»   » ഓണം: ബോക്സ് ഓഫീസില്‍ നഷ്ടക്കണക്കുകള്‍

ഓണം: ബോക്സ് ഓഫീസില്‍ നഷ്ടക്കണക്കുകള്‍

Posted By:
Subscribe to Filmibeat Malayalam
Yakshiyum Njanum
ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകള്‍ പിറന്നിരുന്നത് ഓണം സീസണിലായിരുന്നു. സൂപ്പര്‍താരങ്ങളും സംവിധായകരും തങ്ങളുടെ സിനിമകള്‍ ഓണത്തിനെത്തിയ്ക്കാന്‍ മത്സരിച്ചിരുന്ന കാലത്ത് ഹിറ്റുകള്‍ക്കും ക്ഷാമമില്ലായിരുന്നു. എന്നാലിപ്പോള്‍ സിനിമാ വിപണിയെ സംബന്ധിച്ചിടത്തോളം വര്‍ഷത്തിലെ ഏറ്റവും മോശമായ കാലഘട്ടമായി ഓണം സീസണ്‍ മാറുകയാണ്.

ടെലിവിഷനില്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിറഞ്ഞോടിയ കഴിഞ്ഞ ഓണക്കാലത്ത് തിയറ്ററുകളിലെത്തിയ സിനിമകള്‍ക്കെല്ലാം വന്‍തിരിച്ചടിയാണ് നേരിട്ടത്. ഓണം പ്രമാണിച്ച് അരഡസനോളം സിനിമകള്‍ തിയറ്ററുകളിലെത്തിയെങ്കിലും അവയ്‌ക്കൊന്നും പ്രേക്ഷകരെ ആകര്‍ഷിയ്ക്കാന്‍ കഴിഞ്ഞില്ല.

മലയാള സിനിമ പ്രതിസന്ധിയിലകപ്പെട്ട ഓണക്കാലത്ത് തിയറ്ററുകളിലെത്തിയ
കാര്‍ത്തിയുടെ ഞാന്‍ മഹാന്‍ അല്ലൈയ്ക്ക് പക്ഷേ നല്ല സ്വീകരണമാണ് ലഭിച്ചത്. യുവപ്രേക്ഷകര്‍ ഇടിച്ചുകയറിയപ്പോള്‍ ചിത്രം തരക്കേടില്ലാത്ത കലക്ഷന്‍ കേരളത്തില്‍ നിന്നും തന്നെ സ്വന്തമാക്കി. അങ്ങാടിത്തെരു, മദിരാശിപട്ടണം എന്നീ തമിഴ് സിനിമകള്‍ പ്രദര്‍ശിപ്പിച്ചും ചില തിയറ്ററുകള്‍ തങ്ങളുടെ നില സുരക്ഷിതമാക്കി.

റിലീസ് ചെയ്ത അരഡസനോളം സിനിമകളില്‍ വിനയന്റെ യക്ഷിയും ഞാനുമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കുന്നത്. ശ്രീനിവാസനെ നായകനാക്കി പ്രേംലാല്‍ സംവിധാനം ചെയ്ത ആത്മകഥ നിരൂപകപ്രശംസ നേടിയെങ്കിലും ജനത്തെ തിയറ്ററുകളിലേക്ക് എത്തിയ്ക്കാന്‍ കഴിയുന്നില്ല. പുതുമുഖങ്ങള്‍ അണിനിരന്ന പ്ലസ് ടുവും മോശമില്ലാത്ത പേരു നേടിയെങ്കിലും ഇത് കളക്ഷനില്‍ പ്രതിഫലിയ്ക്കുന്നില്ല.

ഓണച്ചിത്രങ്ങളായി പ്രദര്‍ശനത്തിനെത്തിയ നിറക്കാഴ്ച, നീലാംബരി, ഫിഡില്‍, 3 ചാര്‍ സൗ ബീസ് തുടങ്ങിയ സിനിമകളെല്ലാം വന്‍ ബോക്‌സ്ഓഫീസ് ദുരന്തങ്ങളായെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാന റിലീസ് കേന്ദ്രങ്ങളില്‍പ്പോലും ഈ സിനിമകള്‍ക്ക് ചലനമുണ്ടാക്കാന്‍ കഴിയുന്നില്ല.

അതേ സമയം മലര്‍വാടി ആര്‍ട്‌സ് ക്ലബ്, അപൂര്‍വരാഗം, സകുടുംബം ശ്യാമള തുടങ്ങിയ സിനിമകള്‍ ഇപ്പോഴും മോശമില്ലാത്ത പ്രകടനം നടത്തുന്നുണ്ട്. റംസാന്‍ നോമ്പ് കാലവും സൂപ്പര്‍താരസിനിമകളുടെ അസാന്നിധ്യവുമാണ് ഓണം വിപണിയ്ക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam