»   » അച്ഛനെതിരെയുള്ള കേസ് ജോമോള്‍ പിന്‍വലിച്ചു

അച്ഛനെതിരെയുള്ള കേസ് ജോമോള്‍ പിന്‍വലിച്ചു

Posted By:
Subscribe to Filmibeat Malayalam
Jomol
കോഴിക്കോട്: അച്ഛനെതിരെ ഏറെക്കാലമായി തുടരുന്ന നിയമയുദ്ധം നടി ജോമോള്‍ അവസാനിപ്പിച്ചു. സിനിമകളില്‍ നിന്ന് അഭിനയിച്ചും വിദേശ പരിപാടികളില്‍ പങ്കെടുത്തും താന്‍ സമ്പാദിച്ച 70 ലക്ഷം രൂപ അച്ഛന്‍ തട്ടിയെടുത്തെന്ന പരാതി പിന്‍വലിച്ചു കൊണ്ടാണ് ജോമോള്‍ പോരാട്ടം അവസാനിപ്പിച്ചത്.

പിതാവ് എകെ ജോണിനെതിരെ 2005ലാണ് ജോമോള്‍ പരാതി നല്‍കിയത്. പിതാവുമായി കേസ് തുടരാന്‍ ആഗ്രഹമില്ലെന്നും സ്വമേധയാ കേസില്‍ നിന്നും പിന്‍മാറുകയാണെന്നും ജോമോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസിന് ഏഴുതി നല്‍കി.

കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ 2005 ഏപ്രിലിലാണ് ജോമോള്‍ അച്ഛനെതിരെ കേസ് ഫയല്‍ ചെയ്തത്. തന്നെ വഞ്ചിച്ച് 70 ലക്ഷത്തോളം രൂപയും ആഭരണങ്ങളും അച്ഛന്‍ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. തുടര്‍ന്ന് കേസ് മെഡിക്കല്‍ കോളജ് പോലീസിന് കൈമാറി.

പൊലീസിനെ ഏറെ വലച്ച കേസായിരുന്നു ഇത്. അന്വേഷണത്തിന്റെ ഭാഗമായി ജോമോള്‍ അഭിനയിച്ച സിനിമകളുടെ നിര്‍മ്മാതാക്കളില്‍ നിന്നും പോലീസ് തെളിവെടുത്തിരുന്നു. അന്വേഷണത്തിന് വേണ്ടി പലതവണ ഉദ്യോഗസ്ഥര്‍ക്ക് ചെന്നൈയിലേക്ക് പോകേണ്ടി വന്നു. ഇതിനു പുറമെ ആദായ നികുതി വകുപ്പില്‍ നിന്നും ജോമോള്‍ നല്‍കിയ റിട്ടേണുകളുടെ കോപ്പിയും പോലീസ് തേടിയിരുന്നു. പല പോലീസുകാരും അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിഞ്ഞ് മാറി. ഏറെ നാള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍

കേസ് അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് പരാതി പിന്‍വലിക്കുന്നതായി കാണിച്ച് നാടകീയമായി ജോമോള്‍ രംഗത്തെത്തിയത്. തപാല്‍ വഴിയാണ് പോലീസിന് രേഖാമൂലമുള്ള അപേക്ഷ ലഭിക്കുന്നത്. രേഖ പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. ഇതോടെ കേസ് ഒത്തുതീര്‍പ്പാകുമെന്നാണ് കരുതുന്നത്.

കോഴിക്കോട്ടെ പ്രമുഖ വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായി വ്യക്തി ഇടപെട്ടാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. 2005ല്‍ ജോമോള്‍ അച്ഛനെതിരെ വാര്‍ത്താ സമ്മേളനവുമായി രംഗത്ത് വരുന്നതോടെയാണ് കേസ് ജനശ്രദ്ധയാകര്‍ഷിച്ചത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam