»   » തേജാഭായിയുടെ മധുരക്കിനാവ് കയ്ക്കുന്നു

തേജാഭായിയുടെ മധുരക്കിനാവ് കയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Madhuralinavin remix
മലയാള സിനിമയിലെ റീമിക്‌സ് വിവാദങ്ങള്‍ അവസാനമില്ലാതെ തുടരുന്നു. പൃഥ്വിരാജ് നായകനായ തേജാഭായി ആന്റ് ഫാമിലിയിലെ 'ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ....' എന്ന ഗാനത്തിന്റെ റീമിക്‌സാണ് വിവാദങ്ങളിലേക്ക് വീഴുന്നത്. തങ്ങളുടെ അനുമതിയില്ലാതെയാണ് ഗാനം റീമിക്‌സ് ചെയ്തതെന്നാരോപിച്ച് ഈ ഗാനത്തിന്റെ രചയിതാവ് ബിച്ചു തിരുമലയും സംഗീത സംവിധായകന്‍ ശ്യാമും രംഗത്തുവന്നുകഴിഞ്ഞു.

1984ല്‍ ഐവി. ശശി സംവിധാനം ചെയ്ത 'കാണാമറയത്ത്' എന്ന സിനിമയിലാണ് 'മധുരക്കിനാവിന്‍...' ആദ്യം പ്രത്യക്ഷപ്പെട്ടത്. മലയാളി യുവത്വത്തിന് ഡിസ്‌ക്കോയുടെ ലഹരി പകര്‍ന്നു നല്‍കിയ ഗാനത്തില്‍ റഹ്മാനും ശോഭനയുമാണ് അഭിനയിച്ചിരുന്നത്. വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും യുവത്വങ്ങള്‍ ഹരം പകരുന്ന മധുരക്കിനാവിനെ 'തേജാഭായി'യില്‍ ദീപക് ദേവ് ആണ് റീമിക്‌സ് ചെയ്തത്.

തന്നോടോ ശ്യാമിനോടോ അനുമതി വാങ്ങാതെയാണ് നടപടിയെന്നാണ് ബിച്ചു തിരുമല പറയുന്നത്. പാട്ട് റീമിക്‌സ് ചെയ്യുന്ന വിവരം പോലും ഞങ്ങളെ അറിയിച്ചില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.

ഇന്ത്യന്‍ പെര്‍ഫോമിങ് റൈറ്റ് സൊസൈറ്റി (ഐ.പി.ആര്‍.എസ്.) നിയമത്തിന് എതിരാണെന്നും ഐ.പി.ആര്‍.എസ്. നിയമപ്രകാരം പാട്ടിന്മേല്‍ ഗാനരചയിതാവിനും അവകാശമുണ്ടെന്നും ബിച്ചു പറയുന്നു. എന്നാല്‍ നിയമ നടപടികളൊന്നും ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും ഇതിനെതിരെ പ്രതികരിക്കേണ്ടത് സംഗീതപ്രേമികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

'തേജാഭായി'ക്കു വേണ്ടി രണ്ടു പാട്ടുകള്‍ തന്നെക്കൊണ്ട് എഴുതിച്ചിരുന്നുവെന്നും ബിച്ചു വെളിപ്പെടുത്തുന്നു എന്നാല്‍ പക്ഷേ ഇവ ചിത്രത്തില്‍ ഉപയോഗിച്ചിട്ടില്ല. ഗാനരചയിതാവിന്റെ സ്ഥാനത്ത് കൈതപ്രത്തിന്റെ പേരാണ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. പാട്ടുകളെഴുതിച്ചത് 'മധുരക്കിനാവ്' റീമിക്‌സ് ചെയ്യുന്നതിനെതിരെ താന്‍ രംഗത്തുവരുന്നതു തടയാനുള്ള തന്ത്രമായിരുന്നുവോയെന്നും ബിച്ചു സംശയിക്കുന്നുണ്ട്.

എന്നാല്‍ ഗാനം റീമിക്‌സ് ചെയ്യുന്നതിനുള്ള അവകാശം സരിഗമ ഇന്ത്യ ലിമിറ്റഡില്‍ നിന്ന് വില കൊടുത്ത് വാങ്ങിയതാണെന്നാണ് 'തേജാഭായി'യുടെ നിര്‍മാതാക്കളിലൊരാളായ ശാന്ത മുരളീധരന്റെ വിശദീകരണം. പാട്ടിന്റെ വിലയായി 1,50,000 രൂപയും നികുതിയിനത്തില്‍ 15,000 രൂപയും സരിഗമയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ രേഖകളെല്ലാം കൈവശമുണ്ടെന്നും ഇതിനെച്ചൊല്ലിയുള്ള എന്തു നിയമ നടപടിയും നേരിടാന്‍ തയ്യാറാണെന്നും ശാന്ത മുരളീധരന്‍ വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തില്‍ ബിച്ചു തിരുമലയുടെയും ശ്യാമിന്റെയും വാദങ്ങള്‍ നിലനില്‍ക്കുമോയെന്ന കാര്യം സംശയമാണ്. അടുത്തിടെ പുറത്തുവന്ന സുപ്രീം കോടതി വിധിയനുസരിച്ച് ഗാനങ്ങളുടെ അവകാശം മ്യൂസിക് കമ്പനികള്‍ക്കെന്നു ബോംബെ ഹൈക്കോടതി വിധിച്ചു. സംഗീതജ്ഞര്‍ക്കോ ഗാനരചയിതാക്കള്‍ക്കോ ഇക്കാര്യത്തില്‍ യാതൊരു അവകാശമില്ലെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം സൃഷ്ടികളെ അധികരിച്ചു നടത്തുന്ന മറ്റു ജോലികള്‍ക്കു നിലവിലുള്ള പകര്‍പ്പവകാശ നിയമപ്രകാരമുള്ള അവകാശങ്ങള്‍ സൃഷ്ടാക്കള്‍ക്ക് നിഷേധിക്കാനാകില്ലെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം വിവാദങ്ങളില്‍ ദീപക് ദേവ് കുരുങ്ങുന്നത് ഇതാദ്യമായല്ല. ദീപക്കിന്റെ ആദ്യചിത്രമായ ക്രോണിക്ക് ബാച്ചിലര്‍ മുതല്‍ ഇത്തരം വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്തിടെ ആലുക്കാസിന്റെ പരസ്യത്തിനായി ദീപക് ഈണമിട്ട 'എന്നില്‍ കുളിരിടും മൊഴിയുമായി അരികിലോ നീ വന്നു മെല്ലേ...'എന്ന പരസ്യ ജിംഗിള്‍ പന്ത്രണ്ടുവര്‍ഷം മുമ്പ് ജഴ്‌സണ്‍ ആന്റണിയുടെ സംഗീത സംവിധാനത്തില്‍ പുറത്തുവന്ന 'എന്നോര്‍മയില്‍ മിന്നുമാ കുഞ്ഞിലെ ക്രിസ്മസ്‌കാലം' എന്ന ക്രിസ്തീയ ഭക്തിഗാനത്തിന്റെ പകര്‍പ്പാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ദീപക്കിന്റെ തന്നെ'ഉറുമി'യിലെ 'ആരോ...' എന്ന ഗാനം കനേഡിയന്‍ ഗായിക ലൊറീന മക് കെന്നറ്റിന്റെ പ്രശസ്തമായ കാരവാന്‍ സെറായ് ഗാനത്തിന്റെ മോഷണമാണെന്നും പറയപ്പെടുന്നു.

English summary
rithviraj's latest Malayalam movie, Tejabhai And Family, has been hitting the headlines for one or the other reason ever since it has been announced.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X