»   »  ഈ ഭാര്യ വെറുതെയായോ? ചിന്തിയ്‌ക്കേണ്ട വിഷയം!

ഈ ഭാര്യ വെറുതെയായോ? ചിന്തിയ്‌ക്കേണ്ട വിഷയം!

Posted By:
Subscribe to Filmibeat Malayalam

'നല്ല ജൂറി നല്ല തീരുമാനം' ഗിരീഷ്‌ കാസറവള്ളി ജൂറി ചെയര്‍മാനായ അവാര്‍ഡ്‌ കമ്മിറ്റിയുടെ തീരുമാനങ്ങളെപ്പറ്റി പ്രശസ്‌ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞ വാക്കുകളായിരുന്നു ഇത്‌. ഒരു പരിധി വരെ അടൂരിന്റെ വാക്കുകള്‍ ശരിയായിരുന്നു. മുന്‍ കാലങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ വിവാദ പര്‍വ്വങ്ങള്‍ കുറവായിരുന്നത്‌ തന്നെ ഇതിനുദാഹരണം. ചെറിയ ചെറിയ അപസ്വരങ്ങള്‍ മുഴങ്ങിക്കേട്ടെങ്കിലും പൊതുവെ ഇത്തവണത്തെ അവാര്‍ഡ്‌ പ്രഖ്യാപനങ്ങള്‍ സ്വീകരിയ്‌ക്കപ്പെട്ടു.

എന്നാല്‍ ജൂറിയുടെ ഈ മികവെല്ലാം ഒരൊറ്റ തീരുമാനത്തിലൂടെ കളഞ്ഞുകുളിച്ചുവെന്നാണ്‌ പ്രേക്ഷക ഭൂരിപക്ഷത്തിന്റെ അഭിപ്രായം. ജനപ്രീതി നേടിയ കലമൂല്യത്തിനുള്ള ചിത്രത്തിന്‌ നല്‌കിയ പുരസ്‌ക്കാരമാണ്‌ കമ്മിറ്റിയുടെ തിളക്കം കെടുത്തിക്കളഞ്ഞത്‌.

സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌ത 'ഇന്നത്തെ ചിന്താവിഷയ'ത്തിനായിരുന്നു ഈ വിഭാഗത്തില്‍ അവാര്‍ഡ്‌ നല്‌കിയത്‌. ഇതിനെതിരെ രംഗത്തെത്തിയത്‌ കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെട്ട 'വെറുതെ ഒരു ഭാര്യ'യുടെ നിര്‍മാതാവ്‌ സലാഹുദ്ദീനായിരുന്നു.

കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ സലാഹുദ്ദീന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ പലതും തള്ളിക്കളയാന്‍ പറ്റുന്നതല്ല. താന്‍ നിര്‍മ്മിച്ച ചിത്രത്തെക്കാള്‍ എന്ത്‌ മികവാണ്‌ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയില്‍ കമ്മിറ്റി കണ്ടെത്തിയതെന്നൊണ്‌ സലാഹുദ്ദീന്‍ ചോദ്യം.

നിക്ഷ്‌പക്ഷമായി വിലയിരുത്തിയാല്‍ സത്യന്റെ മുന്‍കാല ചിത്രങ്ങളെ അപേക്ഷിച്ച്‌ ശരാശരിയിലും താഴെയായിരുന്നു ഇന്നത്തെ ചിന്താവിഷയത്തിന്റെ സ്ഥാനം. പ്രേക്ഷകരെ ബോറപ്പിയ്‌ക്കുന്ന സദാ സാരോപദേശ കഥയായി മാറിയ ചിന്താവിഷയത്തിന്‌ വേണ്ടത്ര ജനപ്രീതി പിടിച്ചു പറ്റാന്‍ കഴിഞ്ഞുവോയെന്ന്‌ സംശയമാണ്‌. ബോക്‌സ്‌ ഓഫീസിലും ശരാശരി പ്രകടനം മാത്രമായിരുന്നു ഈ സത്യന്‍ ചിത്രം കാഴ്‌ചവെച്ചത്‌.

അതേ സമയം ജനപ്രതീയുടെയും കലാമൂല്യത്തിന്റെയും കാര്യത്തില്‍ ഏത്‌ അളവുകോല്‍ വെച്ചുനോക്കിയാലും സത്യന്‍ ചിത്രത്തെക്കാള്‍ ഏറെ മുന്നിലാണ്‌ അക്കു അക്‌ബര്‍ സംവിധാനം ചെയ്‌ത വെറുതെ ഒരു ഭാര്യയുടെ സ്ഥാനം.

ഏറെക്കാലത്തിന്‌ ശേഷം മലയാളത്തിന്‌ ലഭിച്ച ഈ നല്ല ചിത്രം ലാഭക്കണക്കുകളിലും മുന്നിട്ടു നിന്നു. സമൂഹത്തിന്‌ നല്ലൊരു സന്ദേശം കൂടി പകര്‍ന്നു നല്‌കിയ ഈ ചിത്രം അവഗണിച്ചത്‌ ഏറെ വേദനയുണ്ടാക്കിയെന്ന്‌ നിര്‍മാതാവ്‌ പറയുമ്പോള്‍ അതില്‍ തെറ്റു പറയാനാവില്ല.

കുരുക്ഷേത്ര, മാടമ്പി, തിരക്കഥ, ട്വന്റി20 തുടങ്ങിയ ചിത്രങ്ങളെ അവഗണിച്ചുവെന്ന പരാതികളെ കണ്ടില്ലെന്ന്‌ നടിച്ചാലും വെറുതെ ഒരു ഭാര്യയെ തഴഞ്ഞത്‌ നല്ല സിനിമയെ സ്‌നേഹിയ്‌ക്കുന്നവരെ വേദനിപ്പിയ്‌ക്കുമെന്ന കാര്യമുറപ്പ്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam