»   » വിമത നായകന്‍മാര്‍ വീണ്ടുമൊന്നിക്കുന്നു

വിമത നായകന്‍മാര്‍ വീണ്ടുമൊന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Vinayan-Thilakan
മലയാള സിനിമയിലെ റിബല്‍ നായകന്‍മാര്‍ വീണ്ടുമൊന്നിയ്ക്കുന്നു. ചലച്ചിത്ര സംഘടനകളുടെ കണ്ണിലെ കരടായ വിനയനും തിലകനുമാണ് വീണ്ടുമൊന്നിയ്ക്കുന്നത്. വിനയന്‍ ഒരുക്കുന്ന അടുത്ത രണ്ട് ചിത്രങ്ങളിലും തിലകന്റെ സാന്നിധ്യമുണ്ടാവും. ഒന്നില്‍ നായകനായെത്തുമ്പോള്‍ മറ്റൊന്നില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കും.

എതിര്‍പ്പുകളും വിലക്കുകളും ഭേദിച്ച് തിയറ്ററുകളിലെത്തിയ യക്ഷിയും ഞാനും നേടിയ വിജയത്തിന്റെ ആഹ്ലാദം പങ്കുവെയ്ക്കുന്നതിനായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിനയന്‍ പുതിയ പ്രൊജക്ടിനെക്കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. യക്ഷിയിലെ അഭിനേതാക്കളായ സുധീര്‍, ജുബില്‍ രാജ്, മേഘ്‌ന തുടങ്ങിയവരും വിനയനൊപ്പം ഉണ്ടായിരുന്നു.

എന്റെ സിനിമ ഇറക്കില്ലെന്ന് വാശിപിടിച്ചവര്‍ ചിത്രത്തിന്റെ സ്വീകാര്യത കണ്ട് പശ്ചാത്താപിയ്ക്കുന്നുണ്ട്. കേരളത്തിലുടനീളം പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണമാണ് സിനിമയ്ക്ക് ലഭിയ്ക്കുന്നത്. യക്ഷിയും ഞാനും എട്ടുനിലയില്‍ പൊട്ടുമെന്നായിരുന്നു ചിലയാളുകള്‍ പറഞ്ഞുനടന്നിരുന്നത്. എന്നാല്‍ ഇപ്പോഴെന്തായി വിനയന്‍ ചോദിച്ചു. ആരൊക്കെ വിലക്കിയാലും പ്രേക്ഷകരെ വിലക്കാന്‍ സാധിക്കില്ലെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. അതിന്റെ ഏറ്റവും വലിയ തെളിവാണ് തന്റെ പുതിയ ചിത്രമായ 'യക്ഷിയും ഞാനും' എന്ന് വിനയന്‍ ചൂണ്ടിക്കാണിച്ചു

ഗ്രാഫിക്‌സിന് പ്രധാന്യമുള്ള ആലിബാബയും നാല്‍പത് കള്ളന്‍മാരും പിന്നെ ഒരു കള്ളിയും എന്ന സിനിമയൊരുക്കാന്‍ പദ്ധതിയിട്ടുണ്ട്. അടുത്ത വിഷുവിന് ചിത്രം തിയറ്ററുകളിലെത്തും. ഇതിന് മുമ്പ് തിലകനെ നായകനാക്കി ഫ്രീഡം ഫൈറ്റര്‍ എന്ന സിനിമയും ചെയ്യും.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമാ പോസ്റ്ററുകള്‍ കീറിയപ്പോള്‍ കരഞ്ഞ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അവര്‍ നിര്‍മിക്കുന്ന ചിത്രങ്ങള്‍ക്ക് ഈ സൂപ്പര്‍താരങ്ങളുടെ ഡേറ്റ് ഉറപ്പിക്കാനാണ് പാടുപെടുന്നത്.

സംഘടനാപ്രശ്‌നങ്ങളെല്ലാം സിനിമയുടെ കാര്യത്തില്‍ മാറ്റിവയ്ക്കണം. തിരക്കഥ നന്നാക്കാന്‍ ശില്‍പ്പശാല നടത്തണമെന്നു പറയുന്ന സൂപ്പര്‍താരം തിരക്കഥ തെരഞ്ഞെടുക്കുന്നതില്‍ ഔചിത്യം പുലര്‍ത്തുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കണം. മലയാള സിനിമയിലെ തമ്പുരാക്കന്‍മാര്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും വിനയന്‍ വ്യക്തമാക്കി.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam