»   » ശാലിനി തലവേദന സമ്മാനിച്ച താരം: ഫാസില്‍

ശാലിനി തലവേദന സമ്മാനിച്ച താരം: ഫാസില്‍

Posted By:
Subscribe to Filmibeat Malayalam
Fazil-Shalini
മുപ്പതു വര്‍ഷം പിന്നിട്ട കരിയറില്‍ തനിയ്ക്ക് ഏറ്റവും തലവേദന സമ്മാനിച്ച താരം നടി ശാലിനിയാണെന്ന് സംവിധായകന്‍ ഫാസില്‍. ബേബിയായിരുന്നപ്പോഴുള്ള ശാലിനിയല്ല, മറിച്ച് മുതിര്‍ന്ന ശാലിനിയാണ് തന്നെ വലച്ചതെന്നും സംവിധായകന്‍ പറയുന്നു. മലയാളത്തിലെ ഒരു പ്രമുഖ സിനിമാ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഫാസില്‍ തന്‍റെ മനസ്സ് തുറന്നത്.

ചെറിയ കുട്ടിയായിരുന്നപ്പോള്‍ പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ കൃത്യമായി ബേബി ശാലിനി ചെയ്തിരുന്നു. എന്നാല്‍ കൗമാരക്കാരിയായ ശാലിനിയെ അനിയത്തിപ്രാവിന് വേണ്ടി അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ശരിയ്ക്കും അതൊരു തലവേദനയായി മാറി. അഹങ്കാരമൊന്നുമല്ല, മുഖത്ത് ഭാവം വരാത്തിന്റെ കുഴപ്പമാണ് ഏറെ വലച്ചത്.

കുന്തം കൊണ്ട് കുത്തിയാല്‍പ്പോവും ഒരു വികാരവും വരാത്ത നടിയെന്നാണ് ഫാസില്‍ ശാലിനിയുടെ അഭിനയക്കുറിച്ച് പറയുന്നത്. മറ്റൊരു നായികയ്ക്ക് വേണ്ടിയും ഇത്ര കഷ്ടപ്പാട് വേണ്ടിവന്നിട്ടില്ല. ശാലിനിയുടെ അഭിനയം കണ്ട് ക്യാമറമാന്‍ ആനന്ദക്കുട്ടന് പോലും വിഷമം തോന്നിയിരുന്നതായും ഫാസില്‍ ഓര്‍മിയ്ക്കുന്നു.

മോസ് ആന്റ് ക്യാറ്റ്, കൈയ്യെത്തും ദൂരത്ത് എന്നിവ നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്വവും ഫാസില്‍ ഏറ്റെടുക്കുന്നു. താന്‍ സംവിധാനം ചെയ്ത പത്തൊന്പത് സിനിമകളില്‍ മോസ് ആന്റ് ക്യാറ്റാണ് തന്റെ ഏറ്റവും മോശം ചിത്രമെന്ന് അഭിമുഖത്തില്‍ ഫാസില്‍ വെളിപ്പെടുത്തുന്നു. വിഷു റിലീസിനു വേണ്ടി തട്ടിക്കൂട്ടിയെടുത്ത ഒരു സിനിമയായിരുന്നു അത്. ഷൂട്ടിങിനിടെ ആ സിനിമ ചെയ്യേണ്ടിയിരുന്നില്ല എന്നു വരെ തോന്നി. സത്യത്തില്‍ ആ സിനിമ താന്‍ കണ്ടിട്ടു പോലുമില്ലെന്ന് ഫാസില്‍ പറയുന്നു.

തന്റെ സ്വന്തം സിനിമകളില്‍ ഫാസില്‍ റീമേക്ക് ചെയ്യാന്‍ ഇപ്പോഴും ആഗ്രഹിയ്ക്കുന്നത് ആദ്യ സിനിമയായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ്. എന്നാല്‍ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ മണിച്ചിത്രത്താഴ് അങ്ങനെ ചെയ്യാന്‍ താത്പര്യമില്ലെന്നും അദ്ദേഹം വിശദീകരിയ്ക്കുന്നു. മണിച്ചിത്രത്താഴിന്റെ പൂര്‍ണത അതിന്റെ ആദ്യ നിര്‍മാണത്തോടെ സംഭവിച്ചു കഴിഞ്ഞു. ഇനി അതുമായി മുന്നോട്ടു പോകാന്‍ സാധിയ്ക്കില്ല.

മകന്‍ ഫഹദിനെ നായകനാക്കി അടുത്തു തന്നെ ഒരു സിനിമ ചെയ്യുമെന്ന കാര്യവും അഭിമുഖത്തിനിടെ ഫാസില്‍ വെളിപ്പെടുത്തി. തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഒരുപിടി പുതുതാരനിരയെ അണിനിരത്തി ലിവിങ് ടുഗെതര്‍ എന്ന ചിത്രമൊരുക്കുന്നതിന്റെ തിരക്കിലാണ് ഫാസില്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam