»   » പ്രസ്ഥാനത്തിനൊപ്പം ഉറച്ചു നിന്ന നടന്‍

പ്രസ്ഥാനത്തിനൊപ്പം ഉറച്ചു നിന്ന നടന്‍

Posted By:
Subscribe to Filmibeat Malayalam
Murali
തീപ്പെട്ടിയുണ്ടോ സഖാവേ ഒരു ബീഡിയെടുക്കാന്‍? മറുപടി ഒരു മറു ചോദ്യമാണ്‌-ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാന്‍? മോഹന്‍ലാലും മുരളിയും ചേര്‍ന്ന്‌ അനശ്വരമാക്കിയ ലാല്‍സലാം എന്ന ചിത്രത്തിലെ പ്രശസ്‌തമായ ഒരു ഡയലോഗും മറുഡയലോഗുമായിരുന്നു ഇത്‌.

വെള്ളിത്തിരയില്‍ മാത്രമല്ല, ജീവിതത്തിലും മുരളിയ്‌ക്ക്‌ നേരെ ഈ ചോദ്യമുയര്‍ന്നു. സിനിമാ സ്‌റ്റൈലില്‍ തന്നെ താരം ഇതിന്‌ മറുപടിയും നല്‌കിയും നല്‌കി. 1999ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തിയപ്പോള്‍ തടിച്ചു കൂടിയ ജനക്കൂട്ടത്തില്‍ നിന്നാണ്‌ മുരളിയ്‌ക്ക്‌ നേരെ ഈ ചോദ്യമുയര്‍ന്നത്‌.

താന്‍ വിശ്വസിയ്‌ക്കുന്ന പ്രസ്ഥാനത്തിനൊപ്പം നിന്ന്‌ പരസ്യമായി പ്രവര്‍ത്തിയ്‌ക്കാനും തന്റെ നിലപാടുകള്‍ വിളിച്ചു പറയാനും ധൈര്യം പ്രദര്‍ശിപ്പിച്ച അപൂര്‍വം നടന്‍മാരില്‍ ഒരാളായിരുന്നു മുരളി. 99ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ നിയോജക മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ നടന്റെ ചമയങ്ങള്‍ അഴിച്ചു വെച്ച്‌ മുരളി തനി രാഷ്ട്രീയക്കാരനായി മാറി.

എക്കാലത്തും കോണ്‍ഗ്രസിന്റെ തുരുപ്പ്‌ ചീട്ടായിരുന്ന വിഎം സുധീരനെതിരെ മത്സരിയ്‌ക്കാന്‍ ആരെ രംഗത്തിറക്കണമെന്ന ആലോചനയാണ്‌ മുരളിയില്‍ ചെന്നവസാനിച്ചത്‌. ലാല്‍സലാമില്‍ ആലപ്പുഴയുടെ ജനനായകനായിരുന്ന ടിവി തോമസിനെ വെള്ളിത്തിരയില്‍ അനുസ്‌മരിപ്പിച്ച്‌ മുരളി അവതരിപ്പിച്ച ഡികെ ആന്റണി എന്ന കഥാപാത്രം ജനമനസ്സുകളില്‍ ചിരപ്രതിഷ്‌ഠ നേടിയിട്ട്‌ അപ്പോള്‍ ഒരു ദശകം പിന്നിട്ടിരുന്നു.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

തിരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിലിറങ്ങണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം ആദ്യം അംഗീകരിയ്‌ക്കാന്‍ മുരളി തയ്യാറായിരുന്നില്ല. സുധീരനാണ് എതിരാളിയെന്നറിഞ്ഞപ്പോള്‍ തന്നെ മുരളി തോല്‍വിയും ഉറപ്പിച്ചിരുന്നു. എങ്കിലും സുഹൃത്തുക്കളുടെയും പാര്‍ട്ടിയുടെയും നിര്‍ദ്ദേശത്തിന്‌ മുരളി ഒടുക്കം വഴങ്ങി.

അരങ്ങിലും വെള്ളിത്തിരയിലും പലവട്ടം രാഷ്ട്രീയക്കാരനായി മാറിയ മുരളിയ്‌ക്ക്‌ ആലപ്പുഴയിലെ തിരഞ്ഞെടുപ്പ്‌ വേദിയിലും രാഷ്ട്രീയക്കാരനാകാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. ആലപ്പുഴക്കാരനല്ലാത്തത്‌ തിരഞ്ഞെടുപ്പില്‍ തനിയ്‌ക്ക്‌ വിനയാകുമെന്ന്‌ മുരളി നേരത്തെ മനസ്സിലാക്കിയിരുന്നു. എങ്കിലും പ്രചാരണത്തിനെത്തിയപ്പോള്‍ കണ്ട വന്‍ജനക്കൂട്ടങ്ങള്‍ മുരളിയില്‍ വിജയപ്രതീക്ഷ വളര്‍ത്തി. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ മുരളി മുപ്പതിനായിരത്തിലേറെ വോട്ടിന്‌ പരാജയപ്പെടുകയായിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ കൈരളി ചാനല്‍ ആരംഭിച്ചപ്പോള്‍ അതിന്റെ നേതൃ സ്ഥാനത്ത്‌ നിലക്കാനും മുരളി തയ്യാറായിരുന്നു. ചാനലിന്റെ സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു ഈ നടന്‍.

ഇടതുപക്ഷത്തോടൊപ്പം ഉറച്ചു നില്‌ക്കുമ്പോഴും തന്റെ വിശ്വാസങ്ങളെ മുരളി എന്നും മുറുകെ പിടിച്ചിരുന്നു. മൂകാംബികാ ദേവിയുടെ പ്രസാദം തൊടുകയും ജന്മദേശമായ കുടവട്ടൂരിലെ അമ്പലങ്ങളിലെ അനുഷ്‌ഠാനമായ കുതിരയെടുപ്പില്‍ ഭാരം ചുമക്കുന്ന ദേശക്കാരനായി മാറാനും മുരളിയ്ക്ക് കഴിഞ്ഞിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam