»   » ലാല്‍-സിബി വീണ്ടും; കൂടെ ലോഹിയും

ലാല്‍-സിബി വീണ്ടും; കൂടെ ലോഹിയും

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ്‌ കൂട്ടുകെട്ടുകളിലൊന്നായ ലാല്‍-സിബി-ലോഹി ടീം വീണ്ടും. നീണ്ടൊരിടവേളയ്‌ക്ക്‌ ശേഷം സംവിധാനമെന്ന ഭാരമിറക്കിവെച്ച്‌ ലോഹിതദാസ്‌ സിബിയ്‌ക്കു വേണ്ടി തൂലികയെടുക്കുമ്പോള്‍ കൂട്ടുകെട്ടിലെ അനിവാര്യ ഘടകങ്ങളിലൊന്നായ ലാല്‍ തന്നെയാണ്‌ ഇവര്‍ക്കൊപ്പമുള്ളത്‌.

മലയാളത്തിലെ ഈ ഹിറ്റ്‌ കൂട്ടുകെട്ടിന്‍റെ താത്‌കാലികമായ വേര്‍പിരിയല്‍ ചലച്ചിത്ര പ്രേമികളെ ഏറെ നിരാശപ്പെടുത്തിയിരുന്നു. ലോഹിതദാസ്‌ തിരക്കഥാരചനയ്‌ക്ക്‌ പുറമെ സംവിധാനരംഗത്തേക്ക്‌ നീങ്ങിയതും സിബി മറ്റുള്ള തിരക്കഥാകൃത്തുക്കളെ കൂടുതലായി ആശ്രയിക്കാന്‍ ആരംഭിച്ചതോടെയുമാണ്‌ ഇരുവരും വേര്‍പിരിഞ്ഞത്‌.

എന്നാല്‍ ഈ അകല്‍ച്ച ഗുണത്തെക്കാളേറെ ദോഷം ചെയ്‌തത്‌ ഇരുവര്‍ക്കും തന്നെയായിരുന്നു. സിബി ചിത്രങ്ങളുടെ പരാജയങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ സംവിധാനരംഗത്തേക്ക്‌ ചുവട്‌ മാറിയ ലോഹിയുടെ നീക്കവും അത്ര കണ്ട്‌ വിജയമായില്ല. നല്ല തിരക്കഥകളുണ്ടായിട്ടും സംവിധാനമികവിന്റെ അഭാവം ലോഹി ചിത്രങ്ങളില്‍ മുഴച്ചു നിന്നിരുന്നു.

മോഹന്‍ലാല്‍ നായകനായെത്തിയ ചെങ്കോല്‍ എന്ന ചിത്രത്തിന്‌ വേണ്ടിയായിരുന്നു ഇരുവരും അവസാനമായൊന്നിച്ചത്‌. ഹിസ്‌ ഹൈനസ്‌ അബ്ദുള്ള, ഭരതം, ധനം, കിരീടം, കമലദളം എന്നിവയാണ്‌ കൂട്ടുകെട്ടില്‍ പിറന്ന മറ്റു ഹിറ്റുകള്‍.

മുംബൈ മഹാനഗരത്തിന്റെ പശ്ചാത്തലത്തിലാണ്‌ പുതിയ ചിത്രമൊരുങ്ങുന്നതെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. എന്നാലിതിന്‌ സ്‌ഥിരീകരണമുണ്ടായിട്ടില്ല. തിരക്കഥയൊരുക്കുന്നതിന്‌ മുമ്പ്‌ തന്റെ പതിവ്‌ ശൈലിയില്‍ മഹാനഗരത്തെ അടുത്തറിയാന്‍ ശ്രമിച്ചു കൊണ്ടിരിയ്‌ക്കുകയാണ്‌ ലോഹിതദാസ്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam