»   » ഭൂതം പെട്ടിയില്‍ നിന്നും പുറത്തേക്ക്‌

ഭൂതം പെട്ടിയില്‍ നിന്നും പുറത്തേക്ക്‌

Posted By:
Subscribe to Filmibeat Malayalam
Pattanathil Bhootham
കാത്തിരിപ്പ്‌ തീരുന്നു... ജോണി ആന്റണിയുടെ മാന്ത്രികചെപ്പില്‍ നിന്നും ഉയിരെടുത്ത ഭൂതം കൂട്ടുകാരെ തേടി പട്ടണത്തിലിറങ്ങുകയായി. കൊട്ടകകളില്‍ പൊട്ടിച്ചിരിയുടെ പൂരമൊരുക്കാനുള്ള വകയുമായാണ്‌ ഭൂതം പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നത്‌. കൊമ്പുള്ള ഭൂതത്തിന്റെയും ജയന്‍ നമ്പറിന്റെയുമെല്ലാം വിശേഷങ്ങള്‍ ചിത്രത്തെക്കുറിച്ച്‌ വമ്പന്‍ പ്രതീക്ഷകള്‍ ഉയര്‍ത്തിക്കഴിഞ്ഞു.

വേനല്‍ക്കാല ചിത്രമായി തിയറ്ററുകളിലെത്തേണ്ടിയിരുന്ന ഭൂതം പെരുമഴയുടെ അകമ്പടിയോടെയാണ്‌ ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തുന്നത്‌. ഷൂട്ടിങിനേക്കാള്‍ ദീര്‍ഘിച്ച്‌ ഗ്രാഫിക്‌സ്‌-സ്‌പെഷല്‍ ഇഫക്ട്‌ ജോലികളാണ്‌ ഭൂതത്തിന്റെ വരവ്‌ വൈകിച്ചത്‌. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പോസ്‌റ്റ്‌ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ വേണ്ടിവന്ന ചിത്രമെന്ന ബഹുമതി കൂടി ഭൂതം നേടിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ നടന്ന സെന്‍സറിങില്‍ യു സര്‍ട്ടിഫിക്കറ്റാണ്‌ ചിത്രത്തിന്‌ ലഭിച്ചിരിയ്‌ക്കുന്നത്‌. കേരളത്തിനകത്തും പുറത്തുമായി 101 കേന്ദ്രങ്ങളിലാണ്‌ ഭൂതം ചാര്‍ട്ട്‌ ചെയ്‌തിരിയ്‌ക്കുന്നത്‌. മമ്മൂട്ടി ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ കാവ്യ മാധവന്‍, സുരാജ്‌ വെഞ്ഞാറമ്മൂട്‌, സലീം കുമാര്‍, ഉണ്ടപക്രു, തുടങ്ങി ഒരു വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്‌.

രണ്ടു മണിക്കൂര്‍ നാല്‌പത്‌ മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ചിത്രം സിഐഡി മൂസ, തുറുപ്പ്‌ ഗുലാന്‍ ശൈലിയിലുള്ള തകര്‍പ്പന്‍ കോമഡി ചിത്രമാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും ഇതിനോടകം ഹിറ്റായിട്ടുണ്ട്‌. ലോജിക്കിനെക്കുറിച്ചാലോചിയ്‌ക്കാതെ രണ്ടര മണിക്കൂര്‍ ചിരിച്ചുല്ലസിയ്‌ക്കുക. അതാണ്‌ ഭൂതത്തിന്റെ അണിയറക്കാര്‍ പ്രേക്ഷകരോട്‌ പറയുന്നത്‌.

ഒരു ബോക്‌സ്‌ ഓഫീസ്‌ ഹിറ്റ്‌ അനിവാര്യമായ മമ്മൂട്ടി ഏറെ പ്രതീക്ഷകളോടെയാണ്‌ ഭൂതത്തെ കാണുന്നത്‌. 2009ല്‍ ആദ്യം പുറത്തിറങ്ങിയ ലൗ ഇന്‍ സിംഗപ്പോര്‍ പരാജയപ്പെട്ടത്‌ താരത്തിന്‌ ഏറെ ക്ഷീണം പകര്‍ന്നിരുന്നു. ഇതുമാത്രമല്ല, വരാനിരിയ്‌ക്കുന്ന മമ്മൂട്ടി സിനിമകള്‍ക്ക്‌ ഊര്‍ജ്ജം പകരണമെങ്കില്‍ ഭൂതത്തിന്റെ വിജയം സൂപ്പര്‍താരത്തിന്‌ അത്യാവശ്യമാണ്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam