»   » ലാലിനെതിരെയുള്ള കേസ് പിന്‍വലിക്കാം: അഴീക്കോട്

ലാലിനെതിരെയുള്ള കേസ് പിന്‍വലിക്കാം: അഴീക്കോട്

Posted By:
Subscribe to Filmibeat Malayalam
Sukumar Azhikode
താരസംഘടനയായ അമ്മ തനിക്കെതിരേ ഫയല്‍ചെയ്ത കേസ് പിന്‍വലിച്ചാല്‍ മോഹന്‍ലാലിനെതിരേ താന്‍ ഫയല്‍ ചെയ്ത ക്രിമിനല്‍ കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ വിരോധമില്ലെന്ന് സുകുമാര്‍ അഴീക്കോട്. ജസ്റ്റിസ് കെടി തോമസ് പറഞ്ഞാലെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അമ്മ കേസുമായി മുന്നോട്ടുപോകുന്നതിനാലാണു നിയമവിദഗ്ധരുടെ ഉപദേശപ്രകാരം മോഹന്‍ലാലിനെതിരേ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. തനിക്കു മതിഭ്രമമാണെന്ന മോഹന്‍ലാലിന്റെ ആക്ഷേപത്തിനു കോടതിയില്‍നിന്നു ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരും.

അമ്മയുടെ കേസിനേക്കാള്‍ 50 മടങ്ങ് ശക്തിയുള്ളതാണ് തന്റെ കേസ്. അമ്മ തനിയ്‌ക്കെതിരെ കൊടുത്ത കേസ് ഫയലില്‍ സ്വീകരിച്ചിട്ടില്ല. എന്നാല്‍, കലാകാരന്മാരെ ദ്രോഹിക്കാന്‍ താത്പര്യമില്ല. ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ആരും മുതിര്‍ന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, അമ്മയുടെ ഭാരവാഹികള്‍ക്കെതിരേ മോശമായ പരാമര്‍ശം നടത്തിയതിനാണ് അഴീക്കോടിനെതിരേ കേസ് നല്കിയതെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. അതിനു തെളിവായി ഓഡിയോ, വീഡിയോ കാസറ്റ് തങ്ങളുടെ പക്കലുണ്ട്. വഴക്കും കേസുമായി നടക്കാന്‍ ആര്‍ക്കാണു താത്പര്യം. കേസ് പിന്‍വലിക്കല്‍ അടക്കമുള്ള ഒത്തുതീര്‍പ്പ് സംബന്ധിച്ച് അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷമേ എന്തെങ്കിലും പറയാനാകൂവെന്ന് ഇന്നസെന്റ് വ്യക്തമാക്കി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam