»   » റിലീസിങ് വിലക്ക് നീങ്ങി; തിയറ്ററുടമകള്‍ ഇടയുന്നു

റിലീസിങ് വിലക്ക് നീങ്ങി; തിയറ്ററുടമകള്‍ ഇടയുന്നു

Posted By:
Subscribe to Filmibeat Malayalam
Producers, distributors withdraw strike till May 30
മലയാള സിനിമകളുടെ റിലീസിങ്ങിനുള്ള വിലക്ക് ഈമാസം 30 വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍മാതാക്കളും വിതരണക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.

എന്നാല്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന് തിയേറ്റര്‍ ഉടമകള്‍ പ്രഖ്യാപിച്ചു. തര്‍ക്കങ്ങള്‍ തീരാതെ പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഉടമകളില്‍ ഒരുവിഭാഗം തീരുമാനിച്ചത് പ്രതിസന്ധി ഉടനെയൊന്നും അവസാനിയ്ക്കില്ലെന്ന സൂചനകളാണ് നല്‍കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണ് സമരം നിര്‍ത്തിവയ്ക്കാന്‍ നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ യോഗം ചേര്‍ന്ന തിയേറ്റര്‍ ഉടമകള്‍ സമരം തുടരാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.

തമിഴ് ചിത്രമായ സുറ റിലീസ് ചെയ്ത ഏഴ് തിയേറ്റര്‍ ഉടമകള്‍ക്കേര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കാതെ പുതിയ സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. സുറ'യുടെ വിതരണക്കാരനായ ഷിബു തമീന്‍സിന്റെ കളിയക്കവിളയിലെ മൂന്ന് തീയറ്ററുകളടക്കമുള്ളവയ്ക്കാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. മൂന്ന് വര്‍ഷത്തേക്ക് ഈ തീയറ്ററുകള്‍ക്ക് പുതിയ സിനിമകള്‍ നല്‍കേണ്ടതില്ലെന്നായിരുന്നു തീരുമാനം. ഇത് പിന്‍വലിക്കാതെ പുതിയ സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

12ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ തര്‍ക്കം പരിഹരിക്കാന്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടക്കുന്നുണ്ട്. ഇതില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ പുതിയ സിനിമകള്‍ റിലീസ് ചെയ്യൂ എന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.

തീയറ്ററുടമകളുടെ തന്നെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ സിനിമകള്‍ റിലീസ് ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ റിലീസിങ് കേന്ദ്രങ്ങള്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് കീഴിലായതിനാല്‍ പുതിയ സിനിമകളുടെ റിലീസിങ് നീണ്ടുപോകുമെന്നാണ് കരുതപ്പെടുന്നത്.

മോഹന്‍ലാല്‍ ചിത്രങ്ങളായ അലക്‌സാര്‍ ദ ഗ്രേറ്റ്, ഒരു നാള്‍ വരും, മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിയ്ക്കുന്ന പോക്കിരിരാജ, ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന കഥ തുടരുന്നു എന്നീ സിനിമകളാണ് റിലീസിന് തയാറായി ഇരിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam