»   » മോണല്‍: സ്വയമൊടുക്കിയ മറ്റൊരു നടി

മോണല്‍: സ്വയമൊടുക്കിയ മറ്റൊരു നടി

Posted By:
Subscribe to Filmibeat Malayalam

മോണല്‍: സ്വയമൊടുക്കിയ മറ്റൊരു നടി

മോണല്‍ തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. ആദ്യചിത്രമായ പാര്‍വൈ എന്‍റൈ പൊതുമൈ എന്ന ചിത്രം ഇറങ്ങിയതിനു ശേഷം ചേച്ചി സിമ്രാനുമായി താരതമ്യം ചെയ്തു വന്ന നിരൂപണങ്ങള്‍ക്ക് മറുപടിയായി മോണല്‍ പറഞ്ഞു: ഞാന്‍ തുടങ്ങിയിട്ടേയുള്ളൂ. ദയവായി എന്നെ ചേച്ചിയുമായി താരതമ്യപ്പെടുത്തരുത്. കുറെ കൂടി ചിത്രങ്ങള്‍ക്കു ശേഷം മാത്രം അനുഭവ സമ്പത്തുള്ള ഒരു നടിയുമായി എന്നെ താരതമ്യപ്പെടുത്തുന്നതാണ് ശരി.

അനുഭവസമ്പന്നയായ ചേച്ചി സിമ്രാന്‍ നടന്നുതീര്‍ത്ത ദൂരം മുന്നില്‍ കണ്ടാണ് മോണല്‍ ഇങ്ങനെ പറഞ്ഞത്. പക്ഷേ സിനിമാംരംഗത്തിലെ ഉയരങ്ങളിലെത്താന്‍ മോഹിച്ച ആ പെണ്‍കുട്ടി സിനിമയിലെ വിധി മാത്രമല്ല സ്വന്തം ജീവിതത്തിന്റെ വിധിയും സ്വയമെഴുതി. വീട്ടിലെ സ്വകാര്യമുറിയില്‍ കെട്ടിത്തൂങ്ങിയ മോണലിന്റെ സ്വയംഹത്യയുടെ കാരണം അജ്ഞാതം.

പാര്‍വൈ എന്‍റൈ പൊതുമൈ എന്ന മോണലിന്റെ ആദ്യചിത്രം തന്നെ ഹിറ്റായിരുന്നു. വിജയ് നായകനായ ബാദ്രിയിലാണ് മോണല്‍ ആദ്യമായി അഭിനയിച്ചതെങ്കിലും ആദ്യം റിലീസ് ആയത് പാര്‍വൈ എന്‍റൈ പൊതുമൈ ആയിരുന്നു. പിന്നീട് അഭിനയിച്ച സമുദ്രം മറ്റൊരു ഹിറ്റ് ആയിരുന്നു. പ്രഭുവിനോടും പ്രഭുദേവയുമോടൊപ്പം നായികയായി അഭിനയിച്ച ചാര്‍ളി ചാപ്ലിനും വിജയം കൊയ്ത ചിത്രമായി. മലയാള നടി അഭിരാമിയും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

ഒരു മലയാള ചിത്രത്തില്‍ മോണലിനെ കരാര്‍ ചെയ്തിരുന്നു. സുനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന പട്ടുത്തൂവാല എന്ന ചിത്രത്തില്‍ മോണലിനെ നായികയായി കരാര്‍ ചെയ്തിരുന്നു. കലാഭവന്‍ മണിയാണ് ഈ ചിത്രത്തിലെ നായകന്‍.

ചെറുപ്പം തൊട്ടേ സിനിമ മോണലിന്റെ മോഹവും സ്വപ്നവുമായിരുന്നു. ഋത്വിക് റോഷന്റെ കളരിയായിരുന്ന മുംബൈയിലെ നമിത് കപൂര്‍ ആക്ടിംഗ് സ്കൂളില്‍ നിന്ന് അഭിനയം പഠിച്ചാണ് മോണല്‍ സിനിമാ രംഗത്തെത്തിയത്. ഭരതനാട്യവും വശമായിരുന്നു മോണലിന്.

ഇരുപത്തൊന്നുകാരിയായ മോണല്‍ അഛനമ്മമാരുടെ ദത്തുപുത്രിയാണ്. അമ്മയുടെ സഹോദരിയാണ് മോണലിനെ ദത്തെടുത്തത്. മൂന്നു വര്‍ഷമായി അമ്മയോടൊപ്പം താമസിച്ചുവരികയായിരുന്ന മോണലിന് സിമ്രാനുള്‍പ്പെടെ മൂന്ന് സഹോദരിമാരാണുള്ളത്.

നടിയെന്ന നിലയില്‍ നല്ലൊരു തുടക്കമിട്ട മോണലിന്റെ പേരും ദുരൂഹമായ ജീവിതത്തെ കുറിച്ചുള്ള സൂചനകള്‍ അവശേഷിപ്പിച്ച് ആത്മഹത്യ ചെയ്യുന്ന സിനിമാ നടിമാരുടെ പേരുകള്‍ക്കൊപ്പം ചേര്‍ക്കപ്പെടുകയാണ്. തെന്നിന്ത്യന്‍ സിനിമയിലെ മാദകനടിയായിരുന്ന സില്‍ക് സ്മിതയും സംവിധായകന്‍ ബാലു മഹേന്ദ്രയുടെ ഭാര്യയും പ്രശസ്ത നടിയുമായിരുന്ന ശോഭയും സ്വയം ജീവനൊടുക്കിയ നടിമാരാണ്. ഈയിടെ മരിച്ച തമിഴ്-തെലുങ്ക് നടി പ്രത്യൂഷയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നതിനെ പറ്റി ദുരൂഹതകള്‍ ബാക്കിനില്‍ക്കുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X