»   » എആര്‍ റഹ്മാന്‍ വിവാദച്ചുഴിയില്‍

എആര്‍ റഹ്മാന്‍ വിവാദച്ചുഴിയില്‍

Posted By:
Subscribe to Filmibeat Malayalam
AR Rahman
കോമണ്‍വെല്‍ത്ത് ഗെയിംസിനെപ്പറ്റി ഒട്ടേറെക്കാര്യങ്ങള്‍ നാം കേട്ടുകഴിഞ്ഞു. രാജ്യം അഭിമാനത്തോടെ കാത്തിരുന്ന കായിക മേള ഇപ്പോള്‍ അപമാനമായി മാറുമോയെന്നാണ് ഏവരുടെയും ആശങ്ക. അഴിമതിയില്‍ മുങ്ങിക്കുളിച്ച കായികമേളയുടെ ചീഞ്ഞുനാറുന്ന കഥകള്‍ ഒരോ ദിവസവും പുറത്തുവരികയാണ്.

എങ്കിലും ഗെയിസിന്റെ ആവേശം പതഞ്ഞുയരുന്പോള്‍ വിവാദങ്ങളുടെ കാര്‍മേഘങ്ങള്‍ ഒഴിഞ്ഞുപോവുകയും മേളയുടെ വിജയത്തിന് വേണ്ടി എല്ലാവരും ഒത്തൊരുമയോടെ നില്‍ക്കുമെന്നാണ് സര്‍ക്കാരിന്‍റെയും സംഘാടകരുടെയും പ്രതീക്ഷ. എആര്‍ റഹ്മാന്റെ തീംസോങ് പുറത്തിറങ്ങുന്നതോടെ രാജ്യം കോമണ്‍വെല്‍ത്തിന്റെ ആവേശത്തില്‍ അലിഞ്ഞുചേരുമെന്നും സംഘാടകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എആര്‍ റഹ്മാന്റെ കോമണ്‍വെല്‍ത്ത് ഗാനം തന്നെ വിവാദത്തിലകപ്പെടുന്ന കാഴ്ചയാണ് ഇപ്പോള്‍ ഇന്ദ്രപ്രസ്ഥത്തില്‍ കാണാനാവുന്നത്.

അതേ ഓസ്‌കാര്‍-ഗ്രാമി ജേതാവ് എആര്‍ റഹ്മാന്‍ ഒരുക്കിയ കോമണ്‍വെല്‍ത്ത് തീംസോങിന് സമ്മിശ്ര പ്രതികരണമാണ് ലഭിയ്ക്കുന്നത്. റഹ്മാന്‍ സംഗീതം പകരുന്ന ഗാനങ്ങള്‍ ഏറെ നേരമെടുത്താണ് ജനഹൃദയങ്ങളില്‍ പതിയുകയെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നത്. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് തീംസോങിനെ വിമര്‍ശിയ്ക്കുന്നവര്‍ ഇതൊന്നും കണക്കിലെടുക്കുന്നില്ല. ഗാനത്തിന് ജനഹൃദയങ്ങളില്‍ ഇടേനേടാനുള്ള പഞ്ചില്ലെന്നാണ് ഇവരുടെ വിമര്‍ശനം.

ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് വേണ്ടി കൊളംബിയന്‍ ഗായിക ഷക്കീറ തയാറാക്കിയ 'വാക്ക വാക്ക' ഗാനവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് മദ്രാസ് മൊസാര്‍ട്ടിന്റെ ഗാനം ഏറെ വിമര്‍ശവിധേയമാവുന്നത്. വാക്ക വാക്കയുടെ അടുത്തൊന്നും റഹ്മാന്‍ ഗാനം എത്തില്ലെന്ന് വിമര്‍ശകരും രാഷ്ട്രീയക്കാരും പറയുന്നു.

'ഓ യാരോം യേ ഇന്ത്യ ബുലാലിയാ' എന്നിങ്ങനെ തുടങ്ങുന്ന സ്വാഗത ഗാനത്തിന് കോണ്‍വെല്‍ത്ത് കമ്മിറ്റി അംഗങ്ങള്‍ക്ക് തന്നെ ഏറെ പിടിച്ചിട്ടില്ല. കോമണ്‍വെല്‍ത്ത് ബോസ് സുരേഷ് കല്‍മാഡി ഗാനത്തെ പുകഴ്ത്തുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്ക് റഹ്മാന്‍ സംഗീതം പോരെന്ന നിലപാടുള്ളവാരണ്.

തീംസോങ് റഹ്മാന്‍ റീകമ്പോസ് ചെയ്യണമെന്നും വിമര്‍ശകരും ഒരുവിഭാഗം രാഷ്ട്രീയക്കാരും ആവശ്യമുയര്‍ത്തിയിട്ടുണ്ട്. അഞ്ച് കോടി രൂപ ചെലവില്‍ ആറുമാസമെടുത്താണ് റഹ്മാന്‍ കോമണ്‍വെല്‍ത്ത് ഗാനം ഒരുക്കിയത്. തീംസോങിന്റെ ഓഫീഷ്യല്‍ റിലീസിന് മുമ്പ് ചില മാറ്റങ്ങളുണ്ടാവുമെന്ന് റഹ്മാന്‍ ഏതാനും ദിവസം മുമ്പ് പറഞ്ഞിരുന്നു.

ഓസ്‌കാര്‍ ജേതാവില്‍ നിന്നും ലക്ഷക്കണക്കിന് വരുന്ന ആരാധകര്‍ ഇതില്‍ കൂടുതലാണ് പ്രതീക്ഷിയ്ക്കുന്നത്. സംഗീതം റീകമ്പോസ് ചെയ്യണമെന്നും വലിയൊരു വിഭാഗം ആവശ്യപ്പെടുന്നു. പുതിയ വിമര്‍ശനങ്ങളോട് റഹ്മാന്‍ എങ്ങനെ പ്രതികരിയ്ക്കുമെന്ന് കാത്തിരിയ്ക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകര്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam