»   » കാവ്യ ഇനി നിഷാലിന്റെ സ്വന്തം

കാവ്യ ഇനി നിഷാലിന്റെ സ്വന്തം

Posted By:
Subscribe to Filmibeat Malayalam
Kavya With Nishal
മലയാളികളുടെ പ്രിയനായിക കാവ്യാ മാധവന്‍ ഇനി നിഷാല്‍ ചന്ദ്രയുടെ സ്വന്തം. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വ്യാഴാഴ്‌ച രാവിലെ 10.20നും 10. 50 നും ഇടയ്‌ക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ നിഷാല്‍ കാവ്യയുടെ കഴുത്തില്‍ താലികെട്ടി.

ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമേ ചടങ്ങിന്‌ എത്തിയിരുന്നുള്ളു. ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഗോവിന്ദ അഡിഗയാണ്‌ വിവാഹത്തിന്റെ കാര്‍മ്മികത്വം വഹിച്ചത്‌.

ചൊവ്വാഴ്‌ച വൈകീട്ടുതന്നെ കാവ്യയും നിഷാലും കുടുംബവും കൊല്ലൂരില്‍ എത്തിയിരുന്നു. ബുധനാഴ്‌ച വൈകീട്ട്‌ ഇരുവരും ഒരുമിച്ച്‌ ക്ഷേത്രദര്‍ശനം നടത്തി. കാവ്യയുടെ നൃത്തഗുരു ഹരി കൈലാസ്‌, അച്ഛന്‍ മാധവന്‍, അമ്മ ശ്യാമള, സഹോദരന്‍ മിഥുന്‍ എന്നിവരും ഇവര്‍ക്കൊപ്പം ക്ഷേത്രസന്നിധിയില്‍ എത്തിയിരുന്നു.

ചലച്ചിത്രരംഗത്തുള്ളവര്‍ക്കായുള്ള റിസപ്‌ഷന്‍ ഫെബ്രുവരി 9ന്‌ കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ നടക്കും. ബന്ധുക്കള്‍ക്കായുള്ള വിരുന്ന്‌ 12ന്‌ കാവ്യയുടെ ജന്മദേശമായി കാഞ്ഞങ്ങാട്ട്‌ നടക്കും.

കുവൈറ്റ്‌ നാഷണല്‍ ബാങ്കില്‍ ടെക്‌നിക്കല്‍ അഡ്വൈസറായ നിഷാല്‍ കായംകുളം സ്വദേശിയാണ്‌. പലചിത്രങ്ങളിലും നിഷാല്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്‌.

ബാലനടിയായി ചലച്ചിത്രരംഗത്തെത്തിയ കാവ്യ പ്രേക്ഷകരുടെ കണ്‍മുന്നില്‍ത്തന്നെയാണ്‌ വളര്‍ന്ന്‌ വലുതായത്‌. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ കാവ്യ ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ്‌ നായികയായത്‌.

വിവാഹത്തോടെ സിനിമ പൂര്‍ണമായും ഉപേക്ഷിക്കില്ലെന്നാണ്‌ കാവ്യ പറഞ്ഞിരിക്കുന്നത്‌. വിടര്‍ന്ന കരിനീലക്കണ്ണുകളുമായി പ്രേക്ഷക ഹൃദയം കീഴടക്കിയ ഈ കലാകാരിയെ മലയാളത്തിന്‌ നഷ്ടപ്പെടില്ലെന്ന്‌ കരുതാം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam