»   » അവതാര്‍ ടെക്‌നോളജിയില്‍ മലയാളം ഡ്രാക്കുള

അവതാര്‍ ടെക്‌നോളജിയില്‍ മലയാളം ഡ്രാക്കുള

Posted By:
Subscribe to Filmibeat Malayalam
 Rupesh Paul to direct 'Dracula' in 3D!
ഹോളിവുഡിനെ അടക്കിഭരിച്ച ഡ്രാക്കുള പ്രഭു ഒടുവില്‍ മലയാള സിനിമയിലേക്കും എത്തുകയാണ്. രക്തദാഹിയായ ഈ ഭീകരപ്രഭുവിന്റെ കഥ മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിയ്ക്കുന്നത് സംവിധായകന്‍ രൂപേഷ് പോളാണ്. 'മൈ മദേഴ്‌സ് ലാപ്‌ടോപ്പി'ന് ശേഷം രൂപേഷ് ഒരുക്കുന്ന ചിത്രമാണ് ഡ്രാക്കുള. ഒരു നൂറ്റാണ്ട് മുമ്പെ പിറവിയെടുത്തെങ്കിലും ബ്രാംസ്‌ക്കോറിന്റെ ഡ്രാക്കുള നോവല്‍ ഇതാദ്യമായണ് മലയാളത്തില്‍ ചലച്ചിത്രരൂപം ഉണ്ടാവുന്നത്.

ജെയിംസ് കാമറൂണിന്റെ അവതാറിന് ശേഷം ഹോളിവുഡില്‍ പടര്‍ന്നിരിയ്ക്കുന്ന 3ഡി സാങ്കേതികവിദ്യയുടെ അകമ്പടിയോടെയാണ് മലയാളം ഡ്രാക്കുള തിയറ്ററുകളിലെത്തുകയെന്നതാണ് മറ്റൊരു പ്രത്യേകത. അവതാറില്‍ ഉപയോഗിച്ച ഐമാക്‌സ് 3ഡി ഫ്യൂഷന്‍ ടെക്‌നോളജിയായിരിക്കും മലയാളം ഡ്രാക്കുളയിലും ഉണ്ടാവുകയെന്നും സൂചനകളുണ്ട്.

മലയാളി പ്രേക്ഷകരെ ലക്ഷ്യമിട്ട് ഡ്രാക്കുളയുടെ കഥയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് അറിയുന്നത്. ഇന്ദുമേനോന്റെ കഥയ്‌ക്ക്‌ രൂപേഷ്‌ പോളാണ്‌ തന്നെയാണ് തിരക്കഥയൊരുക്കുന്നത് കേരളത്തിലെ ഒരു ഫൊറന്‍സിക് സര്‍ജന്റെ ശരീരത്തില്‍ കയറിക്കൂടിയാണ് ഡ്രാക്കുളയുടെ മോളിവുഡ് രംഗപ്രവേശം.

പത്ത് കോടിയുടെ ബജറ്റില്‍ തീര്‍ക്കുന്ന ഈ ഹൊറര്‍ ചിത്രത്തിന്റെ പ്രധാന സാങ്കേതിക വിദഗ്ധരെല്ലാം ഹോളിവുഡില്‍ നിന്നും മറ്റുമാണ്. ബ്രിട്ടീഷ് സ്വദേശിയായ അന്റോണഇയോ റൂയി റിവേരിയോയാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിയ്ക്കുക. ഫ്രെയിംസ് ഫിലിം കമ്പനിയുടെയും സിനിമാ വെര്‍ത്തിയുടെയും ബാനറില്‍ പ്രേമന്‍ പോത്തനും സഞ്ജീവ് മേനോനും ചേര്‍ന്ന് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബറില്‍ ആരംഭിയ്ക്കും. രൂപേഷ് പോളിന്റെ മുന്‍ സിനിമയ്ക്ക് സംഗീതം പകര്‍ന്ന ശ്രീവത്സനാണ് ഡ്രാക്കുളയുടെ സംഗീതസംവിധാനവും നിര്‍വഹിയ്ക്കുന്നത്. കെ ജയകുമാറും റഫീഖ് അഹമ്മദും വരികളൊരുക്കും. ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ ലേഖനം നിര്‍വഹിയ്ക്കുന്നത്.

ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി ഒരു വന്‍താര നിര തന്നെ സിനിമയില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്തുമസിന് ഡ്രാക്കുള പ്രഭുവിനെ തിയറ്ററുകളിലെത്തിയ്ക്കാനാണ് നിര്‍മാതാക്കളുടെ തീരുമാനം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam