»   » മലയാളത്തിലെ പുതിയ റീമേക്കുകള്‍ (മോഷണങ്ങള്‍)

മലയാളത്തിലെ പുതിയ റീമേക്കുകള്‍ (മോഷണങ്ങള്‍)

Posted By:
Subscribe to Filmibeat Malayalam
Anwar
'എല്ലാ മുസ്ലീമും ഭീകരരല്ല, എന്നാല്‍ എല്ലാ ഭീകരരും മുസ്ലീം തന്നെ' എന്നൊരു അപകടകരമായ സന്ദേശം ഒളിപ്പിച്ചുവെച്ച ട്രെയിറ്റര്‍ (വഞ്ചകന്‍) എന്ന ഹോളിവുഡ് ചിത്രം കണ്ടു മനപാഠമാക്കിയതിന് ശേഷമാണ് സംവിധായകന്‍ അമല്‍ നീരദ് പൃഥ്വിയെ നായകനാക്കി അന്‍വര്‍ ഒരുക്കിയിരിക്കുന്നത്.

ജെഫ്രി നാഷ്മനോഫിന്റെ സംവിധാനത്തില്‍ ഡോണ്‍ ഷീഡല്‍ നായകനായി അഭിനയിച്ച ട്രെയിറ്റര്‍ 2008ലാണ് തിയറ്ററുകളിലെത്തിയത്. 2010ല്‍ ട്രെയിറ്ററിനെ കേരളത്തിലെ സമകാലീന സാഹചര്യങ്ങളുമായി കൂട്ടിക്കുഴച്ച് അവതരിപ്പിച്ചിരിയ്ക്കുകയാണ് അമല്‍. ഫോര്‍ ബ്രദേഴ്‌സ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഈച്ചക്കോപ്പിയുമായെത്തി ഏറെ വിമര്‍ശനം നേരിട്ട അമല്‍ നീരദിന് റീമേക്കുകള്‍ ചെയ്യാന്‍ ഇപ്പോഴും മനസാക്ഷിക്കുത്തില്ലെന്നാണ് അന്‍വര്‍ തെളിയിക്കുന്നത്.

തിയറ്ററുകളില്‍ കൈയ്യടി നേടുന്ന കോക്ക്‌ടെയിലിനും ഒരു റീമേക്കിന്റെ കഥ തന്നെയാണ് പറയാനുള്ളത്. ബട്ടര്‍ഫ്‌ളൈ ഓണ്‍ എ വീല്‍ ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് നവാഗത സംവിധായകനായ അരുണ്‍ കുമാര്‍ കോക്ക്‌ടെയില്‍ ഒരുക്കിയിരിക്കുന്നത്. പിയേഴ്‌സ് ബ്രോസ്‌നന്‍, ഗെര്‍ദാദ് ബട്‌ലര്‍, മരിയ ബെല്ലോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ സംവിധായകന്‍ മൈക്ക് ബാര്‍ക്കര്‍ ആയിരുന്നു.

ദമ്പതികള്‍ സഞ്ചരിയ്ക്കുന്ന കാറിനുള്ളില്‍ ഒരു അജ്ഞാതന്‍ കയറിക്കൂടുന്നതും അടുത്ത കുറച്ചു മണിക്കൂറുകളില്‍ ദമ്പതികളുടെ ജീവിതത്തിലുണ്ടാകുന്ന ഉദ്യോഗജനകമായ സംഭവവികാസങ്ങളുമാണ് ബട്ടര്‍ഫ്‌ളൈ ഓണ്‍ വീലിന്റെ പ്രമേയം. ഒറിജിനല്‍ ചിത്രം കാണത്തവരെ സംബന്ധിച്ചിടത്തോളം കോക്ക്‌ടെയില്‍ ഏറെ പുതുമ സമ്മാനിയ്ക്കുന്നുണ്ടെന്ന് തന്നെ പറയാം.

ലോകസിനിമയില്‍ പലപ്പോഴും മികച്ച സൃഷ്ടികള്‍ പിറന്നത് റീമേക്കിലൂടെ തന്നെയാണ്. കലാരംഗത്തെ മോഷണം പലപ്പോഴും ന്യായീകരിയ്ക്കപ്പെടുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. നായകനും ആഗസ്റ്റ് ഒന്നും ഗജിനിയുമെല്ലാം അങ്ങനെയാണ് നമുക്ക് ലഭിച്ചത്. എന്നാല്‍ ഒറിജിനല്‍ സിനിമകളുടെ ആത്മാവിനെ കൊല്ലുന്ന റീമേക്കുകളും ഇവിടെ കുറവല്ല. ആ പട്ടികയില്‍ പെടുത്താവുന്ന ഏറ്റവും പുതിയ ചിത്രമാണ് സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഫോര്‍ ഫ്ര്ണ്ട്‌സ്.

മരണത്തിന്റെ വരവും പ്രതീക്ഷിച്ചിരിയ്ക്കുന്ന രണ്ട് സുഹൃത്തുക്കള്‍ ജീവിതത്തിലെ ശേഷിച്ച ദിനങ്ങള്‍ ആഘോഷമാക്കുന്നതിന്റെ കഥ പറഞ്ഞ ബക്കറ്റ് ലിസ്റ്റ് പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചിരുന്നു. മോര്‍ഗന്‍ ഫ്രീമാനും ജാക്ക് നിക്കോള്‍സനും തകര്‍ത്തഭിനയിച്ച ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്തപ്പോഴും ആദ്യസിനിമയോട് നീതി പുലര്‍ത്തി. ശശാന്ത് ഷാ സംവിധാനം ചെയ്ത ദസ് വിദാനിയയും അധികം കുറവുകളില്ലാതെയാണ് തിയറ്ററുകളിലെത്തിയത്. എന്നാല്‍ ഫോര്‍ഫ്രണ്ട്‌സിലെത്തുമ്പോള്‍ റോബ് റെയ്‌നര്‍ സംവിധാനം ചെയ്ത ബക്കറ്റ് ലിസ്റ്റിന്റെ ആത്മാവ് പൂര്‍ണമായും നഷ്ടപ്പെടുകയാണ്. വന്‍താരനിരയെ അണിനിരത്തി ഒരുക്കിയ ചിത്രം ബക്കറ്റ് ലിസ്റ്റ് കണ്ടവരെ നിരാശപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

റീമേക്കുകളുണ്ടാവുന്നത് അത്ര മോശം കാര്യമൊന്നുമല്ല, എന്നാല്‍ മലയാളത്തില്‍ ഇതുപോലെ കൂട്ടത്തോടെ റീമേക്ക് സിനിമകള്‍ ഒന്നിച്ചെത്തുന്നത് ഒരുപക്ഷേ ഇതാദ്യമായിട്ടായിരിക്കും.ഇത്തരം സിനിമകളുടെ എണ്ണേറുന്നത് എന്തായാലും മലയാള സിനിമയ്ക്ക് ഗുണകരമാവില്ലെന്ന കാര്യമുറപ്പാണ്.
മുന്‍പേജില്‍
മോളിവുഡില്‍ കോപ്പിയടി തരംഗം

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam