»   » ഇംഗ്ലീഷ് തുണച്ചു; ഡാം 999ല്‍ വിമല

ഇംഗ്ലീഷ് തുണച്ചു; ഡാം 999ല്‍ വിമല

Posted By:
Subscribe to Filmibeat Malayalam
Vimala
തമിഴ്‌നടി ശ്രേയയേക്കാള്‍ മികച്ച താരമാണോ വിമലാ രാമന്‍? എന്നൊരു ചോദ്യം ചോദിച്ചാല്‍ അല്ലെന്നുള്ള ഉത്തരം മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളു. കാരണം ശ്രിയ കരിയറിന്റെ കൊടുമുടിയിലാണ്. മുന്‍നിര താരങ്ങള്‍ക്കൊപ്പം വമ്പര്‍ പ്രൊജക്ടുകളില്‍ അഭിനയിച്ച് ശ്രേയ ഇപ്പോള്‍ പൊന്‍വിലയുള്ള നടിയായി മാറിയിരിക്കുകയാണ്.

എന്നാല്‍ വിമലയോ അടുത്തകാലത്ത് ഒരു പുതുമുഖമായി വന്ന് മലയാളമുള്‍പ്പെടെയുള്ള ഭാഷകളില്‍ അഭിനയിച്ചു. എന്നാല്‍ കരിയറില്‍ വിമലയ്ക്ക് ഇന്നേവരെ ഒരു ബ്രേക്ക് ലഭിച്ചിട്ടില്ല. വെറും നായികയായി നായകന്മാരുടെ കൂടെ ഒന്നോ രണ്ടോ പാട്ടുകളും കുറച്ച് സീനുകളും ഇത്രമാത്രമാണ് വിമലയ്ക്ക് ഇന്നേവരെ കിട്ടിയത്. (ഇതില്‍ക്കൂടുതല്‍ വല്ലതും ശ്രേയ ചെയ്തിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ ഉത്തരം ഇല്ലെന്നു തന്നെ)

ശ്രേയയെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ച ഒരു റോള്‍ വിമലയ്ക്ക് കിട്ടിയാല്‍ എങ്ങനെയിരിക്കും? അതുതന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഡാം 999 എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ വിമലയാണിപ്പോള്‍ നായിക. മുമ്പ് ശ്രേയയെ ഈ റോളില്‍ അഭിനയിപ്പിക്കാനായിരുന്നു സംവിധായകന്‍ സോഹന്‍ റോയ് തീരുമാനിച്ചത്.

എന്നാല്‍ തലേവരയുണ്ടായത് വിമലയ്ക്കാണെന്ന് മാത്രം. നല്ല ഇംഗ്ലീഷാണത്രേ വിമലയ്ക്ക് തുണയായത്. ഇംഗ്ലീഷിലെടുക്കുന്ന ചിത്രത്തില്‍ ഇംഗ്ലീഷ് ഡയലോഗുകള്‍ പറയേണ്ടിവരുമെന്ന് ഉറപ്പ്. ഇക്കാര്യത്തില്‍ ശ്രിയയേക്കാള്‍ മുന്നിലാണ് വിമലയെന്നാണ് സോഹന്റെ കണ്ടെത്തല്‍.

ആസ്‌ത്രേലിയയില്‍ വളര്‍ന്ന വിമലയ്ക്ക് ഇംഗ്ലീഷ് എന്തായാലും ഒരു പ്രശ്‌നമാകില്ലെന്നുറപ്പല്ലേ. ഈ പരിജ്ഞാനം താരത്തെ തുണച്ചു. എന്തായാലും ഇംഗ്ലീഷിന്റെ പേരില്‍ വിമലയ്ക്ക് ഒരു നല്ല റോള്‍ ഒത്തുകിട്ടിയെന്ന് ചുരുക്കം.

വിവാദമായ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പശ്ചാത്തലത്തില്‍ വികസിക്കുന്ന ചിത്രമാണ് ഡാം 999. ഇതില്‍ അഞ്ച് നാവികരുടെ കഥയാണ് ചുരുള്‍ നിവരുന്നത്. ഇതിലൊരാളാണ് വിമല, ഒരു ഇംഗ്ലീഷുകാരനെ പ്രണയിക്കുന്ന കഥാപാത്രം. ചിത്രം ഇംഗ്ലീഷിലാണെങ്കിലും പിന്നണിപ്രവര്‍ത്തകര്‍ ഏറെയും ഇന്ത്യക്കാര്‍ തന്നെയാണെന്നതും ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്.

എന്തായാലും റോളുകളൊന്നും ലഭിക്കാതെ ഗ്ലാമര്‍ കഥാപാത്രങ്ങളിലേയ്ക്ക് ചുവടുമാറ്റം നടത്താനിരുന്ന വിമലയ്ക്ക് കൈവന്ന ഒരു അപൂര്‍വ്വ ഭാഗ്യമാണ് ഡാം 999 എന്നതില്‍ സംശയമില്ല.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam