»   » മഴയത്ത്‌ മമ്മൂട്ടിയും ലാലും നേര്‍ക്കുനേര്‍

മഴയത്ത്‌ മമ്മൂട്ടിയും ലാലും നേര്‍ക്കുനേര്‍

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മലയാള ചലച്ചിത്ര ലോകം ആകാക്ഷയോടെ ഉറ്റുനോക്കുന്ന മമ്മൂട്ടി-ലാല്‍ പോരാട്ടത്തിന്‌ വീണ്ടും കളമൊരുങ്ങുന്നു. ഓണവും വിഷുവും പോലുള്ള ആഘോഷാവസരങ്ങളില്‍ നിന്നും വഴിമാറി ഇത്തവണ മഴയുടെ അകമ്പടിയോടെയാണ്‌ മോളിവുഡിന്റെ സൂപ്പര്‍ താരങ്ങള്‍ ഏറ്റുമുട്ടുന്നത്‌.

കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട്‌ മമ്മൂട്ടി നായകനായ പട്ടണത്തില്‍ ഭൂതവും മോഹന്‍ലാലിന്റെ ഭ്രമരവും ഒരുമിച്ച്‌ തിയറ്ററുകളിലെത്തുന്നതാണ്‌ പുതിയ പോരാട്ടത്തിന്‌ കളമൊരുക്കിയിരിക്കുന്നത്‌.

കോമഡി രാജാവ്‌ ജോണി ആന്റണിയുടെ സംവിധാനത്തില്‍ മമ്മൂട്ടി ഇരട്ട വേഷത്തില്‍ അഭിനയിക്കുന്ന പട്ടണത്തില്‍ ഭൂതം മെയ്‌ ഒന്നിന്‌ റിലീസ്‌ ചെയ്യാനാണ്‌ നേരത്തെ തീരുമാനിച്ചിരുന്നത്‌. എന്നാല്‍ ഗ്രാഫിക്‌സ്‌-സ്‌പെഷ്യല്‍ ഇഫക്ട്‌ വര്‍ക്കുകള്‍ വൈകിയതോടെ ചിത്രത്തിന്റെ റിലീസ്‌ ജൂണ്‍ 25ലേക്ക്‌ മാറ്റുകയായിരുന്നു.

ബ്ലെസി സംവിധാനഭാഷ്യം ചമയ്‌ക്കുന്ന ഭ്രമരം വിതരണം ചെയ്യുന്നത്‌ മോഹന്‍ലാലിന്റെ വിതരണക്കമ്പനിയായ മാക്‌സ്‌ലാബാണ്‌. ജൂണ്‍ 25ന്‌ ചിത്രം റിലീസ്‌ ചെയ്യാനുള്ള സാധ്യതകള്‍ മാക്‌സ്‌ ലാബ്‌ തേടുന്നുണ്ട്‌.

അതേ സമയം ഇരുതാരങ്ങളുടെയും ചിത്രങ്ങള്‍ ഒരേ ദിവസം പ്രദര്‍ശനത്തിനെത്തുന്ന കാര്യത്തില്‍ തിയറ്ററുടമകള്‍ക്കും മറ്റും വലിയ താത്‌പര്യമില്ല. മോഹന്‍ലാല്‍ ചിത്രത്തിന്റെ റീലീസ്‌ കുറഞ്ഞത്‌ ഒരാഴ്‌ചയെങ്കിലും നീട്ടിവെയ്‌ക്കാന്‍ ഇക്കൂട്ടര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. ഈയൊരു നിര്‍ദ്ദേശം അംഗീകരിയ്‌ക്കുകയാണെങ്കില്‍ ഭ്രമരം ജൂലായ്‌ 2ന്‌ മാത്രമേ തിയറ്ററുകളിലെത്തൂ. ഒരു സമ്പൂര്‍ണ വിനോദ ചിത്രമായ പട്ടണത്തില്‍ ഭൂതവും ക്ലാസ്‌ ചിത്രങ്ങളുടെ ഗണത്തില്‍പ്പെടുത്താവുന്ന ഭ്രമരവും നേരിട്ട്‌ ഏറ്റുമുട്ടുന്നത്‌ വിപണിയ്‌ക്ക്‌ ഗുണം ചെയ്യില്ലെന്നാണ്‌ പൊതുവെയുള്ള വിലയിരുത്തല്‍.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇരു ചിത്രങ്ങളും ഏതാണ്ട്‌ ഒരേ സമയത്ത്‌ തിയറ്ററുകളിലെത്തുന്നത്‌ സൂപ്പര്‍ താരങ്ങളുടെ ആരാധകരില്‍ വീറും വാശിയും നിറയ്‌ക്കുമെന്ന കാര്യമുറപ്പാണ്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam