»   » മുസ്ലീ പവര്‍ പരസ്യത്തിലെ ഫോട്ടോയ്‌ക്കെതിരെ ശ്വേത

മുസ്ലീ പവര്‍ പരസ്യത്തിലെ ഫോട്ടോയ്‌ക്കെതിരെ ശ്വേത

Posted By:
Subscribe to Filmibeat Malayalam
Sweta Menon
തന്റെ ചിത്രം അനുമതിയില്ലാതെ ലൈംഗികോത്തേജന മരുന്നിന്റെ പരസ്യത്തിന് ഉപയോഗിച്ചതിനെതിരെ നടി ശ്വേത മേനോന്‍ നിയമയുദ്ധത്തിനൊരുങ്ങുന്നു. ശ്വേതയുടെ പുറത്തിറങ്ങാനിരിക്കുന്ന കയം എന്ന ചിത്രത്തിന്റെ പോസ്റ്ററുകളിലാണ് മുസ്ലി പവര്‍ എക്‌സ്ട്രായുടെ പരസ്യം വന്നിരിക്കുന്നത്.

 ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും തങ്ങള്‍ ഇക്കാര്യം മുന്‍കൂട്ടി അറിഞ്ഞിട്ടില്ലെന്നും പരസ്പര ധാരണയോടെയല്ല ഇത് നടന്നിരിക്കുന്നതെന്നും വ്യക്തമാക്കിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് ശ്വേത താരസംഘടനയായ അമ്മയിലും പൊലീസിലും പരാതി നല്‍കിയിരുന്നു. ഇതുപോരാഞ്ഞ് വനിതാ കമ്മീഷന് കൂടി പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് താരം.

ആരാണിതിനു പിന്നിലെന്നു കണ്ടെത്തി ശിക്ഷിച്ചേ തീരൂവെന്ന വാശിയിലാണ് നടി. ചിത്രത്തിന്റെ റിലീസിങ് മുടങ്ങാതിരിക്കാന്‍ ശ്വേതയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സംവിയായകന്‍ അനില്‍ ബാബുവും നിര്‍മാതാവും.

അതിനിടെ, വിവാദത്തിലൂടെ സിനിമയ്ക്ക് ശ്രദ്ധ നേടിക്കൊടുക്കാന്‍ ശ്വേത കൂട്ടുനിന്നുകൊണ്ടുള്ള ശ്രമമാണോ സംഭവമെന്ന സംശയവും ഉയരുന്നുണ്ട്.

തലസ്ഥാനത്ത്, സെക്രട്ടേറിയറ്റിനു മുന്നിലുള്‍പ്പെടെ സ്ഥാപിച്ച കൂറ്റന്‍ ഫ്‌ളെക്‌സ് ബോര്‍ഡിലാണ് വിവാദ പരസ്യം വന്നത്. ചിത്രത്തില്‍ ശ്വേത അഭിനയിച്ച കഥാപാത്രത്തിന്റെ അതീവ സെക്‌സിയായ ഫോട്ടോയും ഒപ്പം അതേ വലിപ്പത്തില്‍ പരസ്യവുംമാണ് കൊടുത്തിരിക്കുന്നത്. ജീവിതം ആസ്വാദ്യമാക്കാന്‍ മുസ്‌ലി പവര്‍ എക്‌സ്ട്ര ഉപയോഗിക്കൂ എന്നാണ് പരസ്യത്തിലെ വാചകം.

ഈ പരസ്യം തിരുവനന്തപുരത്തല്ലാതെ വേറൊരിടത്തും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പരസ്യത്തെക്കുറിച്ച് അറിഞ്ഞ ശ്വേത സുഹൃത്തുക്കള്‍ മുഖേന ഇതിന്റെ ചിത്രവും മറ്റും ശേഖരിച്ചു. തുടര്‍ന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനു പരാതി നല്കി.

ആദ്യം താര സംഘടന അമ്മയെയാണു സമീപിച്ചത്. പോലീസില്‍ പരാതി കൊടുക്കാന്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റ് ഉള്‍പ്പെടെ നിര്‍ദേശിക്കുകയായിരുന്നു. സംഘടന ഇക്കാര്യത്തില്‍ കൂടെയുണ്ടാകുമെന്നും ഉറപ്പു നല്‍കി.

സ്ത്രീയെന്ന നിലയിലും കലാകാരിയെന്ന നിലയിലും തന്നെ അപമാനിക്കുന്ന നടപടിയാണ് താനറിയാതെ തന്റെ ചിത്രത്തിനൊപ്പം ലൈംഗികോത്തേജന മരുന്നിന്റെ പരസ്യം ചേര്‍ത്തതെന്ന് ശ്വേത പരാതിയില്‍ പറയുന്നു. ഇതേ കാരണം തന്നെ ചൂണ്ടിക്കാട്ടി സംസ്ഥാന വനിതാ കമ്മീഷനു കൂടി പരാതി നല്‍കാന്‍ ശ്വേതയ്ക്ക് നിയമോപദേശം ലഭിച്ചുകഴിഞ്ഞു.

കാമസൂത്രയുടെ പരസ്യത്തില്‍ ശ്വേത മുമ്പ് അഭിനയിച്ചിരുന്നു. അറിയപ്പെടുന്ന താരമാകുന്നതിനു മുമ്പാണിത്. ഈ പരസ്യം വന്‍ ജനശ്രദ്ധ നേടിയിരുന്നു, മോഡലായിരുന്ന ശ്വേത ഇതോടെയാണ് പ്രശസ്തിയിലേയ്ക്കുയര്‍ന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam