For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിനയത്തിന്റെ മര്‍മ്മമറിഞ്ഞ പപ്പു

  By Staff
  |

  അഭിനയത്തിന്റെ മര്‍മ്മമറിഞ്ഞ പപ്പു

  കതിരവട്ടം പപ്പു... ആരും മറക്കാത്ത മറക്കാനിഷ്ടപ്പെടാത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ആ കലാകാരന്‍ മരിച്ചിട്ട് 2001 ഫിബ്രവരി 25ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ആ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

  കോഴിക്കോട്ടെ നാടകക്കളരിയില്‍ അഭ്യസിച്ച് വളര്‍ന്ന ഒട്ടേറെ കലാകാരന്മാരില്‍ ഒരാളായിരുന്നു കുതിരവട്ടം പപ്പു. പനങ്ങാട്ട് പത്മദളാക്ഷന്‍ എന്നാണ് യഥാര്‍ത്ഥ പേര്. ഫറോക്ക് സ്വദേശികളായ പനങ്ങാട്ട് രാഘവന്റെ ദേവിയുടെയും ഒറ്റമകനായി ജനനം.

  ചെറുപ്പത്തില്‍ തന്നെ കലയുടെ മാസ്മരികതയ്ക്കടിപ്പെട്ട പത്മദളാക്ഷന് അക്കാലം കഷ്ടപ്പാടിന്റേതും അലച്ചിലിന്റേതുമായിരുന്നു. സമപ്രായക്കാരായ കുറെ കലോപാസകരോടൊപ്പം പപ്പുവും നാടകക്കളരിയിലെത്തി. അത് പതിനേഴാമത്തെ വയസ്സിലായിരുന്നു. കോഴിക്കോട് സെന്റ് ആന്റണീസില്‍ പഠിക്കുന്നകാലം. കുപ്പയില്‍ നിന്ന് സിനിമയിലേക്ക് എന്നായിരുന്നു നാടകത്തിന്റെ പേര്. തന്റെ ജീവിതത്തില്‍ തന്നെ അന്വര്‍ത്ഥമായിത്തീരുന്ന ഒരു പേരാണ് ഈ നാടകത്തിനെന്ന് അദ്ദേഹം ഒരിക്കലും കരുതിയിട്ടുണ്ടാവില്ല.

  അന്നത്തെ 15 രൂപ പ്രതിഫലം വാങ്ങിയാണ് പത്മദളാക്ഷന്‍ ആ നാടകത്തില്‍ അഭിനയിച്ചത്. കൂട്ടുകാരനായ വേണുവും കൂട്ടിനുണ്ടായിരുന്നു. അന്നുതന്നെ ഹാസ്യത്തിന്റെ ചെപ്പില്‍ പപ്പു കൈവെച്ചിരുന്നു. അഭിനയിച്ചുകൊണ്ടിരുന്ന മിക്ക നാടകങ്ങളിലും ഹാസ്യസ്പര്‍ശമുള്ള കഥാപാത്രങ്ങള്‍ അതിന് അടിയവരയിട്ടു.

  മൂടുപടത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. മുടിയനായ പുത്രന്‍ എന്ന നാടകത്തില്‍ പപ്പുവിന്റെ അഭിനയം കണ്ട രാമു കാര്യാട്ടും വിന്‍സെന്റും പപ്പുവിനെ സിനിമാവേദിയിലേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു.

  എന്നാല്‍ ഭാര്‍ഗവീനിലയമാണ് പനങ്ങാട്ട് പത്മദളാക്ഷന്റെ ജീവിതത്തിലെ വഴിത്തിരിവായത്. ആ സിനിമയോടെ പനങ്ങാട്ട് പത്മദളാക്ഷന്‍ അപ്രത്യക്ഷനായി കുതിരവട്ടം പപ്പു വന്നു. ആ സിനിമയില്‍ അദ്ദേഹത്തിനു ലഭിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു ഇത്. തിരക്കഥാകൃത്തായ വൈക്കം മുഹമ്മദ് ബഷീറാണ് പത്മദളാക്ഷനെ ഈ സ്ഥാനപ്പേര് നല്‍കി അനുഗ്രഹിച്ചത്.

  പതുക്കെ പപ്പു മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ തുടങ്ങി. മലയാളത്തിലെ മിക്ക സംവിധായകരുടെ ചിത്രങ്ങളിലും അഭിനയിക്കാന്‍ സാധിച്ച കുതിരവട്ടം പപ്പുവിന്റെ സാന്നിധ്യം 1,500ഓളം ചിത്രങ്ങള്‍ക്ക് മിഴിവേകി. പപ്പുവിന്റെ ചിരി, സംസാരം, നടത്തം എന്നു വേണ്ട ആ ശരീരം പോലും പലപ്പോഴും കാണികളില്‍ ചിരിയുടെ തിരികൊളുത്തി. ചിരിപ്പിക്കുന്ന കഥാപാത്രങ്ങളെപ്പോലെ തന്നെ കരയിപ്പിക്കുന്ന കഥാപാത്രങ്ങളും പപ്പുവിന്റെ അഭിനയ ജീവിതത്തില്‍ ഒട്ടേറെ.

  ആള്‍ക്കൂട്ടത്തില്‍ തനിയെ, ഏതോ ഒരു തീരം, കാണാക്കിനാവുകള്‍, ചെമ്പരത്തി, അവളുടെ രാവുകള്‍, അങ്ങാടി തുടങ്ങി എത്രയോ ചിത്രങ്ങളില്‍ പപ്പു മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹാസ്യത്തിന്റെ മേമ്പൊടിയിലും വ്യത്യസ്തത പുലര്‍ത്താന്‍ ശ്രമിച്ച ആ കലാകാരന് ജീവിതസായന്തനത്തില്‍ പോലും മികച്ച കഥാപാത്രങ്ങളെ ലഭിച്ച ആ പ്രതിഭയെ ആര്‍ക്കും വകവെക്കാതിരിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്.

  പപ്പുവിന്റെ അഭിനയത്തിന്റെ മാറ്ററിയാന്‍ പുതുതലമുറയ്ക്ക് ദി കിംഗ് മാത്രം മതി. അതിലെ സ്വാന്ത്യ്രസമര സേനാനി പപ്പുവിന്റെ അവസാനകാല ചിത്രങ്ങളില്‍ മികച്ചതായിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യനിലെ മകള്‍ നഷ്ടപ്പെട്ട അച്ഛനിലും ആ പ്രതിഭയുടെ മിന്നലാട്ടം കാണാം. ഷാജി കൈലാസിന്റെ തന്നെ നരസിംഹമായിരുന്നു പപ്പുവിന്റെ അവസാന ചിത്രം.

  സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴും നാടകത്തോടു തന്നെയായിരുന്നു പപ്പുവിന് അടുപ്പം. യഥാര്‍ത്ഥ അഭിനയം നാടകത്തിലാണെന്ന് വിശ്വസിച്ച പപ്പു സിനിമയേക്കാളേറെ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട് താനും. നാടകത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് അദ്ദേഹം മരിക്കുന്നതിന്റെ കുറച്ചു മുമ്പ് തന്റെ പഴയകാല നാടകസുഹൃത്തുക്കളെ ഉള്‍പ്പെടുത്തി കോഴിക്കോട്ട് അക്ഷര തിയേറ്റേഴ്സ്എന്ന നാടകകമ്പനി രൂപീകരിക്കുകയും ചെയ്തു.

  ഹാസ്യത്തിലൂടെ അഭിനയത്തിന്റെ മര്‍മ്മമറിഞ്ഞ ആ കലാകാരനെ ഒരിക്കലും മലയാളി മറക്കില്ല. ഹാസ്യനടന്മാര്‍ വരും പോകും. എന്നാല്‍ കുതിരവട്ടം പപ്പു ഇനി വരില്ല.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X