»   » ജയറാം പറഞ്ഞത്....

ജയറാം പറഞ്ഞത്....

Posted By:
Subscribe to Filmibeat Malayalam
Jayaram
ഒരു ടോക്ക് ഷോ ഇത്ര വലിയ പുലിവാലാകുമെന്ന് ജയറാം കരുതിയിരിക്കില്ല. 2010ലെ മലയാളത്തിലെ ആദ്യത്തെ ഹിറ്റ് ചിത്രമായ ഹാപ്പി ഹസ്ബന്‍ഡ്‌സിന്റെ വിജയത്തിലൂടെ കരിയര്‍ തത്കാലത്തേക്കെങ്കിലും സേഫ് ആയെന്ന് കരുതിയ ജയറാം അതേ സിനിമയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തിലൂടെ കൂടുതല്‍ കുഴപ്പങ്ങളിലാണ് ചെന്നുചാടിയിരിക്കുന്നത്.

നിരുപദ്രവമെന്ന് തോന്നാവുന്ന ഒരു പരമാര്‍ശം സൃഷ്ടിച്ച വിവാദം ജയറാമിന്റെ കോളിവുഡിലെ നിലനില്‍പ്പിനെ പോലും ബാധിച്ചേക്കാവുന്ന തരത്തില്‍ വളര്‍ന്നു കഴിഞ്ഞു.

ഒരു മലയാളം ചാനലില്‍ ഹാപ്പി ഹസ്ബന്‍ഡ്‌സിനെക്കുറിച്ച് നടന്ന ടോക്ക് ഷോയില്‍ ജയറാമിന്റെ ചില പരാമര്‍ശങ്ങളാണ് തമിഴരെ പ്രകോപിപ്പിച്ചത്. 'ഇവിടെ ഹസ്ബന്‍ഡ്‌സ് ഹാപ്പിയാണ്' എന്ന പ്രമോഷന്‍ പരിപാടിയില്‍ അവതാരകന്റെ ചോദ്യത്തിന് മറുപടിയായി "എന്റെ വീട്ടിലെ വേലക്കാരി കറുത്ത് തടിച്ച് എരുമയെപ്പോലെയുള്ള ഒരു തമിഴത്തിയാണ്" എന്ന് ജയറാം പറഞ്ഞതാണ് വിവാദമായത്.

തമാശയെന്ന രീതിയില്‍ നടന്‍ പറഞ്ഞതാണെങ്കിലും ഇത് തമിഴ് സ്ത്രീകളെ അധിക്ഷേപിയ്ക്കുന്ന തരത്തിലായിപ്പോയെന്നാണ് ആരോപണം. ഇതിന്റെ പേരില്‍ ജയറാമിന്റെ വീടിന് നേരെ വരെ ആക്രമണമുണ്ടായി. ജയറാമിന്റെ തമിഴ് ചിത്രങ്ങള്‍ തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്ന് ചില സംഘടനകള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

മലയാളത്തിലും തമിഴിലും ഒരേ സമയം നിലയുറപ്പിച്ചിട്ടുള്ള അപൂര്‍വം നടന്‍മാരില്‍ ഒരാളാണ് ജയറാം. പുതിയ വിവാദം താരത്തിന്റെ കോളിവുഡിലെ കരിയറിനെയാണ് കൂടുതല്‍ ബാധിയ്ക്കുകയെന്ന കാര്യത്തില്‍ സംശയമില്ല. സംഭവത്തില്‍ ജയറാം മാപ്പ്് പറഞ്ഞെങ്കിലും ചെറിയ സംഭവങ്ങളെ പോലും വികാരപരമായി സമീപിയ്ക്കുന്ന തമിഴ് ജനത അതിനെ എങ്ങനെ സ്വീകിരിയ്ക്കുമെന്ന് കണ്ട് തന്നെ അറിയണം. ക്ഷിപ്രകോപികളും ക്ഷിപ്രപ്രസാദികളുമായ അവര്‍ ജയറാമിനോട് ക്ഷമിയ്ക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിയ്ക്കാം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam