»   » മത്സരിച്ചു തോല്‍പ്പിക്കാന്‍ ദേവന്‍ വീണ്ടും

മത്സരിച്ചു തോല്‍പ്പിക്കാന്‍ ദേവന്‍ വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Devan
'എന്നെ തോല്‍പ്പിയ്ക്കാനാവില്ല മക്കളെ ആവില്ല', പറയുന്നത് വടക്കന്‍ വീരഗാഥയിലെ ചന്തുവല്ല, നമ്മുടെ നടന്‍ ദേവനാണ്. ഇതെല്ലാം കേള്‍ക്കേണ്ടി വരുന്നത് അനന്തപുരിയിലെ പ്രബുദ്ധരായ വോട്ടര്‍മാരും.

അതേ മത്സരിച്ച് ജനത്തെ തോല്‍പ്പിയ്ക്കാന്‍ ദേവന്‍ ഒരിയ്ക്കല്‍ കൂടി കച്ചമുറുക്കുകയാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിയ്ക്കുമെന്ന് കേരള പീപ്പിള്‍സ് പാര്‍ടി ചെയര്‍മാന്‍ കൂടിയായ ദേവന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞതവണ മത്സരിച്ച തിരുവനന്തപുരം വെസ്റ്റ് സീറ്റില്‍ തന്നെയാകും മത്സരിക്കുകയെന്നും ദേവന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കേരളാ പീപ്പിള്‍സ്‌ പാര്‍ട്ടി ഇക്കുറി ഒരു ദേശീയ പാര്‍ട്ടിയുമായി സഖ്യത്തിലായിരിക്കും മത്സരിക്കുക. ഇത്‌ സംബന്ധിച്ച ഏകദേശ ധാരണയിലായിട്ടുണ്ട്‌. ഏത്‌ പാര്‍ട്ടിയുമായിട്ടാണ്‌ സഖ്യത്തിലാണ്‌ മത്സരിക്കുകയെന്നകാര്യം പിന്നീട്‌ അറിയിക്കും. സിനിമ തനിക്ക്‌ ഉപജീവന മാര്‍ഗവും രാഷ്‌ട്രീയം സേവനത്തിനുള്ള മാര്‍ഗവുമാണ്‌. അതുകൊണ്ട്‌ ഇരു മേഖലകളിലേയും പ്രവര്‍ത്തനങ്ങള്‍ തമ്മില്‍ കൂടിക്കുഴയുകയില്ലെന്നും അദ്ദേഹം പറയുന്നു.

ഇടക്കാലത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്ന ദേവന്‍ തന്റെ സ്വന്തം പാര്‍ട്ടിയില്‍ തിരിച്ചെത്തിയാണ് തിരഞ്ഞെടുപ്പ് ഗോദയില്‍ ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നത്. 2008ല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് ദേവന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ മനം മടുത്താണ് താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും അന്ന് ദേവന്‍ പറഞ്ഞിരുന്നു. മാത്രമല്ല, താനിനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും കേരളത്തിലെ ഒരു ഗ്രൂപ്പിന്റെയും ഭാഗമാകില്ലെന്നും ദേവന്‍ പറഞ്ഞുവെച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി മോഹികള്‍ക്ക് പഞ്ഞമില്ലാത്ത കോണ്‍ഗ്രസില്‍ ഭാവിയില്ലെന്ന് കണ്ടാണ് ദേവന്റെ തിരിച്ചുവരവ്.

സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രശസ്തനായ ദേവന്‍ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത് തോല്‍ക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ചുതന്നെയാണ്. കഴിഞ്ഞുപോയ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ദേവന് കെട്ടിവെച്ച കാശ് പോലും തിരിച്ചുകിട്ടിയിരുന്നില്ല.

ഇടക്കാലത്ത് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടിന് അനുകൂലമായി പ്രസ്താവനയിറക്കിയും അദ്ദേഹം വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. ബ്രിട്ടീഷുകാര്‍ ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് പണിത ഡാമിന് യാതൊരു കേടുപാടും സംഭവിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ഡയലോഗ്. മുല്ലപ്പെരിയാറിലെത്തി ജനങ്ങളുടെ മുന്നില്‍ വച്ച് ഇങ്ങനെ പറഞ്ഞ ദേവന്‍ അന്ന് തല്ലു കൊള്ളാതെ രക്ഷപ്പെട്ടത് പൊലീസ് തക്കസമയത്ത് ഇടപെട്ടത് കൊണ്ടുമാത്രമാണ്. ഇനിയും തിരഞ്ഞെടുപ്പുകള്‍ വരും. അന്നും ദേവന്‍ മത്സരിയ്ക്കും. അതേ ദേവനെ തോല്‍പ്പിയ്ക്കാനാവില്ല മക്കളെ...

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X