»   » റംസാന്‍ ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക്

റംസാന്‍ ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക്

Posted By:
Subscribe to Filmibeat Malayalam
ഓണം സീസണിലേറ്റ തിരിച്ചടിയുടെ ക്ഷീണം കൂടി റംസാന്‍ ആഘോഷക്കാലത്ത് തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് മലയാളം സിനിമാ വിപണി. സൂപ്പര്‍താരങ്ങളായ മമ്മൂട്ടി-മോഹന്‍ലാല്‍ എന്നിവരുടേതടക്കം നാലോളം ചിത്രങ്ങളാണ് ചെറിയ പെരുന്നാളിനോടനുബന്ധിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

റംസാനിലെ ഏറ്റവും വലിയ പ്രതീക്ഷ പത്മകുമാര്‍-മോഹന്‍ലാല്‍ ടീമിന്റെ ശിക്കാര്‍ തന്നെയാണ്. ആക്ഷന്‍ ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ശിക്കാറില്‍ ബലരാമന്‍ എന്ന ലോറി ഡ്രൈവറുടെ വേഷത്തിലാണ് ലാല്‍ എത്തുന്നത്.

സെപ്റ്റംബര്‍ 9ന് ലാലിന്റെ മാക്‌സ് ലാബ് തിയറ്ററുകളിലെത്തിയ്ക്കുന്ന ചിത്രം ഒരു പ്രതികാരകഥയാണ് പറയുന്നത്. അതിസാഹസിക സംഘട്ടനരംഗങ്ങള്‍ ഏറെയുള്ള ചിത്രത്തില്‍ സ്‌നേഹ, മൈഥിലി, അനന്യ എന്നിവരാണ് നായികമാര്‍. ഇവര്‍ക്ക് പുറമെ തമിഴ് താരമായ സമുദ്രക്കനി, കലാഭവന്‍ മണി, ലാലു അലക്‌സ്, കൈലാസ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

രണ്ട് ചിത്രങ്ങളുമായാണ് മമ്മൂട്ടി റംസാന്‍ ആഘോഷിയ്ക്കാനൊരുങ്ങുന്നത്. രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റും ദ്വിഭാഷ ചിത്രമായ വന്ദേമാതരവുമാണ് പ്രദര്‍ശനത്തിനെത്തുന്ന മമ്മൂട്ടി ചിത്രങ്ങള്‍.

പ്രാഞ്ചിയേട്ടന്‍ എന്ന ധനികനായ അരിക്കച്ചവടക്കാരനായി മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തില്‍ പ്രിയാമണിയാണ് നായിക. ആളാകാന്‍ വേണ്ടി കാട്ടിക്കൂട്ടുന്ന കാര്യങ്ങളിലൂടെ കോമാളിയായി മാറുന്ന ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. സിദ്ദിഖ്, ഇന്നസെന്റ്, ടിജി രവി, ഖുശ്ബു തുടങ്ങിയവരും ചിത്രത്തിലുണ്ട്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ലേഹൗസ് സെപ്റ്റംബര്‍ 10ന് ചിത്രം തിയറ്ററുകളിലെത്തിക്കും.

അര്‍ജ്ജുനും മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്ന വന്ദേമാതരമാണ് റംസാനിലെ മറ്റൊരു പ്രധാനപ്പെട്ട ചിത്രം. അരവിന്ദ് എന്ന നവാഗതന്‍ സംവിധാനം ചെയ്തിരിയ്ക്കുന്ന ചിത്രം രാജ്യത്തെ ഭീകരവാദി പ്രവര്‍ത്തനങ്ങളെ നേരിടുന്ന ഇന്റലിജന്റസ് ഓഫീസര്‍മാരുടെ കഥയാണ് പ്രമേയമാക്കുന്നത്. സ്‌നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. കോടിക്കണക്കിന് രൂപ ചെലവിട്ട് നിര്‍മിച്ചിരിയ്ക്കുന്ന വന്ദേമാതരം സെപ്റ്റംബര്‍ പത്തിന് ടൈം ആഡ്‌സ് റിലീസ് ചെയ്യും.

ലാല്‍ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിയാണ് റംസാനിലെ മറ്റൊരു പ്രധാന ചിത്രം. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തില്‍ ആന്‍ എന്ന പുതുമുഖത്തെ ലാല്‍ജോസ് അവതരിപ്പിയ്ക്കുന്നു. രാജാമണി സംഗീതം പകര്‍ന്നിരിയ്ക്കുന്ന ചിത്രം ഗ്രാമീണപശ്ചാത്തലത്തില്‍ ഹൃദയഹാരിയായ ഒരു കഥയാണ് പറയുന്നത്.

വമ്പന്‍ സിനിമകളില്ലാതെ കടന്നുപോയ ഓണം സീസണിന്റെ ക്ഷീണം പുതിയ ചിത്രങ്ങള്‍ നികത്തുമെന്നാണ് സിനിമാ വിപണിയും പ്രേക്ഷകരും കരുതുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam