»   » നയന്‍താരക്കെതിരെയുള്ള വിലക്ക്‌ നീക്കി

നയന്‍താരക്കെതിരെയുള്ള വിലക്ക്‌ നീക്കി

Posted By:
Subscribe to Filmibeat Malayalam

വിലക്കിനെ നേരിടുമെന്ന്‌ ചങ്കൂറ്റത്തോടെ പ്രഖ്യാപിച്ചെങ്കിലും ഒടുവില്‍ നയന്‍സ്‌ പത്തി താഴ്‌ത്തി. നിര്‍മാതാവ്‌ ചന്ദ്ര ബോസിന്റെ കൈയില്‍ നിന്നും വാങ്ങിയ അഡ്വാന്‍സ്‌ തുക തിരിച്ചു കൊടുത്ത്‌ നയന്‍സ്‌ വിലക്കില്‍ നിന്നും തലയൂരുകയും ചെയ്തു.

തമിഴ്‌ നടികര്‍ സംഘവും പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷനും സംയുക്തമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് നീക്കിയിരിക്കുന്നത്. നിര്‍മാതാവ് ചന്ദ്രബോസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നയന്‍താരക്കെതിരെ വിലക്ക് ഏ‍ര്‍പ്പെടുത്തിയിരുന്നത്.

ചന്ദ്ര ബോസ് നിര്‍മിയ്ക്കുന്ന ലിംഗുസ്വാമി ചിത്രമായ പയ്യായില്‍ അഭിനയിക്കുന്നതിന്‌ 20 ലക്ഷം നയന്‍താര അഡ്വാന്‍സ്‌ കൈപ്പറ്റിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിന്‌ നയന്‍സ്‌ ആവശ്യപ്പെട്ട ഒരു കോടി കുറയ്‌ക്കണമെന്ന്‌ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും താരം അതിന്‌ വഴങ്ങിയില്ല. ഇതേ തുടര്‍ന്ന്‌ നയന്‍സിനെ ഒഴിവാക്കി തമന്നെയെ ആ റോളിലേക്ക്‌ നിശ്ചയിക്കുകയും ചെയ്‌തു.

ഇതിനിടെ അഡ്വാന്‍സ്‌ ആയി കിട്ടിയ ഇരുപത്‌ ലക്ഷം തിരിച്ചു തരില്ലെന്ന്‌ നയന്‍സ്‌ നിര്‍മാതാവ്‌ ചന്ദ്രബോസിനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ബോസ് നയന്‍സിനെതിരെ പരാതി നല്കിയത്

പയ്യായില്‍ അഭിനയിക്കുന്നതിന്‌ വേണ്ടി താന്‍ മറ്റു സിനിമകള്‍ വേണ്ടെന്ന്‌ വച്ചുവെന്നും അതിനാല്‍ തനിയ്‌ക്ക്‌ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു നയന്‍സിന്റെ നിലപാട്‌.

വിലക്ക്‌ വാര്‍ത്ത പുറത്തു വന്നയുടനെ താനതിനെ നേരിടുമെന്നായരുന്നു നടി പറഞ്ഞിരുന്നത്‌. എന്നാല്‍ സംഭവം കൈവിട്ടു പോകുമെന്ന്‌ ബോധ്യമായതിനെ തുടര്‍ന്ന്‌ പണം തിരികെ നല്‌കി വിലക്കില്‍ നിന്നും തലയൂരാന്‍ താരം തീരുമാനിക്കുകയായിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam