»   » മേജര്‍ രവി-അര്‍ജ്ജുന്‍ ചിത്രത്തില്‍ അശ്വതി നായിക

മേജര്‍ രവി-അര്‍ജ്ജുന്‍ ചിത്രത്തില്‍ അശ്വതി നായിക

Posted By:
Subscribe to Filmibeat Malayalam
Aswathy
പൂര്‍ണിമ ജയറാം, നദിയ മൊയ്‌തു, ശാലിനി, ഖുശ്‌ബു, നിഖിത.... ഫാസില്‍ വെള്ളിത്തിരയ്‌ക്ക്‌ സമ്മാനിച്ച താരങ്ങളാണിവര്‍. ഈ സംവിധായകന്റെ ചിത്രങ്ങളിലൂടെ ഹരിശ്രീ കുറിച്ച ഇവര്‍ക്ക്‌ പിന്നീടൊരിയ്‌ക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴിതാ ഫാസിലിന്റെ മറ്റൊരു കണ്ടെത്തല്‍ കൂടി ക്ലിക്കാകുന്നു.

ദിലിപിനെ നായകനാക്കി ഫാസില്‍ ഒരുക്കിയ മോസ്‌ എന്‍ ക്യാറ്റ്‌സിലെ നായികയായി തിളങ്ങിയ അശ്വതി അശോകിനെയാണ്‌ ഭാഗ്യദേവത അനുഗ്രഹിച്ചിരിയ്‌ക്കുന്നത്‌. മോസ്‌ എന്‍ ക്യാറ്റ്‌സ്‌ വന്‍വിജയമായില്ലെങ്കിലും നായിക വേഷം ചെയ്‌ത അശ്വതിയെ തേടി വമ്പന്‍ പ്രൊജക്ടുകളാണ്‌ എത്തുന്നത്‌.

മുരളി നാഗവള്ളിയൊരുക്കുന്ന മോഹന്‍ലാല്‍ ചിത്രമായ അലക്‌സാണ്ടര്‍ ദ ഗ്രേറ്റിലെ നായികയായി പരിഗണിയ്‌ക്കുന്നത്‌ അശ്വതിയെയാണ്‌. ലാലിന്റെ നായികാപദവി അശ്വതിയുടെ കരിയറില്‍ മുതല്‍ക്കൂട്ടാവുമെന്ന കാര്യമുറപ്പാണ്‌.

ഇതിന്‌ പിന്നാലെ പട്ടാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മേജര്‍ രവിയുടെ തമിഴ്‌ ചിത്രമായ മേയ്‌ കാവിലെ നായികയാകാനുള്ള ക്ഷണമാണ്‌ അശ്വതിയ്‌ക്ക്‌ ലഭിച്ചിരിയ്‌ക്കുന്നത്‌.

കോളിവുഡിലെ ആക്ഷന്‍ ഹീറോ അര്‍ജ്ജുന്റെ നായികയായാണ്‌ അശ്വതി ചിത്രത്തില്‍ അഭിനയിക്കുക. ആലപ്പുഴയില്‍ ഷൂട്ടിംഗ്‌ തുടങ്ങുന്ന ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍ ഒറ്റപ്പാലവും ഹോങ്കോങും സിംഗപ്പൂരുമാണ്‌. മേജര്‍ രവി ചിത്രം അശ്വതിയ്ക്ക് കോളിവുഡിലേക്കുള്ള ചവിട്ടുപടിയാകുമെന്നും കരുതപ്പെടുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam