»   » ഷൂട്ടിങ് സെറ്റുകളില്‍ ഹാജര്‍ ബുക് വരുന്നു

ഷൂട്ടിങ് സെറ്റുകളില്‍ ഹാജര്‍ ബുക് വരുന്നു

Posted By:
Subscribe to Filmibeat Malayalam
Film Reel
കൊച്ചി: സിനിമകളുടെ ചിത്രീകരണച്ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ഷൂട്ടിങ് സെറ്റുകളില്‍ ഹാജര്‍ ബുക്ക് നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെ കര്‍ശന നടപടികള്‍ വരുന്നു.

നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സാങ്കേതികവിദഗ്ധരുടെ സംഘടനയായ ഫെഫ്കയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.

സംവിധായകര്‍ക്കും ക്യാമറമാനും ഒപ്പമുള്ള സഹായികളുടെ എണ്ണം കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്.എന്നാല്‍ പുതിയ സിനിമകളുടെ ഷൂട്ടിങ് ആരംഭിക്കുന്ന കാര്യത്തില്‍ ചര്‍ച്ചയില്‍ തീരുമാനമായിട്ടില്ല.

താരസംഘടനയായ 'അമ്മ'യുമായി ശനിയാഴ്ച കൊച്ചിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന ചര്‍ച്ചയ്ക്കുശേഷമേ ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനമുണ്ടാകൂ.

തീരുമാനമനുസരിച്ച് ഷൂട്ടിങ് സെറ്റുകളില്‍ നിന്ന് ദിവസവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് റിപ്പോര്‍ട്ട് നല്‍കണം. ഷൂട്ടിങ് പുരോഗതിയും നിര്‍മാണച്ചെലവും വിലയിരുത്തുന്നതിനുള്ള ഈ ഡെയ്‌ലി പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള രീതിയിലാകും.

സിനിമകളുടെ ചിത്രീകരണ ചെലവ് കുറയ്ക്കണമെന്ന ആവശ്യമുന്നയിച്ചാണ് നിര്‍മാതാക്കള്‍ പുതിയ സിനിമകളുടെ ഷൂട്ടിങ് ആരംഭിക്കേണ്ടെന്ന് തീരുമാനിച്ചത്. ഇതോടൊപ്പം വിതരണക്കാരും തീയറ്റര്‍ ഉടമകളും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങളും സിനിമാ പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു.

ഇതില്‍ അയവുവന്ന് പുതിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് നിര്‍മാതാക്കളും സാങ്കേതിക വിദഗ്ധരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam