»   » മേക്കപ്പ് മാന് പകരം റംസാന് എല്‍സമ്മ വരും

മേക്കപ്പ് മാന് പകരം റംസാന് എല്‍സമ്മ വരും

Posted By:
Subscribe to Filmibeat Malayalam
Elsamma Enna Aankutty
ഷാഫി-ജയറാം ടീമിന്റെ മേക്കപ്പ് മാനെ പിന്തള്ളി എല്‍സമ്മയെന്ന ആണ്‍കുട്ടി തിയറ്ററുകളിലേക്ക്. റംസാന്‍ ചിത്രമായി സെപ്റ്റംബര്‍ 10ന് റിലീസ് നിശ്ചയിച്ചിരുന്ന മേക്കപ്പ് മാന് പകരം ലാല്‍ജോസ് ഒരുക്കുന്ന എല്‍സമ്മയെന്ന ആണ്‍കുട്ടി തിയറ്ററുകളിലെത്തുമെന്ന വാര്‍ത്ത ചലച്ചിത്രരംഗത്തെയാകെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

പൃഥ്വിരാജിന്റെ തിരക്കാണ് മേക്കപ്പ് മാന് വിനയായത്. ജയറാമും പൃഥ്വിയും ഒന്നിയ്ക്കുന്ന കോമ്പിനേഷന്‍ സീനുകള്‍ നേരത്തെ തീര്‍ക്കാന്‍ ഷാഫി ശ്രമിച്ചിരുന്നെങ്കിലും ഇവരുടെ ഡേറ്റുകള്‍ ഒന്നിച്ച് ലഭിയ്ക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രമായത് കൊണ്ട് പൃഥ്വിയെ പോലൊരു താരത്തെ ഒഴിവാക്കാനും ഷാഫിയ്ക്ക് കഴിഞ്ഞില്ല.

.ഒരുപാട് പ്രൊജക്ടുകള്‍ കമ്മിറ്റ് ചെയ്ത പൃഥ്വിയ്ക്കും തമിഴ് സിനിമകളുടെ തിരക്കിലുള്ള ജയറാമിനും ഒരുമിയ്ക്കാനുള്ള അവസരം ഇനി സെപ്റ്റംബറിലേ ഉള്ളൂ. ഇതാണ് മേക്കപ്പ് മാന്റെ ഷൂട്ടിങിന്റെ താളം തെറ്റിച്ചത്.

രജപുത്ര വിഷന്റെ ബാനറില്‍ എം രഞ്ജിത്താണ് മേക്കപ്പ് മാനും എല്‍സമ്മയും നിര്‍മ്മിയ്ക്കുന്നത്. രണ്ടു സിനിമകള്‍ വിതരണത്തിനെടുത്തിട്ടുള്ളതാവട്ടെ ലാല്‍ ക്രിയേഷന്‍സും. മേക്കപ്പ് മാനുവേണ്ടി തിയറ്ററുകള്‍ ബ്ലോക്ക് ചെയ്തിരുന്ന ലാലിന് അത് നഷ്ടപ്പെടുത്താന്‍ താത്പര്യമുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയ എല്‍സമ്മയെ തിയറ്ററുകളിലെത്തിയ്ക്കാന്‍ തീരുമാനമായത്.

നേരത്തെ ഒക്ടോബര്‍ 15നാണ് എല്‍സമ്മയുടെ റിലീസ് തീരുമാനിച്ചിരുന്നത്. മാറിയ സാഹചര്യങ്ങളില്‍ എല്‍സമ്മയെ സെപ്റ്റംബര്‍ 10ന് തിയറ്ററുകളിലെത്തിയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സെപ്റ്റംബറില്‍ ഷൂട്ടിങ് പൂര്‍ത്തിയാവുന്ന മേക്കപ്പ് മാന്‍ നവംബര്‍ അഞ്ചിലേക്കാണ് ഇപ്പോള്‍ ചാര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. റിലീസ് നേരത്തെയാക്കിയതോടെ എല്‍സമ്മയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ
വേഗം ലാല്‍ജോസ് കൂട്ടിയിട്ടുണ്ട്.

കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും പുതുമുഖം ആനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തെക്കുറിച്ച് മികച്ച പ്രിവ്യൂ റിപ്പോര്‍ട്ടുകളാണ് വന്നിരിയ്ക്കുന്നത്. റംസാന് തിയറ്ററുകളിലെത്തുന്പോള്‍ മോഹന്‍ലാലിന്റെ ശിക്കാറും മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റുമായിരിക്കും എല്‍സമ്മയുടെ എതിരാളികള്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam