»   » മലയാളക്കരയുടെ ഹൃദയം കവര്‍ന്ന ബോംബെ രവി

മലയാളക്കരയുടെ ഹൃദയം കവര്‍ന്ന ബോംബെ രവി

Posted By:
Subscribe to Filmibeat Malayalam
Bombay Ravi
ചൌദുവിന്‍ കാ..ചാന്ദ് ഹൊ... പ്രണയോന്മാദത്തിന്റെ നിലാവ് പരന്നൊഴുകുന്ന ഈ ഗാനം കേള്‍ക്കുമ്പോള്‍ ഓരോ ആസ്വാദകന്റേയും ഹൃദയം നിറഞ്ഞു കവിയും. മുഹമ്മദ് റാഫിയുടെ ഭാവാര്‍ദ്രമായ ആലാപനത്തോടൊപ്പം ബോംബെ രവിയുടെ ഈണം കേള്‍വികനെ കീഴ്‌പ്പെടുത്തുന്നു.

മെലഡികളുടെ ഭാവാത്മകതകൊണ്ട് ആസ്വാദകനെ കോരിത്തരിപ്പിച്ച ബോംബെ രവിയുടെ ഹിന്ദി ഗാനങ്ങള്‍ നിരവധിയാണ്. ചൌദുവിന്‍ കാ ചാന്ദ്, ദോബദാന്‍, ഹംറാസ്, നിഖാ, ആംകന്‍, നസ് റാന, ചൈന ടൗണ്‍, ബോംബെ കാ ചോര്‍ ,ആജ് ഓര്‍ കല്‍, തുടങ്ങി എത്രയോ ചിത്രങ്ങളില്‍ കൊണ്ട് ഈ പ്രതിഭ തീര്‍ത്ത സംഗീത ഗരിമ നെഞ്ചേറ്റുമ്പോള്‍ മലയാളത്തിന് കുറച്ചധികം പറയാനുണ്ട് ബോംബെ രവിയെക്കുറിച്ച്.

ഹരിഹരന്‍ പഞ്ചാഗ്‌നിയിലൂടെ മലയാളസിനിമയിലേക്ക് ആനയിച്ച ബോംബെ രവി പിന്നീട് എത്ര സുന്ദര ഗാനങ്ങളാണ് മലയാളത്തിനായ് സമര്‍പ്പിച്ചത്.

സാഗരങ്ങളെ..., ആരാത്രി മാഞ്ഞുപോയി...(പഞ്ചാഗ്‌നി), മഞ്ഞള്‍പ്രസാദവും..(നഖക്ഷതങ്ങള്‍), ഇന്ദുപുഷ്പം ചൂടിനില്‍ക്കും...(വൈശാലി), പാര്‍വണേന്ദുമുഖി...(പരിണയം), ചന്ദനലേപ സുഗന്ധം...(ഒരു വടക്കന്‍ വീരഗാഥ), കണ്ണാടി ആദ്യമായെന്‍... (സര്‍ഗ്ഗം), ഇശല്‍ തേന്‍കണം...(ഗസല്‍), ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്...(പാഥേയം) തുടങ്ങി സുകൃതം, മയൂഖം ഉള്‍പ്പെടെ പതിനാലോളം മലയാളസിനിമകള്‍ക്ക് സംഗീതം നല്കിയ ബോംബെ രവിക്ക് ദേശീയ അംഗീകാരം ലഭിക്കുന്നത് പരിണയം എന്ന എം.ടി-ഹരിഹരന്‍ ചിത്രത്തിലൂടെയാണെന്നതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാം്.

കെഎസ് ചിത്രയ്ക്ക് രണ്ടു തവണ ദേശീയ അംഗീകാരം ലഭിച്ചതും ബോംബെ രവിയുടെ മഞ്ഞള്‍ പ്രസാദവും(നഖക്ഷതങ്ങള്‍), ഇന്ദു പുഷ്പം ചൂടി(വൈശാലി) ഗാനങ്ങളിലൂടെയാണ്. ഹരിഹരന്‍ എം.ടി കൂട്ടുകെട്ടില്‍ ഇപ്പോള്‍ നടക്കാനിരിക്കുന്ന സിനിമയിലും ബോംബെ രവിയെ വിളിച്ചിരുന്നെങ്കിലും അനാരോഗ്യം മൂലം അദ്ദേഹം മാറി നില്ക്കുകയായിരുന്നുവത്രേ.

ബോംബെ രവിയുടെ വേര്‍പാട് മലയാളത്തിനും വലിയ സങ്കടമാണ് നല്കിയത്. കഷ്ടപ്പാടുകളുടെ ബാല്യകൗമാരങ്ങള്‍ പിന്നിട്ട
രവിശങ്കര്‍ ശര്‍മ്മ തൊഴില്‍ തേടി അലഞ്ഞിട്ടുണ്ട്. ഇലക്ട്രീഷ്യനായ് പ്രവര്‍ത്തിച്ച രവിശങ്കര്‍ വീടില്ലാതെ റെയില്‍വേ സ്‌റേഷനില്‍
ഉറങ്ങിയിരുന്ന ഭൂതകാലമുള്ള മനുഷ്യനാണ്.

എവിടെ മറഞ്ഞിരുന്നാലും യഥാര്‍ത്ഥ പ്രതിഭ എന്നെങ്കിലും പുറത്തുവരും, എല്ലാവിധ ശോഭയോടും വിരാജിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു ഈ മഹാപ്രതിഭയുടെ ജീവിതവും ജീവിതവിജയവും. മലയാളത്തിന്റെ ബാഷ്പാഞ്ജലികള്‍, സാഗരങ്ങളെ... പാടിയുറക്കുന്ന മഹാഗായകന്.

English summary
Famous music director Bombay Ravi passed away. Malayalam film industry owe him a lot. He has done music for almost 14 Malayalam movies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X