»   » മമ്മൂട്ടിയെ അമേരിക്കയില്‍ തടഞ്ഞുവെച്ചു

മമ്മൂട്ടിയെ അമേരിക്കയില്‍ തടഞ്ഞുവെച്ചു

Posted By:
Subscribe to Filmibeat Malayalam
Mammootty
മലയാളത്തിന്റെ അഭിമാന താരമായ മമ്മൂട്ടിയെ ന്യൂയോര്‍ക്ക് ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ രണ്ട് മണിക്കൂറോളം തടഞ്ഞുവെച്ചു. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരിട്ട് ഇടപെട്ടതോടെയാണ് മമ്മൂട്ടിയെ വിട്ടയച്ചത്.

ബ്രിട്ടീഷ് എയര്‍വേയ്സ് ബിഎ 113ല്‍ ന്യൂയോര്‍ക്കിലെത്തിയ മമ്മൂട്ടിയ്ക്ക് തന്റെ പാസ്പോര്‍ട്ടിലെ പേരിന്റെ പ്രത്യേകതകളാണ് വിനയായത്. പാസ്പോര്‍ട്ടില്‍ മമ്മൂട്ടിയുടെ പേര് മുഹമ്മദ് കുട്ടി ഇസ്മായില്‍ പനിപ്പറന്പില്‍ എന്നാണ്. മുഹമ്മദ് ഇസ്മായില്‍ എന്ന് പേരുള്ള ഏതെങ്കിലും ഒരു യാത്രക്കാരന്‍ യുഎസിലും ബ്രിട്ടനിലും എത്തിയാല്‍ പിടിയ്ക്കപ്പെടുമെന്ന സ്ഥിതയാണുള്ളത്. ഇതിന് കൃത്യമായ വിശദീകരണം നല്കാന്‍ ഇരുരാജ്യങ്ങളും ഇപ്പോഴും തയാറായിട്ടില്ല.

എയര്‍പോര്‍ട്ടിലെ ഹോം ലാന്‍ഡ് സെക്യൂരിറ്റി വിഭാഗമാണ് മമ്മൂട്ടിയെ സംശകരമായി കാണുന്ന യാത്രക്കാരുടെ പട്ടികയില്‍പ്പെടുത്തി സുരക്ഷാ വിഭാഗത്തിലേക്ക് മാറ്റിയത്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇത് സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അവിടെ നിന്നും ഒരു ഉദ്യോഗസ്ഥന്‍ വിമാനത്താവളത്തിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് മമ്മൂട്ടിയെ മോചിപ്പിച്ചത്.

ബാല്യകാല സുഹൃത്തായ സ്റ്റാന്‍ലി കളത്തറയെ തിരഞ്ഞെടുപ്പില്‍ സഹായിക്കാനാണ് മമ്മൂട്ടി ന്യൂയോര്‍ക്കിലെത്തിയത്. സ്റ്റാന്‍ലി കളത്തറ ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിന് ക്യൂന്‍സ്, ലോങ് ഐലന്റ്, ന്യൂജഴ്സി എന്നിവിടങ്ങളില്‍ ധനസമാഹരണ യോഗങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ കൂടിയാണ് മമ്മൂട്ടിയുടെ യുഎസ് പര്യടനം. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ഡാഡി കൂളിന്റെ ഗാന ചിത്രീകരണവും അമേരിക്കയില്‍ വെച്ച് പ്ലാന്‍ ചെയ്തിട്ടുണ്ട്.

ഇതാദ്യമായല്ല ഇന്ത്യന്‍ സിനിമാ താരങ്ങള്‍ക്ക് അമേരിക്കയില്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത്. പ്രശസ്ത നടന്‍മാരായ കമല്‍ഹാസനും അമീര്‍ഖാനെയുമൊക്കെ സുരക്ഷയുടെ പേരില്‍ അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ സമാനമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്പ് യുഎസില്‍ സ്റ്റേജ് ഷോ അവതരിപ്പിയ്ക്കാന്‍ പോകുന്നതിനിടെ ബിജു മേനോന്‍-സംയുക്ത വര്‍മ്മ എന്നിവരടങ്ങുന്ന സിനിമാ സംഘത്തെ തടഞ്ഞുവെച്ചതും വന്‍വാര്‍ത്താ പ്രധാന്യം നേടിയിരുന്നു.

സുരക്ഷയുടെ പേരില്‍ മമ്മൂട്ടിയെ പോലെ പ്രമുഖരായ വ്യക്തിക്കള്‍ക്ക് മേലില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ ഇന്ത്യന്‍ എംബസിയ്ക്കും കോണ്‍സുലേറ്റിനും നിര്‍ദ്ദേശം നല്കിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് അറിയിച്ചു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam