»   » അമല്‍ അധോലോകത്തില്‍ തന്നെ

അമല്‍ അധോലോകത്തില്‍ തന്നെ

Posted By:
Subscribe to Filmibeat Malayalam
Amal Neerad
ബിഗ്‌ ബി എന്ന ആദ്യചിത്രത്തിലൂടെ ഒരു പുത്തന്‍ താരോദയത്തിന്റെ സൂചനകള്‍ നല്‍കിയ സംവിധായകനായിരുന്നു അമല്‍ നീരദ്‌. മലയാളത്തിന്‌ അന്നുവരെ അന്യമായ ശൈലിയില്‍ സിനിമയെടുത്ത അമല്‍ നീരദില്‍ വലിയൊരു ഭാവിയും പ്രേക്ഷകര്‍ കണ്ടു. ഫോര്‍ ബ്രദേഴ്‌സ്‌ എന്ന ഹോളിവുഡ്‌ ചിത്രം ബിഗ്‌ ബിയാക്കി കൊച്ചിയിലെ അധോലോകത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചപ്പോള്‍ വന്‍ വിജയമാകാതെ പോയത്‌ കുടുംബപ്രേക്ഷകരുടെ അഭാവം കൊണ്ടായിരുന്നു.

എന്നാല്‍ ബിഗ്‌ ബി ഉയര്‍ത്തിവിട്ട വമ്പന്‍ പ്രതീക്ഷകളുടെ സമ്മര്‍ദ്ദത്തില്‍ അമല്‍ രണ്ടാമത്‌ ഒരുക്കിയ സാഗര്‍ ഏലിയാസ്‌ ജാക്കി പ്രേക്ഷകരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. അധോലോകരാജാക്കന്‍മാരുടെ കഥ പറഞ്ഞ ജാക്കി തിയറ്ററില്‍ മൂക്കുംകുത്തി വീഴുന്ന കാഴ്‌ചയാണ്‌ പ്രേക്ഷകര്‍ കണ്ടത്‌. കൊച്ചിയിലെ ചുട്ടുപൊള്ളുന്ന ചൂടില്‍ നായകന്‍ കറുത്ത ലെതര്‍ ജാക്കറ്റുമണിഞ്ഞ്‌ നടക്കുന്ന രംഗങ്ങള്‍ കാണാന്‍ ശേലുണ്ടെങ്കിലും കാണികള്‍ക്കൊന്നും ദഹിച്ചില്ല. കഥയൊന്നുമില്ലെങ്കിലും ഇത്തരം ക്ലീഷേകളില്‍ പ്രേക്ഷകര്‍ മയങ്ങുമെന്നായിരുന്നു സംവിധായകന്റെയും മറ്റുള്ളവരുടെയും വിചാരം. ജാക്കിയുടെ പരാജയം സിനിമയെന്നാല്‍ വെറും ക്യാമറ ഗിമ്മിക്കുകളും സ്‌റ്റൈലന്‍ വേഷങ്ങളും മാത്രമല്ല എന്ന്‌ അമലിന്‌ മനസ്സിലാക്കിക്കൊടുക്കുമെന്നാണ്‌ ഏവരും കരുതിയിരുന്നത്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

എന്നാല്‍ അങ്ങനെ വിചാരിച്ചവര്‍ക്ക്‌ തെറ്റിയെന്ന്‌ തോന്നുന്നു, തന്റെ പുതിയ ചിത്രത്തിലും അധോലോകത്തിന്റെ കഥ പറയാനാണത്രേ ഈ യുവസംവിധായകന്‍ ശ്രമിയ്‌ക്കുന്നത്‌. മമ്മൂട്ടിയും ലാലും വിജയം കൊണ്ടുവരാത്ത സാഹചര്യത്തില്‍ ആക്ഷന്‍ ഹീറോ ഇമേജ്‌ ലഭിച്ച പൃഥ്വിയെ പരീക്ഷിയ്‌ക്കാനാണ്‌ അമലിന്റെ തീരുമാനം. പുതിയ മുഖം നേടിത്തന്ന ആക്ഷന്‍ പരിവേഷം നിലനിര്‍ത്താനുള്ള ശ്രമത്തില്‍ അത്തരം സിനിമകളുടെ പിന്നാലെ പായുന്ന പൃഥ്വിയുടെ ഡേറ്റ്‌്‌ ഒപ്പിയ്‌ക്കാനും അമലിന്‌ അധികം വിഷമമുണ്ടായില്ല.

അന്‍വര്‍ എന്ന്‌ പേരിട്ടിരിയ്‌ക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്‌ അമല്‍ നീരദ്‌ തന്നെയാണ്‌. കേരളത്തിന്റെ അധോലോക തലസ്ഥാനം കൊച്ചിയാണെന്നൊരു മുന്‍വിധിയില്‍ ഈ നഗരം തന്നെ കേന്ദ്രമാക്കി ഒരു അധോലോക സംഭവം തന്നെയാണ്‌ അന്‍വറിലൂടെ അമല്‍ പറയുന്നത്‌. എന്തായാലും ഒന്നുറപ്പ്‌-ബിഗ്‌ ബിയുടെയും സാഗറിന്റെയും വഴിയിലൂടെ തന്നെയാണ്‌ അന്‍വറും പോകുന്നതെങ്കില്‍ അമലിന് അധോഗതി തന്നെ!!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam