»   » ബ്ലാക്ക് ആന്‍ഡ് വൈറ്റ് കുടുംബത്തിന്റെ പ്രശ്നങ്ങള്‍

ബ്ലാക്ക് ആന്‍ഡ് വൈറ്റ് കുടുംബത്തിന്റെ പ്രശ്നങ്ങള്‍

Posted By:
Subscribe to Filmibeat Malayalam
കറുത്ത നിറമുള്ള അച്ഛന്റെയും വെളുത്ത നിറമുള്ള മകന്റെയും രസരകമായ കഥയാണ്‌ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ കുടുംബത്തിലൂടെ നവാഗത സംവിധായകനായ ഷൈജു അന്തിക്കാട്‌ പറയുന്നത്‌. കറുത്ത അച്ഛനായ ആന്റണിയെ കലാഭവന്‍ മണി അവതരിപ്പിയ്‌ക്കുമ്പോള്‍ വെളുത്ത മകനായ ആന്റണി ആദിത്യ വര്‍മ്മയുടെ റോളിലെത്തുന്നത്‌ ജയസൂര്യയാണ്‌. ആന്റണിയുടെ മകന്‌ ആന്റണി ആദിത്യ വര്‍മ്മയെന്ന പേര്‌ കിട്ടിയതെങ്ങനെയെന്ന്‌ പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുമെന്ന്‌ ഉറപ്പാണ്‌.

പലപ്പോഴും ആന്റണിയ്‌ക്ക്‌ തന്റെ കറുത്ത നിറം ഒരു കോംപ്ലക്‌സായി തോന്നാറുണ്ട്‌. മനപൂര്‍വമല്ലെങ്കിലും അച്ഛനെ പ്രകോപിപ്പിയ്‌ക്കാനായി മകന്‍ അച്ഛന്റെ കറുത്ത നിറം ഒരു ആയുധമാക്കാറുണ്ട്‌. ഇതെല്ലാം ഒരു രസത്തിന്‌ വേണ്ടിയാണെന്ന്‌ മാത്രം.

തീരെ ചെറുപ്പത്തില്‍ തന്നെ വിവാഹിതനായതിനാല്‍ ആന്റണിയെ മകന്‍ പ്രായപൂര്‍ത്തിയാകാത്ത അച്ഛനെന്നാണ്‌ വിളിക്കാറ്‌. ഇതു കൊണ്ടെക്കെ തന്നെ ഇരുവരും സുഹൃത്തുക്കളെ പോലെയാണ്‌ കഴിയുന്നത്‌.

ഇതിനിടെ മകന്‍ വരുത്തിവെച്ച ബാധ്യതകള്‍ മൂലം ആന്റണിയുടെ സ്വത്തുക്കള്‍ നഷ്ടപ്പെടുന്നു. ജീവിതം വഴിമുട്ടിയ ആന്റണി ഒരു കൊട്ടാരത്തില്‍ ഡ്രൈവറായി ജോലി ചെയ്യാന്‍ തയാറാകുകയാണ്‌. അതേ കൊട്ടാരത്തിലെ മാനേജരായി മകന്‍ ആദിത്യ വര്‍മ്മയും എത്തി. അച്ഛനും മകനുമാണെന്ന കാര്യം ഇരുവരും മറ്റാരെയും അറിയിക്കുന്നില്ല.

പ്രശസ്‌ത ബിസിനസുകാരായ മിന്നു ഗ്രൂപ്പ്‌ ഈ കൊട്ടാരം വകയാണ്‌. അവിടെ ഒരു തമ്പുരാട്ടിക്കുട്ടിയുമുണ്ട്‌. 12 വയസ്സില്‍ പക്വത നേടിയവളാണ്‌ താനെന്നാണ്‌ മിന്നും സ്വയം വിലയിരുത്തുന്നത്. കൊട്ടാരത്തിലെ ജീവിതത്തിനിടെ മിന്നുവിന്റെ ഹൃദയം കീഴടക്കാന്‍ ആദിത്യ വര്‍മ്മയ്‌ക്ക്‌ കഴിയുന്നുണ്ട്‌.

ഇങ്ങനെ കാര്യങ്ങള്‍ മുന്നോട്ട്‌ പോകുന്നതിനിടെ കൊട്ടാരത്തിലെ അടിച്ചു തളിക്കാരിയായി ആന്റണിയുടെ ഭാര്യ ലക്ഷ്‌മി കൂടിയെത്തുന്നതോടെ ഈ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ കുടുംബത്തിന്റെ ജീവിതം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്‌. കൊട്ടാരത്തിലെ തമ്പുരാട്ടിക്കുട്ടിയായ മിന്നുവായെത്തുന്നത്‌ ഭാമയാണ്‌.

ഇത്തരം ചിത്രങ്ങളുടെ പ്രധാന മര്‍മ്മം ഹാസ്യം തന്നെയാണ്. ജയസൂര്യയും മണിയും ചേര്‍ന്നുള്ള കോമഡി കോന്പിനേഷന്‍ വേനലവധിക്കാലത്ത് കുടുംബ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റുമെന്നാണ് ബ്ലാക്ക് ആന്‍‍ഡ് വൈറ്റിന്റെ അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്.

സുനിതാ പ്രൊഡക്ഷന്‌ വേണ്ടി അരോമ മണി നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തില്‍ ജനാര്‍ദ്ദനന്‍, ലാലു അലക്‌സ്‌, ഭാമ, വിനയപ്രസാദ്‌, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ബിജുക്കുട്ടന്‍, അനൂപ്‌ ചന്ദ്രന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. സംവിധായകന്‍ തന്നെ രചന നിര്‍വഹിയ്‌ക്കുന്ന ചിത്രം ഏപ്രില്‍ 24ന്‌ തിയറ്ററുകളിലെത്തും.

അടുത്ത പേജില്‍
ജയറാം-സത്യന്‍ ടീം വീണ്ടും

മുന്‍ പേജില്‍
ഫാസിലുമൊത്ത് ദിലീപ് ആദ്യം

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam