»   » മമ്മൂട്ടിക്കും കൈരളിക്കുമെതിരെ തിലകന്‍

മമ്മൂട്ടിക്കും കൈരളിക്കുമെതിരെ തിലകന്‍

Posted By:
Subscribe to Filmibeat Malayalam
Mammootty And Thilakan
മമ്മൂട്ടിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി തിലകന്‍ വീണ്ടും രംഗത്ത്. താനൊരു അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായിട്ടും പ്രമുഖ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവരുടെ ചാനലും തന്റെ ആരോപണങ്ങളെ ഗൗനിച്ചില്ലെന്ന് തിലകന്‍ കുറ്റപ്പെടുത്തി.

പാര്‍ട്ടി ചാനല്‍ പിന്തുണയ്ക്കാതിരുന്നത് പ്രമുഖ താരത്തിന്റെ സമ്മര്‍ദ്ദം കൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് തിലകന്‍ ആരോപിയ്ക്കുന്നത്. പേരെടുത്ത് പറഞ്ഞില്ലെങ്കിലും പാര്‍ട്ടി ചാനല്‍ കൈരളിയാണെന്നും സമ്മര്‍ദ്ദം ചെലുത്തിയത് മമ്മൂട്ടിയാണെന്നും തിലകന്‍ പറയാതെ പറഞ്ഞുവെച്ചിരിയ്ക്കുകയാണ്. ഇടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണ ലഭിച്ചില്ലെങ്കിലും വലതുപക്ഷ കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും തനിക്ക് ശക്തമായ പിന്തുണയാണ് നല്‍കുന്നതെന്ന് തുറന്ന് പറയാനും തിലകന്‍ മടികാണിച്ചില്ല.

പ്രമുഖ ഇടതുപാര്‍ട്ടിയുടെ പിന്തുണ ലഭിക്കാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സൂപ്പര്‍ താരത്തിന്റെ പേര് വെളിപ്പെടുത്താത്തതിന് കാരണം എന്തെന്ന് ചോദിച്ചപ്പോള്‍ 'സമയമായില്ല പോലും' എന്ന് കുമാരനാശാന്‍ പറഞ്ഞിട്ടില്ലേയെന്നായിരുന്നു തിലകന്റെ മറുപടി. സൂര്യാ ഫിലിം ഫെസ്റ്റിവെല്ലിന്റെ സമാപനസമ്മേളനത്തില്‍ പങ്കെടുക്കാനായി ആലപ്പുഴയില്‍ എത്തിയപ്പോഴാണ് തിലകന്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും സംഘടനകള്‍ക്കുമെതിരെ വീണ്ടും ആഞ്ഞടിച്ചത്.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അഭിനയത്തെ താരതമ്യപ്പെടുത്താനും മലയാള സിനിമയിലെ മുതിര്‍ന്ന നടന്‍ തയ്യാറായി. 'ഇവിടം സ്വര്‍ഗ്ഗമാണ്' എന്ന ചിത്രത്തിലഭിനയിച്ചപ്പോള്‍ അതിലെ നായകനുമായുണ്ടായിരുന്ന രസതന്ത്രം 'ദ്രോണ'യിലഭിനയിച്ചപ്പോള്‍ ഉണ്ടായില്ലെന്ന് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേരുകള്‍ പരാമര്‍ശിയ്ക്കാതെ തിലകന്‍ പറഞ്ഞു. തിലകന്റേതായി അവസാനം പുറത്തുവന്ന സിനിമകളാണ് ഇവിടം സ്വര്‍ഗ്ഗമാണ്, ദ്രോണ എന്നീ ചിത്രങ്ങള്‍. താന്‍ നടന്‍മാര്‍ക്ക് വേണ്ടി രക്തസാക്ഷിയാകാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാല്‍ നായകനായ 'ക്രിസ്ത്യന്‍ ബ്രദേഴ്‌സി'ല്‍ നിന്നും തന്നെ ഒഴിവാക്കിയെന്നാരോപിച്ച് സൂപ്പര്‍ താരങ്ങള്‍ക്കും അമ്മ, ഫെഫ്ക്ക എന്നീ സംഘടനകള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി തിലകന്‍ നടത്തുന്നത്. ഇതിനിടെ തിലകന് താരസംഘടനയായ അമ്മ വിലക്കൊന്നും ഏര്‍പ്പെടുത്തിയില്ലെന്ന് നടന്‍ ജഗതി വ്യക്തമാക്കിയിട്ടുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam