»   » മുണ്ടുപരസ്യം: ലാല്‍ രണ്ട് വള്ളത്തില്‍ കാലിടരുത്

മുണ്ടുപരസ്യം: ലാല്‍ രണ്ട് വള്ളത്തില്‍ കാലിടരുത്

Posted By:
Subscribe to Filmibeat Malayalam
Mohanlal
രാവിലെ സ്വര്‍ണം വാങ്ങിയ്ക്കാന്‍ ലാലേട്ടന്‍ പറയും, സ്വര്‍ണം കൈയ്യില്‍ വെച്ചിട്ടെന്തിനാ അത് പണയം വെച്ച് പണം നേടാനും അദ്ദേഹം ഉപദേശിയ്ക്കും. പണം ഓഹരിയില്‍ നിക്ഷേപിയ്ക്കാന്‍ പറയുന്ന ലാല്‍ തന്നെ വൈകിട്ടെന്താ പരിപാടിയെന്നും മലയാളിയോട് ചോദിയ്ക്കും.

ലാലിന്റെ പരസ്യങ്ങളെ നിശിതമായി പരിഹസിച്ചു കൊണ്ടുള്ള ഈ ഇമെയില്‍ ഫോര്‍വേഡ് നിങ്ങളില്‍ പലര്‍ക്കും കിട്ടിയിരിക്കും. മലയാളത്തിലെ നമ്പര്‍ വണ്‍ പരസ്യമോഡല്‍ ലാല്‍ എന്ന് തെളിയിക്കുന്നതാണ് ഇമെയില്‍ എന്ന് വേണമെങ്കില്‍ പറയാം. അതേ സമയം ബ്രാന്‍ഡ് ചെയ്യപ്പെട്ട ലാലിനെ കളിയാക്കുന്ന ഇമെയില്‍ കുറിയ്ക്കു കൊള്ളുന്നത് തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.

മദ്യക്കമ്പനികളുടെയും പലിശക്കാരുടെയും പരസ്യങ്ങളില്‍ അഭിനയിക്കരുതെന്ന് പലരും ലാലിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ മലയാളിയുടെ ജനപ്രിയ നടന്‍ കുറച്ചുകൂടിസാമൂഹിക ഉത്തരവാദിത്വം കാണിയ്ക്കണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടിരുന്നത്.

ഇപ്പോഴിതാ ലാലിന്റെ മറ്റൊരു പരസ്യവും വിവാദമാവുകയാണ്. കൈത്തറി ഉല്‍പന്നങ്ങളുടെ പ്രചാരകനായി വര്‍ത്തിയ്ക്കുന്ന ലാല്‍ സ്വകാര്യ വസ്ത്രക്കമ്പനികളുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ പാടുണ്ടോയെന്നാണ് ചോദ്യം. ലാല്‍ ബ്രാന്‍ഡ് അംബാസിഡറായ എംസിആര്‍ വസ്ത്രക്കമ്പനിയുടെ പരസ്യത്തിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.

ലാല്‍ പസ്യത്തില്‍ നിന്ന് പിന്‍മാറണമെന്ന് കൈത്തറി തൊഴിലാളി കോണ്‍ഗ്രസ് (ഐഎന്‍ടിയുസി)ആവശ്യപ്പെട്ടുകഴിഞ്ഞു. ഒരേ സമയം ലാല്‍ ഹാന്‍ഡ്‌ലൂമിന്റെയും പവര്‍ലൂമിന്റെയും ഗുഡ് വില്‍ അംബാസിഡറായി പ്രവര്‍ത്തിയ്ക്കുന്നതെങ്ങനെയെന്ന് സംഘടന നേതാക്കള്‍ ചോദിയ്ക്കുന്നു. ഇതില്‍ ഏതെങ്കിലും ഒന്ന് ഉടന്‍ അവസാനിപ്പിയ്ക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ലാലിന്റെ നടപടി കൈത്തറി മേഖലയെ വഞ്ചിയ്ക്കുന്നതാണ്. ഇത്തരം വമ്പന്‍ കമ്പനികളുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ലാല്‍ കൈത്തറിയുടെ പ്രചാരകനായി വരുമ്പോള്‍ യാതൊരു ഗുണവും ചെയ്യില്ല. കൈത്തറിയുടെ പ്രചാരകനായി ലാല്‍ വന്നതോടെ നേരിയ ഉണര്‍വ് ഈ മേഖലയില്‍ ദൃശ്യമായിരുന്നു. ഇത് നഷ്ടപ്പെടുത്തുന്നതാണ് എംസിആര്‍ മുണ്ടിന്റെ പരസ്യമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇക്കാര്യത്തില്‍ മോഹന്‍ലാല്‍ നടന്‍ ജഗതി ശ്രീകുമാറിന്റെ പാത പിന്തുടരണമെന്നാണ് തൊഴിവാളി സംഘടനകള്‍ ആവശ്യപ്പെടുന്നത്. ലോട്ടറി വിവാദം ഉയര്‍ന്നതോടെ അന്തര്‍ സംസ്ഥാന ലോട്ടറികളുടെ പരസ്യത്തില്‍ നിന്ന് ജഗതി സ്വയം പിന്‍മാറിയിരുന്നു. ജഗതിയുടെ തീരുമാനം ഏറെ പ്രശംസിയ്ക്കപ്പെടുകയും ചെയ്തു.

കഴിഞ്ഞ ജൂണിലാണ് സംസ്ഥാന സര്‍ക്കാര്‍ മോഹന്‍ലാലിനെ കൈത്തറി ഉല്‍പന്നങ്ങളുടെ ബ്രാന്‍ഡ്അംബാസിഡറായി നിയോഗിച്ചത്. പ്രതിസന്ധി നേരിടുന്ന കൈത്തറി ഉല്‍പന്നങ്ങളുടെ വില്‍പനയും പ്രചാരവും വര്‍ദ്ധിപ്പിയ്ക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇത്.

ഈയിടെ കോണ്‍ഗ്രസിന്റെ തിരുവനന്തപുരം എംപി ശശി തരൂര്‍ മദ്യക്കമ്പനിയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്ന ആരോപണവും വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ തരൂര്‍ പിന്നീട് ഇത് നിഷേധിച്ചു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam