഇപ്പോഴത്തെ പദ്ധതിയെന്നും റോഷന്‍ പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam