»   » ആര്‍ആര്‍ആര്‍- ഷാജി കൈലാസ് കുടുങ്ങി

ആര്‍ആര്‍ആര്‍- ഷാജി കൈലാസ് കുടുങ്ങി

Posted By:
Subscribe to Filmibeat Malayalam
Shaji Kalias
ഇതൊക്കെ ഷാജി കൈലാസിനെ കൊണ്ടേ പറ്റൂ!! പൃഥ്വിരാജിനെ മൂന്ന് വേഷം കെട്ടിച്ച് ഒരു സിനിമ തുടങ്ങി. രഘുപതി രാഘവ രാജാറാം(ആര്‍ആര്‍ആര്‍) എന്ന കിടിലന്‍ പേരില്‍ റീമ കല്ലിങ്ങല്ലിനെയൊക്കെ നായികയാക്കി തുടങ്ങിയ സിനിമയുടെ കഥ കേട്ടപ്പോഴെ നാട്ടുകാര്‍ മൂക്കത്ത് വിരല്‍ വെച്ചിരുന്നു.

എകെ സാജന്റെ കഥ ലേശം കടുപ്പമായില്ലേയെന്ന് പലരും സംശയിച്ചപ്പോഴും ഷാജി മാത്രം കുലുങ്ങിയില്ല. എന്തായാലും ആഘോഷമായി തുടങ്ങിയ സിനിമയുടെ ഫസ്റ്റ് ഷെഡ്യൂള്‍ തീര്‍ത്തിട്ട് ഷാജിയും സാജനും കൂടി പുതിയൊരു സിനിമയുടെ പിന്നാലെ പോയി.

മമ്മൂട്ടിയെ നായകനാക്കി ദ്രോണയുടെ ലൊക്കേഷനിലേക്കാണ് ഇരുവരും യാത്രയായത്. കൊടികെട്ടിയ സംവിധായകന്‍മാരും തിരക്കഥാകൃത്തുക്കളും കൊല്ലത്തില്‍ ഒരു സിനിമ തന്നെ പുറത്തിറക്കാന്‍ പെടാപാട് പെടുമ്പോഴാണ് ഷാജിയും സാജനും ഇങ്ങനെയൊരു അതിക്രമത്തിന് തുനിഞ്ഞിറങ്ങിയത്. എന്തായാലും സംഭവിയ്ക്കാനുള്ളത് സംഭവിച്ചു. ദ്രോണയങ്ങ് പൊട്ടി, അത് എട്ടുനിലയിലാണോ പതിനാറിലാണോയെന്ന് നിര്‍മാതാവിന് മാത്രമേ അറിയാവൂ.

അമിട്ട് വിരിയുന്നത് പോലെ ദ്രോണ പൊട്ടിയപ്പോഴാണ് ഷാജിയുടെ തലയിലും ലേശം വെളിച്ചം മിന്നിയത്. ഉഡായിപ്പ് കഥയുമായി രഘുപതിരാഘവ രാജാറാം മുന്നോട്ടു നീക്കിയാല്‍ ദ്രോണയുടെ റെക്കാര്‍ഡും അത് മറികടക്കുമെന്ന് ആക്ഷന്‍ ഡയറക്ടര്‍ക്ക് മനസ്സിലായി. അതോടെ മൂന്നരക്കോടി ബജറ്റ് തീരുമാനിച്ചിരുന്ന ആര്‍ആര്‍ആറിനെ ഉപേക്ഷിച്ച് മറ്റൊരു പടം ചെയ്യാന്‍ ഷാജി തീരുമാനിച്ചു.

എന്നാല്‍ കാശുമുടക്കിയ നിര്‍മാതാവ് വെറുതേയിരിക്കുമോ? ഒന്നും രണ്ടുമല്ല. എണ്‍പത്തിയഞ്ച് ലക്ഷമാണ് പാവത്തിന്റെ വെള്ളിത്തിലായത്. എന്തായാലും നിര്‍മാതാക്കളുടെ സംഘടന അദ്ദേഹത്തിന്റെ രക്ഷയ്‌ക്കെത്തി. മൂന്നരകോടിയില്‍ നിന്ന് 85 ലക്ഷം കുറച്ച് രണ്ട് കോടി അറുപത്തിയഞ്ച് ലക്ഷത്തില്‍ ഷാജി ഒരു പടം നിര്‍മാതാവിന് ചെയ്തു കൊടുക്കുക,അല്ലെങ്കില്‍ മാന്യമായി 85 ലക്ഷം തിരിച്ചു കൊടുക്കുക. ഇതിലൊന്ന് ചെയ്തിട്ട് മതി ഇനി മറ്റൊരു സിനിമയെന്നും അവര്‍ അറുത്തുമുറിച്ചു പറഞ്ഞു. സിനിമാ സംഘടനകള്‍ക്ക് ഇങ്ങനെയും ചില ഗുണമുണ്ടെന്ന് മനസ്സിലായില്ലേ!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam