For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താമരമാലയുമായ് ചിങ്ങമെത്തുമ്പോള്‍

  By കെ പി സന്ദീപ്
  |

  Onam Music
  അപ്സരകന്യകയുടെ ശാപമേറ്റ്, ഇന്ദ്രനീലം കൊണ്ടു തീര്‍ത്ത ദേവാങ്കണങ്ങള്‍ വിട്ടു പോരേണ്ടി വന്ന ഒരു ഗന്ധര്‍വനുണ്ടായിരുന്നു. ഭൂമിയില്‍ സ്വര്‍ഗ്ഗലോകത്തിന്‍റെ മായികത തീര്‍ക്കാന്‍ കെല്‍പുള്ള, വെള്ളിത്തിരയില്‍ മതിമറന്നു ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ഭൂമിയെ അതിരറ്റ് ആ ഗന്ധര്‍വന്‍ സ്നേഹിച്ചു. എങ്കിലും പാടുമ്പോഴെല്ലാം തന്‍റെ ജന്മദേശത്തിന്‍റെ ഓര്‍മകള്‍ ഉണര്‍ത്തിക്കൊണ്ടിരുന്നു. നിത്യഹരിതയായ ഭൂമിയിലല്ലാതെ കാമുകഹൃദയങ്ങളുണ്ടാവില്ലെന്ന് പാടുമ്പോഴും അപ്സരകന്യകള്‍ പെറ്റുവളര്‍ത്തുന്ന ചിത്രശലഭങ്ങള്‍ അദ്ദേഹത്തിന്‍റെ കിനാക്കളില്‍ നിറഞ്ഞു.

  ആകാശത്തും ഭൂമിയിലുമല്ലാതെയുള്ള തന്‍റെ നില്‍പിനിടയിലും മണ്ണിലെ ജീവിതത്തിന്‍റെ തീക്ഷ്ണഗന്ധം അദ്ദേഹമറിഞ്ഞിരുന്നു.

  ഭുമിയില്‍ നിന്നു ചവുട്ടിപ്പുറത്താക്കപ്പെട്ട ഒരു രാജാവിനെക്കുറിച്ചുള്ള ഓര്‍മകള്‍ ആ ഗന്ധര്‍വ രാജകുമാരനില്‍ നിറച്ചത് സമത്വത്തെക്കുറിച്ചുള്ള ആശങ്കകളാണ്. എത്ര മനോഹരമായാണ് അദ്ദേഹത്തിന്‍റെ വരികളില്‍ അവ നിറയുന്നതെന്ന് നോക്കുക: പുഞ്ചപ്പാടത്തെ പൊന്നുംവരമ്പത്താണ് പെണ്ണും ചെറുക്കനും ആദ്യമായി കാണുന്നത്. പെണ്ണിന് താമരപ്പൂണാരം പയ്യന് ചുണ്ടത്ത് കിന്നാരം...മഴപെയ്താല്‍ ചോരുന്ന കുടിലിലെ നീലപ്പുലയിയാണ് പെണ്ണ് . അവളെ പ്രേമിച്ച പഞ്ചമിച്ചന്ദ്രന് കനകം മേഞ്ഞ നാലുകെട്ടും....

  'കെട്ടാപ്പുര കെട്ടിയും വെട്ടാപ്പുഴ വെട്ടിയു'മാണ് വ്യവസ്ഥയോടുള്ള അവരുടെ പോരാട്ടം. വെള്ളിക്കലപ്പ കോണ്ടുഴുത നിലങ്ങളില്‍ അവര്‍ സ്വപ്നങ്ങള്‍ വിതച്ച് സ്വര്‍ണം കൊയ്തെടുത്തു....

  ...പുത്തന്‍ പവന്‍മാല തീര്‍ത്തു,
  പെണ്ണിനു പുത്തന്‍ പവന്‍മാല തീര്‍ത്തു,
  അത്തം പത്തിന് പൊന്നോണം, അന്നു വെളുപ്പിന് കല്യാണം.

  ബി വസന്തയുടെ മലയാളിത്തം തുളുംബുന്ന ആലാപനത്തില്‍ അതിമനോഹരമായിത്തീര്‍ന്ന, വയലാര്‍ എഴുതിയ ഈ ഗാനം, ഓണം വിഷയമായി വരുന്ന സിനിമാഗാനങ്ങളില്‍ എന്തുകൊണ്ടും മുന്നില്‍ നില്‍ക്കുന്നതാണെന്നു പറയാം. ഓണത്തെ അതിന്‍റെ സത്തയിലുള്‍ക്കൊണ്ട ഇത്തരം ഗാനങ്ങള്‍ പിന്നീടൊരിക്കലും സൃഷ്ടിക്കപ്പെട്ടില്ലെന്ന് പറഞ്ഞാല്‍ അതില്‍ അതിശയം കാണേണ്ടതില്ല. അവ ഒരു കാലഘട്ടത്തിന്‍റെ കൂടി സൃഷ്ടിയാണ്.

  നാലഞ്ച് തുമ്പകൊണ്ട് മാനത്താഘോഷിക്കുന്ന പൊന്നോണത്തെക്കുറിച്ചു പാടുവാന്‍ ഭാസ്കരന്‍മാഷിന് ചങ്കുറപ്പ് നല്‍കിയതും ഇതേ കാലഘട്ടം ഉയര്‍ത്തിപ്പിടിച്ച മൂല്യബോധമാണ്. പാതിരാക്കുയിലുകള്‍ കുഴലകളൂതുമ്പോള്‍, പാലപ്പൂം കൊമ്പുകള്‍ പനിനീര് വീശുമ്പോള്‍, ആരവങ്ങളില്ലാതെ പാരിന്‍റെ മാറത്ത് പായ നിവര്‍ത്തി കിടക്കാനൊരുങ്ങുന്ന ചെറുജീവിതങ്ങള്‍ ഭാസ്കരന്‍മാഷിന്‍റെ പാട്ടുകളില്‍ നിറയുന്നു.

  ഓണപ്പാട്ടുകാരില്‍ കാവ്യഭംഗി കൊണ്ടും പി ഭാസ്കരന്‍ ശ്രദ്ധ നേടി. മഴയൊട്ടു മാറി ഓണവെയിലുദിക്കുമ്പോള്‍ മാനത്ത് പടര്‍ന്ന മഴവില്ലിന് വെള്ളം നനയ്ക്കുവാന്‍ (ഉണരുണരൂ ഉണ്ണിപ്പൂവെ...) അദ്ദേഹത്തിന്‍റെ വാക്കുകള്‍ എളുപ്പം വഴങ്ങുന്നു. കരളിലെ മാനിന് കറുകകൊടുക്കുന്ന ഒരു കാവ്യതന്ത്രം അദ്ദേഹത്തിന് വശമായിരുന്നു.

  ഓണത്തെക്കുറിച്ച് പാടുമ്പോഴെല്ലാം ഭാസ്കരന്‍മാഷിന്‍റെ വരികളില്‍ നിലാവ് പെരുക്കും. 'മഞ്ഞണിപ്പൂനിലാവ്' എന്നു തുടങ്ങുന്ന ഗാനം കേള്‍ക്കുക. കെ രാഘവന്‍ ഈ ഗാനത്തിന് നല്‍കിയ പരിചരണത്തില്‍ ഓണത്തിന്‍റെ പ്രണയഭാവം നിറച്ചിരിക്കുന്നു. എള്ളെണ്ണ മണമുള്ള തന്‍റെ മുടിക്കെട്ടില്‍ മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരനെ അവള്‍ കാത്തിരിക്കുന്നു. കാമുകനായ ചിങ്ങം വരുന്നത് താന്നിയൂരമ്പലത്തിലെ കഴകക്കാരനെപ്പോലെയാണ്. (വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് താന്നിയൂരമ്പലത്തില്‍ കഴകക്കാരന്‍ വരിക)

  ഓണപ്പാട്ടെന്ന് വിളിക്കാന്‍ കഴിയില്ലെങ്കിലും ഓണം മണക്കുന്ന ചില പാട്ടുകളുണ്ട്. കന്നിനിലാവത്ത് എന്നു തുടങ്ങുന്ന ഗാനം ഇതില്‍ പെട്ടതാണ്. ബാബുരാജിന്‍റെ ഈണം ഭാസ്കരന്‍ മാഷ് വരികളില്‍ കുറുക്കിപ്പാര്‍ന്ന നിലാവിനെ പൂര്‍ണമായും ഉള്‍ക്കൊണ്ടിരിക്കുന്നു. ഇത്തരം ഗാനങ്ങളില്‍ പി ലീലയുടെ ശബ്ദം എത്ര മനോഹരമായി പ്രവര്‍ത്തിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഭക്തിഗാനങ്ങള്‍ക്ക് ചേര്‍ന്നതെന്ന് തോന്നിക്കുന്ന അവരുടെ ശബ്ദത്തിലെ നിറഞ്ഞുതുളുംബുന്ന മാദകത്വവും കാമുകീഭാവവും കണ്ടെത്താന്‍ ബാബുരാജിനെ പോലുള്ളവര്‍ക്ക് എളുപ്പം കഴിഞ്ഞു.

  ഇതേ ടീമിന്‍റെ സൃഷ്ടിയാണ് 'നല്ലോലപ്പൈങ്കിളി' എന്നു തുടങ്ങുന്ന, തച്ചോളി ഒതേനനിലെ മനോഹര ഗാനവും.

  ഓണക്കാലത്തിന്‍റെ ആഘോഷാരവങ്ങളാണ് ജോണ്‍സന്‍റെ സംഗീതത്തില്‍ നിറയുക. 'വെള്ളാരപ്പൂമല മേലെ' എന്നു തുടങ്ങുന്ന ഗാനം കേള്‍ക്കാതെ ഒരു ഓണക്കാലവും കടന്നുപോകാറില്ല. 'പാലാഴീ തീരം കണ്ടൂ ഞാന്‍' എന്ന ഗാനവും ഓണത്തിന്‍റെ ഗന്ധം പേറുന്നു. കൈതപ്രത്തിന്‍റെ വാക്കുകളിലെ നാട്ടുവഴക്കം ഏറ്റവും സൗകുമാര്യത്തോടെ പ്രവര്‍ത്തിച്ച ഗാനങ്ങളാണിവ.

  ജോണ്‍സണ്‍- ഒ എന്‍ വി ടീമിന്‍റെ 'പൂവേണം പുപ്പട' വേണം എന്നു തുടങ്ങുന്ന ഗാനവും ഓണക്കാലത്ത് മലയാളി തിരഞ്ഞെത്തുന്ന പാട്ടാണ്.

  സലില്‍ ചൗധരിയുടെ ഈണങ്ങള്‍ തന്‍റേതായ ശൈലിയില്‍ മലയാളത്തെ കണ്ടെത്തുകയായിരുന്നു. അവ എത്രയും വിജയിച്ചു. 'ഓണപ്പൂവേ പൂവേ' എന്നു തുടങ്ങുന്ന ഗാനവും 'പൂവിളി പൂവിളി' എന്ന ഗാനവും ഓണത്തെ ആത്മാവില്‍ അറിഞ്ഞവയാണ്. ഓണമലയാളത്തെ തിരിച്ചറിഞ്ഞ മറ്റൊരു സംഗീത സംവിധായകന്‍ ഇളയരാജയാണ്. 'തുമ്പീവാ തുമ്പക്കുടത്തിന്‍' എന്ന ഗാനം അതിന്‍റെ പ്രത്യേക പരിചരണം കൊണ്ടും ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. ഈയിടെ ഒരു അമിതാഭ് ബച്ചന്‍ സിനിമയില്‍ (പാ) ഇളയരാജ ഇതേ ട്യൂണ്‍ എടുത്തുപയോഗിക്കുകയുണ്ടായി.

  തിരുവോണം ഉച്ചതിരിഞ്ഞാല്‍ അടുത്ത ഉത്രാടം വരെയും പറഞ്ഞു നീട്ടാനുള്ള കഥകളുണ്ട് ഓണപ്പാട്ടുകളെക്കുറിച്ച്. ലളിതഗാനങ്ങളിലാണ് ഓണം എക്കാലത്തും നിറഞ്ഞുനിന്നത്. ഓണത്തിന് പറയാനുള്ള ലളിതമായ തത്വം പകരാന്‍ ഇതിനോളം പോന്ന മറ്റൊരു വഴിയുമില്ല. കാലത്തിന്‍റെ മുറത്തില്‍ ചേറിയൊതുക്കാതെ അവ ചിക്കിപ്പരത്തിയിട്ടിരിക്കുന്നു.

  English summary
  A tipical Malayali celebrates his Onam, the popular festival of Kerala, with the populist renderings of cinema songs. The brilliant past of the Malayalam songs contributed a handful songs that depicting the philosophy behind the festival Onam in a light emotional way.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X