»   » ലാലിനെ നായകനാക്കിയത് അബദ്ധമായി സിബി മലയില്‍

ലാലിനെ നായകനാക്കിയത് അബദ്ധമായി സിബി മലയില്‍

Posted By:
Subscribe to Filmibeat Malayalam
Sibi Malayil
ദേവദൂതനില്‍ മോഹന്‍ലാലിനെ നായകനാക്കിയത് വെളുക്കാന്‍ തേച്ചത് പാണ്ടായ പോലെയായെന്ന് സംവിധായകന്‍ സിബി മലയില്‍. ചിത്രത്തില്‍ ലാലിനെ നായകനാക്കാന്‍ പ്ലാന്‍ ഉണ്ടായിരുന്നില്ലെന്നും സിബി വെളിപ്പെടുത്തി. ഒരു മലയാളപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിബി മലയില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.വാണിജ്യപരമായി തകര്‍ന്നെങ്കിലും മലയാളത്തിലെ നല്ല സിനിമകളുടെ പട്ടികയില്‍ ഇടംപിടിയ്ക്കാന്‍ ദേവദൂതന് കഴിഞ്ഞിരുന്നു.

എന്നാല്‍ ദേവദൂതനെപ്പറ്റി മറ്റുചില കാര്യങ്ങളാണ് സംവിധായകന്‍ തുറന്നുപറയുന്നത്. സത്യസന്ധമായി ചെയ്ത സിനിമകള്‍ക്ക് വിചാരിച്ച ഫലം കിട്ടാതെ വരുമ്പോള്‍ വേദനയും സങ്കടവും തോന്നാറുണ്ട്. അത്തരത്തില്‍ ഏറ്റവും വേദനിപ്പിച്ചത് ദേവദൂതനാണ്.

ആ സിനിമ വിചാരിച്ച രീതിയിലല്ല പുറത്തുവന്നത്. പുതുമുഖങ്ങളെ കേന്ദ്രമാക്കി ചെയ്യാന്‍ ആഗ്രഹിച്ച സിനിമയായിരുന്നു ദേവദൂതന്‍. അത്തരത്തിലാണ് തിരക്കഥ തയ്യാറാക്കിയതും.

ലാലിന് പകരം അലൈപായുതേയിലൂടെ അക്കാലത്ത് പ്രശസ്തനായ തമിഴ്‌നടന്‍ മാധവനെ നായകനാക്കാനായിരുന്നു ആഗ്രഹിച്ചത്. ഇതിന് വേണ്ടി അദ്ദേഹത്തെ സമീപിയ്ക്കുകയും ചെയ്തു. എന്നാല്‍ ഒരു ലാല്‍ സിനിമ ചെയ്യാനുള്ള സാഹചര്യങ്ങളാണ് ഉരുത്തിരിഞ്ഞത്.

താരമൂല്യമുള്ള സിനിമ ചെയ്യണമെന്ന നിര്‍ബന്ധത്തിലായിരുന്നു അത്. അങ്ങനെ ലാലിന് വേണ്ടി തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി. എന്നാലത് വെളുക്കാന്‍ തേച്ചത് പാണ്ടായ അനുഭവമായിപ്പോയെന്ന് സിബി പറയുന്നു. ദേവദൂതന്റെ പരാജയത്തിന് ശേഷം സംവിധാനം ഉപേക്ഷിയ്ക്കാന്‍ വരെ തന്നെ പ്രേരിപ്പിച്ചുവെന്നും അഭിമുഖത്തില്‍ പറയുന്നുണ്ട്.

കഴിഞ്ഞ മുപ്പതു വര്‍ഷമായി മലയാള സിനിമയില്‍ ശക്തരായി തുടരുന്ന മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പകരം വെയ്ക്കാന്‍ ആരുമില്ലെന്നും സിബി മലയില്‍ പറയുന്നുണ്ട്. ജയറാമും ദിലീപും പൃഥ്വിരാജുമൊക്കെ മികച്ച നടന്മാരാണെങ്കിലും അവരൊന്നും ലാലിനും മമ്മൂട്ടിയ്ക്കും പകരമാവില്ല. രണ്ട് നടന്മാര്‍ക്ക് ലഭിച്ച പോലുള്ള ശക്തമായ കഥാപാത്രങ്ങളോ സംവിധായകരോ മറ്റുള്ളവര്‍ക്ക് ലഭിച്ചിട്ടില്ല. അത് അവരുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടാവും.

2010ല്‍ പുതുമുഖങ്ങളെ അണിനിരത്തി അപൂര്‍വരാഗം എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ സിബി വയലിന്‍ എന്ന സിനിമയുടെ പണിപ്പുരയിലാണ്. ആസിഫ് അലിയും നിത്യാമേനോനുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്ന . സംഗീതത്തിന് പ്രാധാന്യമുള്ള പ്രണയകഥയാണെന്നും സിബി പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam