»   » തീവണ്ടി വരുന്നു; പത്താം നിലയില്‍ നിന്ന്‌

തീവണ്ടി വരുന്നു; പത്താം നിലയില്‍ നിന്ന്‌

Posted By:
Subscribe to Filmibeat Malayalam
Jayasurya, Meera and Anoop
ജയസൂര്യയുടെ രണ്ട്‌ ചിത്രങ്ങള്‍ മത്സരിയ്‌ക്കുന്ന കാഴ്‌ചയാണ്‌ പോയ വാരത്തില്‍ തിയറ്ററുകളില്‍ കാണാനായത്‌. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്‌ത 'ഇവര്‍ വിവാഹിതരാ'യാലും വിശ്വനാഥ്‌ സംവിധാനം ചെയ്‌ത 'ഡോക്ടര്‍ പേഷ്യന്റു'മാണ്‌ തിയറ്ററുകളില്‍ പരസ്‌പരം മത്സരിയ്‌ക്കുന്നത്‌. ഇതില്‍ 'ഇവര്‍ വിവാഹിതരായാല്‍' സൂപ്പര്‍ ഹിറ്റിലേക്ക്‌ കുതിയ്‌ക്കുകയാണെന്ന്‌ സൂചനകള്‍ ലഭിച്ചു കഴിഞ്ഞു. തന്റെ ഒരോ പുതിയ ചിത്രങ്ങളിലും വ്യത്യസ്‌തമായ വേഷങ്ങളാണ്‌ ജയസൂര്യ തേടുന്നത്‌.

കറന്‍സിയിലൂടെ ഇമേജ്‌ ബ്രേക്കിങ്‌ തുടങ്ങിയ ജയസൂര്യയുടെ വരാനുള്ള ചിത്രങ്ങളും താരത്തിന്റെ പുതിയ മുഖമാണ്‌ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിയ്‌ക്കുന്നത്‌.

അച്ഛന്‍-മകന്‍ ബന്ധത്തിന്റെ കഥ പറയുന്ന പത്താം നിലയിലെ തീവണ്ടിയിലും ജയസൂര്യയ്‌ക്ക്‌ മികച്ച കഥാപാത്രം തന്നെയാണ്‌ ലഭിച്ചിരിയ്‌ക്കുന്നത്‌. ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കലാകൗമുദിയില്‍ പ്രശസ്‌ത തിരക്കഥാകൃത്ത്‌ ഡെന്നീസ്‌ ജോസഫ്‌ എഴുതിയ ചെറുകഥയെ അധികരിച്ചാണ്‌ പത്താം നിലയിലെ തീവണ്ടി ഒരുക്കുന്നത്‌.

അച്ഛനും മകനും തമ്മിലുള്ള കത്തിടപാടിന്റെ തീവ്രതയിലൂടെയും ആത്മ നൊമ്പരങ്ങളിലൂടെയുമാണ്‌ സിനിമയുടെ കഥ വികസിയ്‌ക്കുന്നത്‌. മനോരോഗാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശങ്കരനാരായണന്‍ മകന്‍ രാമുവിന്‌ അയക്കുന്ന കത്തുകളില്‍ സ്വന്തം മകനെയും കുടുംബത്തെയും കാണാനുള്ള പിതാവിന്റെ ആഗ്രഹങ്ങളാണ്‌ നിഴലിയ്‌ക്കുന്നത്‌. ഇടതടവില്ലാതെ കഴിയ്‌ക്കുന്ന മരുന്നുകളുടെ ആലസ്യത്തിനിടെ പലതും ഓര്‍ത്തെടുത്ത്‌ മകന്‌ കത്തയക്കുന്ന അച്ഛന്‍. ജീവതാവസാനം വരെ അയാള്‍ കൊതിച്ചത്‌ മകന്റെ അച്ഛാ എന്ന വിളി കേള്‍ക്കാനായിരുന്നു.

നീണ്ടൊരിടവേളയ്‌ക്ക്‌ ശേഷം സംവിധാനരംഗത്തേക്ക്‌ തിരിച്ചുവരുന്ന ജോഷി മാത്യു മനുഷ്യ മനസ്സിന്റെ വിഭ്രാന്തികളുടെ മറ്റൊരവസ്ഥയാണ്‌ പ്രേക്ഷകര്‍ക്ക്‌ കാണിച്ചു കൊടുക്കുന്നത്‌. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ശങ്കരനാരായണനായെത്തുന്നത്‌ ഇന്നസെന്റാണ്‌. മകന്‍ രാമുവിന്റെ വേഷം അവതരിപ്പിയ്‌ക്കുന്നത്‌ ജയസൂര്യയാണ്‌.

കറന്‍സിയ്‌ക്ക്‌ ശേഷം മീരാ നന്ദന്‍ ജയസൂര്യയുടെ നായികയാകുന്ന സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്‌. അനൂപ്‌ മേനോന്‍ ചിത്രത്തില്‍ പ്രധാനമായൊരു വേഷം അവതരിപ്പിയ്‌ക്കുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam