»   » മോഹന്‍ലാലിന്‌ ലഫ്‌ കേണല്‍ ബഹുമതി നല്‌കി

മോഹന്‍ലാലിന്‌ ലഫ്‌ കേണല്‍ ബഹുമതി നല്‌കി

Posted By:
Subscribe to Filmibeat Malayalam
Mohanlal
നടന്‍ മോഹന്‍ലാല്‍ ഇനിമുതല്‍ ലഫ്‌. കേണല്‍ മോഹന്‍ലാല്‍. ദില്ലിയിലെ സേനാ ആസ്ഥാനത്ത്‌ വ്യാഴാഴ്‌ച നടന്ന ചടങ്ങില്‍ കരസേനാ മേധാവി ജനറല്‍ ദീപക്‌ കപൂര്‍ മോഹന്‍ലാലിന്‌ ടെറിറ്റോറിയല്‍ ആര്‍മി അംഗത്വം നല്‍കി.

ക്രിക്കറ്റ്‌ താരം കപില്‍ദേവിനുശേഷം ഈ പദവി ലഭിക്കുന്ന പ്രമുഖനാണ്‌ മോഹന്‍ലാല്‍. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ്‌ കപില്‍ ദേവിന്‌ ടെറിറ്റോറിയല്‍ ആര്‍മി അംഗത്വം ലഭിച്ചത്‌. ഇനി മുതല്‍ കപിലിനൊപ്പം മോഹന്‍ലാലും സേനയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആയിരിക്കും.

ടെറിറ്റോറിയല്‍ ആര്‍മിയില്‍ ചേരുന്നതിന്റെ ഭാഗമായി രണ്ടുമാസം മുമ്പ്‌ മോഹന്‍ലാല്‍ കാര്‍ഗില്‍ സന്ദര്‍ശിച്ച്‌ പരിശീലനം നേടിയിരുന്നു. അടുത്തു തന്നെ ലാല്‍ തന്റെ ബറ്റാലിയന്‍ സന്ദര്‍ശിച്ച്‌ സേനാംഗങ്ങളുമായി സംഭാഷണം നടത്തിയേക്കും. സ്‌കൂളുകളും കോളേജുകളും സന്ദര്‍ശിച്ച്‌ യുവാക്കളെ സൈന്യത്തില്‍ ചേരാന്‍ പ്രേരിപ്പിക്കുക എന്നതാണ്‌ ലാലിന്റെ ചുമതല.

ഇനി ലഫ്. കേണല്‍ മോഹന്‍ലാല്‍

മലയാളത്തിന്റെ മഹാനടന്‌ പുതിയൊരു വിശേഷണം കൂടി. പത്മശ്രീ മോഹന്‍ലാല്‍ ഇനി മുതല്‍ ലഫ്‌റ്റനന്റ്‌ കേണല്‍ മോഹന്‍ലാലാവും. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ 12.30ന്‌ ദില്ലിയില്‍ നടക്കുന്ന ഔദ്യോഗിക ചടങ്ങില്‍ കരസേന മേധാവി ദീപക്‌ കപൂര്‍ മോഹന്‍ലാലിന്‌ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്‌റ്റനന്റ്‌ കേണല്‍ പദവി നല്‌കും.

മേജര്‍ രവി ചിത്രങ്ങളായ കീര്‍ത്തിചക്ര, കുരുക്ഷേത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ രാജ്യത്തിന്റെ യശ്ശസുയര്‍ത്തിയതിനാണ്‌ സൈന്യം അദ്ദേഹത്തിന്‌ കേണല്‍ പദവി നല്‌കി ആദരിയ്‌ക്കുന്നത്‌. ഈ പദവി ലഭിയ്‌ക്കുന്ന ആദ്യ ചലച്ചിത്ര നടനാണ്‌ മോഹന്‍ലാല്‍. ലാലിന്റെ ഉറ്റസുഹൃത്തായ മേജര്‍ രവി തന്നെയാണ്‌ ലഫ്‌റ്റനന്റ്‌ കേണല്‍ പദവി നേടിക്കൊടുക്കുന്നതിന്‌ ഏറെ സഹായിച്ചത്‌.

ലഫ്‌റ്റനന്റ്‌ പദവി ലഭിയ്‌ക്കുന്നതോടെ ലാലിന്റെ ഏറെക്കാലത്തെ ആഗ്രഹമാണ്‌ സാക്ഷാത്‌ക്കരിയ്‌ക്കപ്പെടുന്നത്‌. ബഹുമതി ഏറ്റുവാങ്ങിയ ശേഷം പ്രതിരോധ മന്ത്രി എകെ ആന്റണിയുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തും.

മദ്രാസ്‌ റെജിമെന്റിലെ കണ്ണൂര്‍ ബറ്റാലിയന്‌ കീഴില്‍ സെപ്‌റ്റംബര്‍ മുതലാണ്‌ ലഫ്‌റ്റനന്റ്‌ കേണലായി താരം സേവനമനുഷ്‌ഠിയ്‌ക്കുക. ഇതുമായി ബന്ധപ്പെട്ട കഴിഞ്ഞ രണ്ടു ദിവസമായി ദില്ലിയില്‍ പരിശീലനത്തിലായിരുന്നു ലാല്‍. സ്വന്തം ജീവന്‍ പോലും ബലികഴിച്ച്‌ രാജ്യം കാക്കുന്ന ധീരജവാന്‍മാര്‍ക്കാണ്‌ മോഹന്‍ലാല്‍ ഈ ബഹുമതി സമര്‍പ്പിയ്‌ക്കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam