»   » വിവാദം അനാവശ്യം: ആര്യാടന്‍ ഷൗക്കത്ത്‌

വിവാദം അനാവശ്യം: ആര്യാടന്‍ ഷൗക്കത്ത്‌

Posted By:
Subscribe to Filmibeat Malayalam

നിലമ്പൂര്‍: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ നിര്‍ണയ ജൂറിയില്‍ വിശ്വാസമില്ലെങ്കില്‍ അവാര്‍ഡിന്‌ വേണ്ടി ചിത്രങ്ങള്‍ അയ്‌ക്കരുതെന്ന്‌ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത്‌ ആര്യാടന്‍ ഷൗക്കത്ത്‌.

അവാര്‍ഡ്‌ നിര്‍ണയം സംബന്ധിച്ച്‌ ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഞങ്ങളെപ്പോലുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇപ്പോള്‍ തികഞ്ഞ ആശയക്കുഴപ്പത്തിലാണ്‌. പോരടിയ്‌ക്കുന്നത്‌ ലോകം അംഗീകരിച്ച രണ്ട്‌ സംവിധായകര്‍ ഇത്തരത്തില്‍ പരസ്‌പരം ആരോപണങ്ങളുമായി മുന്നിലെത്തുന്നത്‌ തികച്ചും വേദനാജനകമാണ്‌.

നല്ല സിനിമ, ചീത്ത സനിമ എന്നീ കാര്യങ്ങളില്‍ സാര്‍വ്വലൗകികമായ അംഗീകാരം നേടിയ മാനദണ്ഡങ്ങള്‍ ഇല്ലാത്തിടത്തോളം കാലം ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുകയാണ്‌ വേണ്ടത്‌. ജൂറിയില്‍ വിശ്വാസമില്ലെങ്കില്‍ ചിത്രം അവാര്‍ഡിനായി അയയ്‌ക്കരുത്‌.

ചിത്രം അവാര്‍ഡിനയച്ചശേഷം ജൂറിയെ വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്നും ആര്യാടന്‍ ഷൗക്കത്ത്‌ പറഞ്ഞു. വിലാപങ്ങള്‍ക്കപ്പുറത്തിന്റെ സംവിധായകനായ ടിവി ചന്ദ്രനും അടൂര്‍ ഗോപാലകൃഷ്‌ണനും തമ്മിലുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ആര്യാടന്‍ ഷൗക്കത്ത്‌ തന്റെ വാദങ്ങളുമായി മാധ്യമപ്രവര്‍ത്തകരെ കണ്ടത്‌.

മികച്ച തിരക്കഥയ്‌ക്കുള്ള സംസ്ഥാന പുരസ്‌കാരം കഴിഞ്ഞതവണ ആര്യാടന്‍ ഷൗക്കത്തിനായിരുന്നു. ടിവി ചന്ദ്രന്റെ ഒട്ടേറെ ചിത്രങ്ങള്‍ നരേത്തേ ഷൗക്കത്ത്‌ നിര്‍മ്മിച്ചിട്ടുണ്ട്‌.

ഇപ്പോള്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്‌ ലഭിച്ചിരിക്കുന്ന ഒരു പെണ്ണും രണ്ടാണും എന്ന ചിത്രം ദൂരദര്‍ശനില്‍ സീരിയലായി വന്നതാണെന്നും ഇത്‌ അവാര്‍ഡിന്‌ പരിഗണിച്ചത്‌ ജൂറികള്‍ക്ക്‌ അടൂരിനെ പേടിയുള്ളതുകൊണ്ടാണെന്നും ടിവി ചന്ദ്രന്‍ ആരോപിച്ചിരുന്നു. ഈ വിമര്‍ശനം വെറും വിവരക്കേട്‌ മാത്രമാണെന്നായിരുന്നു അടൂരിന്റെ പ്രതികരണം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam