»   » പാലേരി മാണിക്യം: രഞ്‌ജിത്ത്‌-മമ്മൂട്ടി ടീം വീണ്ടും

പാലേരി മാണിക്യം: രഞ്‌ജിത്ത്‌-മമ്മൂട്ടി ടീം വീണ്ടും

Posted By:
Subscribe to Filmibeat Malayalam

മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പാലേരി മാണിക്യം- ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയെ ആസ്‌പദമാക്കി രഞ്‌ജിത്ത്‌ ഒരുക്കുന്ന ചിത്രത്തിലാണ്‌ മമ്മൂട്ടി നായകനാകുന്നു.

അരനൂറ്റാണ്ട്‌ മുമ്പ്‌ കോഴിക്കോട്‌ ജില്ലയിലെ പാലേരി എന്ന പ്രദേശത്ത്‌ നടന്ന കൊലപാതകത്തെ കേന്ദ്രീകരിച്ച്‌ ടി.പി രാജീവന്‍ എഴുതിയ കുറ്റാന്വേഷണ നോവലാണ്‌ പാലേരി മാണിക്യം. പറഞ്ഞു പറഞ്ഞ്‌ മിത്തുകളായി രൂപാന്തരം പ്രാപിച്ച ചരിത്രങ്ങളിലേക്ക്‌ നടത്തിയ യാത്രയില്‍ കണ്ടെത്തിയ സത്യങ്ങളാണ്‌ നോവലിന്റെ ഇതിവൃത്തം.

പാലേരി മാണിക്യത്തിന്റെ കൊലപാതക രഹസ്യങ്ങള്‍ അന്വേഷിയ്‌ക്കാനായി ദില്ലിയില്‍ നിന്നെത്തുന്ന കുറ്റാന്വേഷകനെയാണ്‌ മമ്മൂട്ടി അവതരിപ്പിയ്‌ക്കുന്നത്‌. പതിവ്‌ കുറ്റാന്വേഷ ചിത്രങ്ങളുടെ ശൈലിയില്‍ നിന്നും മാറി ഇവിടെ അന്വേഷകന്‍ ജീവിതത്തിന്റെയും സംസ്‌ക്കാരത്തിന്റെയും വേരുകളാണ്‌ തേടുന്നത്‌.

ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ക്ക്‌ വേണ്ടി തൂലിക ചലിപ്പിച്ച രഞ്‌ജിത്ത്‌ ഇതാദ്യമായാണ്‌ മറ്റൊരു എഴുത്തുകാരന്റെ സൃഷ്ടിയില്‍ സിനിമയൊരുക്കുന്നത്‌.

1957ല്‍ മാണിക്യം എന്ന ഇരുപതുകാരി മരിയ്‌ക്കുകയും അരനൂറ്റാണ്ടിന്‌ ശേഷം ഒരു കുറ്റാന്വേഷകന്‍ ആ മരണത്തിന്റെ രഹസ്യങ്ങള്‍ അന്വേഷിക്കാനെത്തുന്ന രീതിയിലാണ്‌ പാലേരി മാണിക്യം ആരംഭിയ്‌ക്കുന്നത്‌. മരണത്തിന്‌ പിന്നിലുള്ള ദുരൂഹതകള്‍ തേടിയപ്പോള്‍ അയാള്‍ക്ക്‌ ലഭിച്ചത്‌ പല വിധത്തിലുള്ള അഭിപ്രായങ്ങളായിരുന്നു.

ചിലരുടെ അഭിപ്രായത്തില്‍ മാണിക്യത്തെ ആരോ കൊന്നതാണ്‌. എന്നാല്‍ മറ്റു ചിലര്‍ പറയുന്നത്‌ മാണിക്യത്തിന്റെ മരണം അപസ്‌മാര ബാധ മൂലമാണെന്നൊക്കെയാണ്‌. അന്വേഷണം പുരോഗമിക്കും തോറും അത്‌ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഇതാണ്‌ ചിത്രത്തിന്റെ പ്രമേയം.

വ്യത്യസ്‌തമായ രണ്ട്‌ കാലാവസ്ഥകളിലാണ്‌ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ രഞ്‌ജിത്ത്‌‌ പ്ലാന്‍ ചെയ്‌തിരിയ്‌ക്കുന്നത്‌. മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ നാടക നടീനടന്‍മാരാണ്‌ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

നിലവിലുള്ള പരിചിത മുഖങ്ങളിലൂടെ കഥാപാത്രങ്ങളെ അവതരിപ്പിയ്‌ക്കുന്നതില്‍ നിന്നും വ്യത്യസ്‌തമായി കഥാപാത്രങ്ങള്‍ക്ക്‌ അനുയോജ്യമായ മുഖം തേടാനാണ്‌ സംവിധായകന്റെ ശ്രമം. നടീനടന്‍മാരെ കണ്ടെത്തിയ ശേഷം ഇവര്‍ക്ക്‌ വേണ്ടി പരിശീലന ക്യാമ്പ്‌ സംഘടിപ്പിയ്‌ക്കാനാണ്‌ തീരുമാനം. ക്യാമ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ചിത്രത്തിലെ അഭിനേതാക്കളെ അന്തിമമായി തിരഞ്ഞെടുക്കുക.

നാടക വേദിയില്‍ നിന്നും വെള്ളിത്തിരയിലെത്തിയ രഞ്‌ജിത്തിന്റെ മടങ്ങി വരവായാണ്‌ പുതിയ സംരംഭം വിലയിരുത്തപ്പെടുന്നത്‌. അമാനുഷിക കഥാപാത്രങ്ങളുടെ പിറകെ ഇനിയില്ലെന്ന രഞ്‌ജിത്തിന്റെ പ്രഖ്യാപനവും ഇത്തരം ചിത്രങ്ങളിലൂടെ യാഥാര്‍ത്ഥ്യമാകുമെന്ന്‌ കരുതാം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam